Breaking News

Trending right now:
Description
 
Feb 20, 2013

അമൃതയുടെ പുരുഷപീഡനത്തിന്റെ രാഷ്ട്രീയം

. ജിജി ഷിബു
image അമൃത എന്ന പെണ്‍കുട്ടി അസഭ്യപറഞ്ഞ പുരുഷന്‍ എന്ന്‌ അവകാശപ്പെടുന്ന നാലുപേരെ എടുത്തിട്ട്‌ പെരുമാറിയത്‌ ചാനലുകളില്‍ വാര്‍ത്തയായപ്പോള്‍ പെണ്ണിന്‌ കിട്ടിയ വീര പരിവേഷം പെട്ടെന്ന്‌ അസ്‌തമിക്കാന്‍ കാരണമെന്താണ്‌. 

കാരണം, ആര്‍ എസ്‌ എസ്‌ പ്രചാരകനായിരുന്ന മോഹന്‍ കുമാറിന്റെ മകളാണ്‌ അമൃത എന്നറിഞ്ഞതോടെ എതിര്‍ രാഷ്ട്രീയം പെണ്‍ശിങ്കങ്ങള്‍ മാളത്തിലൊളിച്ചു. പിന്നെ ഇടിച്ചത്‌ ആര്‍ എസ്‌എസുകാരി കോണ്‍ഗ്രസുകാരെ എന്നായി മാറിയോ.. അതോ ഇടതുപക്ഷ അനുഭാവികളെേേയാ. എന്തായാലും കേരളത്തില്‍ ഏത്‌ സ്‌ത്രീ സംരക്ഷണ ബില്ലുവന്നാലും സ്‌ത്രീകള്‍ക്ക്‌ രക്ഷയില്ല എന്നു തന്നെ ബോധ്യമായി. ഇനി കേന്ദ്രത്തില്‍ കൂടി വന്നാല്‍ സമാധാനമായി... പിന്നെ

സ്‌ത്രീ സംരക്ഷണ ബില്ല്‌ പാസാക്കിയ നിയമ സഭ അവസാനിക്കുന്നതിന്‌ മുമ്പ്‌ അവളെ അശ്ലീല ചുവയോടെ കമന്റ്‌ അടിച്ച പുരുഷന്മാര്‍ സാധുക്കളും അവര്‍ക്കിട്ട്‌ പൂശിയ അമൃത ക്രിമിനല്‍ കുറ്റവാളിയുമായത്‌ അവളുടെ രാഷ്ട്രീയ പശ്ചാത്തലമാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അമൃത നല്‌കിയ പരാതിയിന്‍ മേല്‍ നടപടിയെടുക്കാന്‍ യാതൊരുവിധ താല്‌പര്യവും കാണിക്കാത്ത സര്‍ക്കാര്‍ കോടതി ഉത്തരവിന്റെ മറവില്‍ പെണ്‍കുട്ടിയെ മോശക്കാരിയാക്കിയതിന്റെ രാഷ്ട്രീയം തന്നെയാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയോടും കാണിച്ചത്‌.
നിയമ വ്യവസ്ഥകള്‍ സംരക്ഷണം നല്‌കില്ലെന്ന അരാജകത്വ ബോധം സൃഷ്ടിച്ച്‌ സ്‌ത്രീകളെ കൂട്ടിലടയ്‌ക്കാന്‍ കൂട്ടു നില്‍ക്കുന്നത്‌ സ്‌ത്രീ രാഷ്ട്രീയ നേതാക്കന്മാരെ കൂട്ടുപിടിച്ചാണ്‌.
ഏതെങ്കിലും പെണ്ണ്‌ തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞാല്‍ ഞങ്ങളൊക്കെ അകത്തായി പോകത്തില്ലെയെന്നായിരുന്നു നാട്ടിലെ ശീലവതന്‍മാരായ പുരുഷന്മാരുടെ വിലാപം. പേടിക്കെണ്ട ഗൈസ്‌, അതൊക്കെ നിങ്ങളുടെ രാഷ്ട്രീയ നിലപാടും അന്നത്തെ രാഷ്ട്രീയ ചുറ്റുപാടും പോലെയിരിക്കും.
സൂര്യനെല്ലി പെണ്‍കുട്ടി കരഞ്ഞ്‌ നിലവിളിച്ച്‌ കാര്യം പറഞ്ഞപ്പോള്‍ ആരാ പ്രതിയായത്‌?
ബസന്തും സുധാകരനും വയലാര്‍രവിയും എല്ലാം ചേര്‍ന്ന്‌ ശരിക്കങ്ങ്‌ പെരുമാറി പെണ്ണിനെ അസഭ്യം നിറഞ്ഞ ആരോപണ ശരവര്‍ഷങ്ങള്‍ക്കൊണ്ട്‌ പെണ്ണിനെ മോശക്കാരിയാക്കി, മഹിള കോണ്‍ഗ്രസ്‌ നേതാവ്‌ ബിന്ദുകൃഷ്‌ണയാണ്‌ ഈ യുദ്ധത്തില്‍ മുന്നില്‍ നിന്നത്‌.
അതുകൊണ്ട്‌ നിങ്ങള്‍ ധൈര്യമായി പീഡിപ്പിച്ചോളു. വീട്ടിലോ നാട്ടിലോ എവിടെ വേണമെങ്കിലും. ബിന്ദുകൃഷ്‌ണ അതിലെ രാഷ്ട്രീയം മറന്ന്‌ പെണ്‍കുട്ടിയുടെ ഭാഗത്തു നിന്ന്‌ ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന്‌ അറിയാതെ മോഹിച്ചു പോയി.
ഇനി ഫെയ്‌സ്‌ ബുക്ക്‌ സുഹൃത്തുക്കള്‍ തരം കിട്ടിയാല്‍ അപമാനിക്കുന്ന സിന്ധു ജോയിയെ നോക്കൂ. ഉന്നതനായ നേതാവ്‌ തന്നെ അവരെ അപമാനിച്ചപ്പോള്‍ അദ്ദേഹത്തിന്‌ സ്‌തുതി പാടാന്‍ എത്തി അവരുടെ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍. പഴഞ്ചൊല്ലായിരുന്നുവത്രേ പഴഞ്ചൊല്ല്‌.
സ്‌ത്രീകളെ പുരുഷന്മാര്‍ ഉപയോഗപ്പെടുത്തുന്നു. അവരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക്‌ ബിന്ദു കൃഷ്‌ണയും ശ്രീമതി ടീച്ചറുമൊക്കെ ഇരയാവുമ്പോള്‍ അവരുടെ രാഷ്ട്രീയ പാര്‍ട്ടികളിലെ പുരുഷന്മാരെ സംരക്ഷിക്കാന്‍ അങ്ക കലി പൂണ്ട ചേകവരായി മീഡിയ യുദ്ധത്തില്‍ അണിനിരക്കുന്നത്‌ സ്‌ത്രീകള്‍ തന്നെയാണ്‌.

എന്തായാലും പെണ്ണുങ്ങള്‍ കരാട്ടെയും കളരിയുമൊക്കെ പഠിക്കണമെന്നാണ്‌ ലോകത്തെ സകലമാന പുരുഷന്മാരുടെയും ആഗ്രഹം, എന്തിനാണന്നല്ലേ...
പെണ്ണുങ്ങള്‍ കരാട്ടെയും കളരിയും പഠിച്ചാല്‍ എവിടെ നോക്കിയാലും മര്‍മ്മം കാണുമെന്നും അതുകൊണ്ട്‌ ഇടിക്കാതെ വെറുതേ അശ്ലീലകമന്റുകളും തോണ്ടലും പുരുഷന്മാരുടെ സുഖിപ്പിക്കലും തടുക്കാന്‍ മാത്രമാണ്‌ ഈ വിദ്യ ഉപയോഗിക്കേണ്ടതെന്നുമാണ്‌ ശിലവതന്‍മാരായ പല പുരുഷ കേസരികളുടെയും അഭിപ്രായം.
അതുകൊണ്ടാവും പുരുഷന്മാര്‍ ഒന്നടങ്കം അമൃതയ്‌ക്കെതിരെ തിരിഞ്ഞത്‌. അമൃതയുടെ ഇടികൊണ്ട്‌ തകര്‍ന്നത്‌ പുരുഷന്റെ ഈഗോയുടെ മൂക്കിന്റെ പാലം തന്നെയാണ്‌.