Breaking News

Trending right now:
Description
 
Feb 23, 2013

പി ജെ കുര്യന്‍ മാറി നില്‌ക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ രാഷ്ട്രപതിക്ക്‌ ബിജിമോള്‍ കത്തയച്ചു

image
ബഹുമാനപ്പെട്ട രാഷ്ട്രപതി,

അങ്ങ്‌ പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗം ആദ്യാവസാനം സശ്രദ്ധം കേള്‍ക്കാന്‍ എനിക്ക്‌ അവസരം ഉണ്ടായി. അങ്ങയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ ചൂണ്ടികാട്ടിയപ്പോലെ സ്‌ത്രീപീഡനത്തിനെതിരെ കടുത്ത നിയമം കൊണ്ടുവരേണ്ടതുണ്ട്‌. ലൈംഗിക അതിക്രമക്കേസുകള്‍ നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും വേണം.

ദിനം പ്രതി വര്‍ധിച്ചുവരുന്ന പീഡനക്കഥകള്‍ സ്‌ത്രീകളില്‍ ഭയവും അരാചകത്വവും ജനിപ്പിക്കുന്നു. പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന്‌ സാധാരണ സ്‌ത്രീകള്‍ക്ക്‌ ഇന്നറിയില്ല. കാരണം, ഇന്ത്യയിലെ പകുതിയിലേറെ വരുന്ന സ്‌ത്രീകള്‍ നിലവിലുള്ള ഭരണ വ്യവസ്ഥയില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ നീതി കിട്ടില്ലെന്നാണ്‌ വിശ്വസിക്കുന്നത്‌. അതിക്രൂരമായ ഒറ്റപ്പെടലുകളും പരിഹാസവും ഏറ്റുവാങ്ങി സമൂഹ മധ്യത്തില്‍ ജീവച്ഛവങ്ങളായി ജീവിക്കേണ്ട അവസ്ഥയാണ്‌ ഇന്നിവിടെ. കൂടാതെ, സ്‌ത്രീ സുരക്ഷ ഉറപ്പാക്കേണ്ട പലരും സ്‌ത്രീപീഡകരാണെന്നാണ്‌ ജനം വിശ്വസിക്കുന്നത്‌.
കേന്ദ്ര സര്‍ക്കാര്‍ സ്‌ത്രീ സുരക്ഷ ശക്തമാക്കുവാന്‍ കൊണ്ടുവരുന്ന സ്‌ത്രീ സുരക്ഷ ബില്ല്‌ ചര്‍ച്ചചെയ്യേണ്ട രാജ്യസഭയുടെ ഉപാധ്യക്ഷന്‍ ശ്രീ.പിജെ കുര്യന്‍ ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനാണെന്ന വിവരം ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്‌. 

ഈ ബില്ല്‌ ചര്‍ച്ചയ്‌ക്ക്‌ എടുക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം രാജി വച്ച്‌ മാറിനില്‌ക്കണമെന്നാണ്‌ സ്‌ത്രീപക്ഷത്തു നിന്ന്‌ ചിന്തിക്കുന്നവര്‍ ആവിശ്യപ്പെടുന്നത്‌. കേസിന്റെ ഒരു ഘട്ടത്തിലും പി ജെ കുര്യന്‍ വിചാരണ നടപടികള്‍ക്ക്‌ വിധേയനായിട്ടില്ല എന്ന്‌ സുപ്രീം കോടതി നടത്തിയ നിരീക്ഷണവും ഏറെ പ്രസക്തമാണ്‌. സാധാരണ പൗരനെപ്പോലെ ഇദ്ദേഹം കോടതി നടപടികള്‍ക്ക്‌ വിധേയനായി തെറ്റുകാരനല്ലെന്ന്‌ ബോധ്യപ്പെടുത്തേണ്ടത്‌ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സേവന ചെയ്യുന്ന ഏല്ലാവരുടെയും ആവിശ്യമാണ്‌. അത്തരം ഒരു രാമ രാജഭരണത്തിന്റെ സാംസ്‌കാരിക പെരുമ പേറുന്നവരാണ്‌ നാം.

പതിനേഴ്‌ വര്‍ഷം മുമ്പ്‌ കേരളത്തിലെ ഇടുക്കി ജില്ലയിലെ സൂര്യനെല്ലി ഗ്രാമത്തിലെ ഒരു പതിനാറുകാരി പെണ്‍കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞത്‌ ഒരൂകൂട്ടം മനുഷ്യര്‍ അവളെ അതിക്രൂരമായി പീഡിപ്പിച്ചതിനെതിരെ കോടതിയില്‍ പോയതിനെ തുടര്‍ന്നാണ്‌. നീതി തേടി കോടതിയില്‍ എത്തിയ അവള്‍ക്ക്‌ ഈ കഴിഞ്ഞ പതിനേഴ്‌ വര്‍ഷമായി അനുഭവിക്കേണ്ട വന്ന യാതനകള്‍ അവര്‍ണനീയമാണ്‌.

ഇന്നും വേദനകളെ അതിജീവിച്ചും അവള്‍ നീതിക്കായി നിലവിളിക്കുകയാണ്‌. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‌ തന്നെ അപമാനമാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. കോണ്‍ഗ്രസിന്റെ സമുന്നതനേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായിരിക്കുന്ന പിജെ കുര്യന്‍, തന്നെ മന്ത്രിയായിരിക്കെ പീഡിപ്പിച്ചുവെന്നാണ്‌ കഴിഞ്ഞ പതിനേഴ്‌ വര്‍ഷമായി പെണ്‍കുട്ടി ആരോപിക്കുന്നത്‌.

സാങ്കേതികമായി കുര്യന്‍ കുറ്റക്കാരനല്ലെന്ന്‌ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ശ്രമിക്കുകയാണ്‌. എന്നാല്‍ അപമാനവും പീഡനവും സഹിച്ച്‌ മുഖവും വ്യക്തിത്വവും നഷ്ടപ്പെട്ട ഈ പെണ്‍കുട്ടിയെ അപഹസിക്കുവാനും വാക്കുകള്‍ക്കൊണ്ട്‌ ആക്രമിക്കുവാനും നമ്മുടെ സര്‍ക്കാര്‍- നീതിന്യായ വ്യവസ്ഥകള്‍ ഒന്നിക്കുന്ന അതിഹീനമായ കാഴ്‌ചയാണ്‌ കഴിഞ്ഞ കുറെ ദിവസമായി ലോകം സാക്ഷ്യം വഹിക്കുന്നത്‌. ഒരു ബാലികയ്‌ക്ക്‌ നേരിടേണ്ടി വന്ന ശാരീരിക പീഡനങ്ങളെക്കാള്‍ ക്രൂരമായ കൂട്ടമാനസിക മാനഭംഗത്തിനാണ്‌ ഇന്ന്‌ ആ പെണ്‍കുട്ടി ഇരയായി കൊണ്ടിരിക്കുന്നത്‌. തന്റെ ആരോപണം പാതി വഴിയില്‍ വിഴുങ്ങാത്ത അവളെ ബാലവേശ്യയായി ചിത്രീകരിക്കുന്നത്‌ ന്യായാധിപനും പാര്‍ലമെന്റംഗവും ചേര്‍ന്നാണ്‌.

അധികാരവും പണവും സ്വാധീനവും കേള്‍ക്കാന്‍ ആള്‍ക്കൂട്ടവുമുള്ള ഇവര്‍ തേജോവധം ചെയ്യുന്നത്‌ പേരും രൂപവും നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടിയെയാണ്‌. ഭാര്യയും അമ്മയുമാകാനുള്ള ഒരു സാധാരണ പെണ്‍കുട്ടിയുടെ ന്യായമായ ആഗ്രഹങ്ങള്‍ പോലും ഇന്ന്‌ ആ പെണ്‍കുട്ടിയ്‌ക്ക്‌ സ്വപ്‌നം കാണാനാവില്ല. ഈ അവസ്ഥ മനസിലാക്കി ഇടതു സര്‍ക്കാര്‍ കരുതലോടെ ജോലി നല്‌കി. ഈ ജോലി നഷ്ടമാക്കുവാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ക്ക്‌ പിന്നില്‍ ഈ കേസില്‍ ഉന്നതര്‍ പ്രതിസ്ഥാനത്തുണ്ടെന്ന കാരണത്താലാണ്‌.

കുറ്റാരോപിതനായ പിജെ കുര്യന്‍ ഒരിക്കല്‍ പോലും കോടതിയില്‍ വിചാരണയ്‌ക്ക്‌ വിധേയനായിട്ടില്ല.
പുതിയ സാക്ഷികളും തെളിവുകളും ഹാജരാക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ കോടതി പരിഗണിക്കേണ്ട കാര്യമാണ്‌. എന്നാല്‍ ഇത്തരം കേസില്‍ ആരോപണം വിധേയനായതു കൊണ്ട്‌ സ്‌ത്രീ സംരക്ഷണ ബില്ല്‌ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്ന രാജ്യസഭായുടെ ഉപാധ്യക്ഷസ്ഥാനത്തു നിന്ന്‌ ഇദ്ദേഹത്തെ മാറ്റി നിറുത്തുവാന്‍ തയാറാവണം. അദ്ദേഹം സ്വയം മാറിന്‌ില്‍ക്കണമെന്നാണ്‌ ഇന്ത്യന്‍ സ്‌ത്രീകള്‍ ആഗ്രഹിക്കുന്നത്‌. എന്നാല്‍ സ്‌ത്രീകള്‍ തെരുവില്‍ ഇറങ്ങി പോരാട്ടം ചെയ്‌തിട്ടും ആദ്ദേഹം സ്വയം സംരക്ഷിക്കുകയാണ്‌.
കേരളത്തില്‍ അലയടിച്ച സമരം ഇന്ന്‌ രാജ്യമാകെ പടര്‍ന്ന്‌ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്ക്‌ നീതി ലഭിക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ നടത്തിയ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന ഞാനും എന്റെ സഹപ്രവര്‍ത്തകരും പോലീസ്‌ മര്‍ദ്ദനത്തിന്റെ ഫലമായി പരുക്കേറ്റ്‌ തുടര്‍ ചികിത്സ തേടി ഇന്ന്‌ ആശുപത്രിയില്‍ ആഭയം പ്രാപിക്കേണ്ടിവന്നിരിക്കുന്നു. എനിക്ക്‌ മാത്രമല്ല ഈ ന്യായമായ ആവിശ്യം ഉന്നയിക്കുന്ന കേരളത്തിലെ എംപിമാര്‍ക്കും സ്‌ത്രീപ്രവര്‍ത്തകര്‍ക്കും ഭരണ ഭീകരതയെയാണ്‌ നേരിടേണ്ടി വരുന്നതെന്ന്‌ ഇന്നലെ ഡല്‍ഹിയും തെളിയിച്ചു. അതിനാല്‍ താങ്കള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.
കൊടുംകുറ്റവാളികളുടെ വരെ ദയാഹര്‍ജി പരിഗണിക്കുന്നു രാഷ്ട്രപതി. ഈ നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റയും കണ്ണുനീര്‍ അങ്ങ്‌ പരിഗണിക്കണം. സ്‌്‌ത്രീകളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള നിയമമില്ലാത്തതല്ല, അത്‌ ഇച്ഛാശക്തിയോടെ നടപ്പാക്കാത്തതാണ്‌ നാം നേരിടുന്ന പ്രധാന പ്രശ്‌നം.
ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ ഉള്ളവരായിരുന്നു. അതിനാല്‍ തന്നെ നീതിന്യായ വ്യവസ്ഥിതിയ്‌ക്ക്‌ അവരെ ശിക്ഷിക്കുക എളുപ്പമായിരിക്കാം. എന്നാല്‍, സമൂഹത്തിലെ ഉന്നതര്‍ പ്രതിസ്ഥാനത്ത്‌ വരുമ്പോള്‍ അവരെ കുറ്റക്കാര്‍ ആക്കുന്നില്ലയെന്നു മാത്രമല്ല പലപ്പോഴും അവരെ സംരക്ഷിക്കാന്‍ നീതിന്യായ പീഠങ്ങള്‍ വ്യഗ്രത കാട്ടുന്നതയായി തോന്നുന്നു.

ആധുനിക ഭാരതം വാക്കുകളില്‍ സ്‌ത്രീപക്ഷ നിലപാടുകളെ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ പ്രവൃത്തികൊണ്ടും അപമാനിക്കുകയും ചെയ്യുന്നുവെന്നാണ്‌ ഇന്ത്യയിലെ ഓരോ സ്‌ത്രീയുടെയും അനുഭവം. അത്ര മാത്രം അപമാനവും പീഡനവുമാണ്‌ സ്‌ത്രീകള്‍ പൊതുനിരത്ത്‌ മുതല്‍ വീടുകളില്‍ വരെ നേരിടേണ്ടി വരുന്നത്‌. നിയമം പുതിയവ കൊണ്ടുവരുന്നതിനൊപ്പം നിലവിലുള്ളവ ഉപയോഗപ്പെടുത്തി സാധാരണക്കാരന്‌ നീതി നടത്തി കൊടുക്കാന്‍ സര്‍ക്കാരിനു നീതിന്യായ വ്യവസ്ഥയ്‌ക്കും കഴിയണം. അത്തരം ഒരു പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അങ്ങയുടെ ഇടപെടല്‍ വഴി സാധ്യമാകുമെന്ന്‌ ആശിക്കുന്നു.

ഇ.എസ്‌ ബിജിമോള്‍ എംഎല്‍എ.
കേരള നിയമ സഭ