Breaking News

Trending right now:
Description
 
Feb 20, 2013

മരം വരം തന്നെ; എന്നാല്‍ അതിരു വിടരുത്‌

തോമസ്‌ മത്തായി കരിക്കംപള്ളില്‍
image തോമസ്‌ മത്തായി കരിക്കംപള്ളില്‍
പ്രസിഡന്റ്‌, 
തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ).,
ആലപ്പുഴ

ആലപ്പുഴ: പട്ടണപ്രദേശങ്ങളില്‍ അയല്‍പക്കക്കാരില്‍ അസ്വസ്ഥതയുളവാക്കുന്നതും ശല്യകരവുമായ മരങ്ങളും ശിഖരങ്ങളും സ്വമേധയാ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്റെ (ടി.ആര്‍.എ) `മരം വരം തന്നെ; എന്നാല്‍ അതിരു വിടരുത്‌' എന്ന കാമ്പയിന്‌ അനുകൂലമായ പ്രതികരണങ്ങള്‍. കഴിഞ്ഞ രണ്ടു മാസമായി നടത്തിവരുന്ന പ്രചാരണ പരിപാടിയെ അനുകൂലിച്ചു നിരവധി ആളുകള്‍ അയല്‍ക്കാര്‍ക്കു പ്രശ്‌നമായ മരങ്ങള്‍ നീക്കം ചെയ്‌തു. ഇതില്‍ മാവ്‌, തെങ്ങ്‌ തുടങ്ങിയവയുണ്ട്‌. ചിലര്‍ ആഞ്ഞിലി, തേക്ക്‌ തുടങ്ങിയ വന്‍വൃക്ഷങ്ങളുടെ കൊമ്പ്‌ വെട്ടിയിറക്കി. മറ്റുള്ളവര്‍ അടുത്ത കാലവര്‍ഷത്തിനു മുന്‍പു തന്നെ അതിരുകളില്‍ നില്‌ക്കുന്ന മരങ്ങള്‍ നീക്കുമെന്നാണ്‌ പ്രതീക്ഷ.

ഭൂമിയുടെ നിലനില്‌പ്പിനു മരങ്ങളുടെ ആവശ്യകതയെക്കുറിച്ചു എടുത്തു പറയേണ്ടതില്ല. അതു തികച്ചും ഒരു വരം തന്നെ. എന്നാല്‍ പട്ടണപ്രദേശങ്ങളില്‍ കുറഞ്ഞ സ്ഥലത്തു വീടുവച്ചു താമസിക്കുന്നവര്‍ക്കു അന്യരുടെ വക മരങ്ങള്‍ പലപ്പോഴും തലവേദനയുണ്ടാക്കുന്നുണ്ടെന്നുള്ളതു മറ്റൊരു കാര്യം. മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിനോടൊപ്പം ആവശ്യങ്ങള്‍ക്ക്‌ അതു ഉപയോഗിക്കുകയും അപകടകരമായി നില്‌ക്കുന്നവ നീക്കം ചെയ്യുകയും വേണം. ഇക്കാര്യം പരിസ്ഥിതി വാദത്തിന്റെ പേരില്‍ എതിര്‍ക്കുന്നതില്‍ കഴമ്പില്ലെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ ലൈനുകളില്‍ സ്‌പര്‍ശിച്ചു നില്‌ക്കുന്ന ശിഖരങ്ങളും കേടുപിടിച്ചും ഉണങ്ങിയും നില്‌ക്കുന്ന മരങ്ങളും വെട്ടി അപകടം ഒഴിവാക്കാന്‍ അധികൃതരും അമാന്തം കാട്ടരുത്‌. അതിനു ആരുടേയും രേഖാമൂലമുള്ള പരാതിക്കായും കാത്തിരിക്കരുത്‌. പ്രത്യേകിച്ചു പുറമ്പോക്കുകളില്‍ നില്‌ക്കുന്നവ.

മനുഷ്യര്‍ക്ക്‌ അനുഗ്രഹമായ മരങ്ങള്‍ ഇങ്ങനെ പട്ടണത്തില്‍ പലയിടത്തും അസ്വസ്ഥതയുളവാക്കും വിധം നില്‌ക്കുകയോ വളര്‍ത്തിവലുതാക്കുകയോ ചെയ്യുന്നുണ്ട്‌. അവ ഉടനേ നീക്കം ചെയ്യുകയാണ്‌ വേണ്ടത്‌. എല്ലാ പ്രശ്‌നങ്ങള്‍ക്കും രമ്യമായ പരിഹാരങ്ങളാണ്‌ വേണ്ടത്‌. അത്‌ ആരും നിര്‍ബന്ധിക്കാതെയാണെങ്കില്‍ എത്ര നല്ലതെന്നാണ്‌ `മരം വരം തന്നെ; എന്നാല്‍ അതിരു വിടരുത്‌' കാമ്പയിന്‍ മുന്നോട്ടുവയ്‌ക്കുന്ന ആശയം.

അയല്‍പക്കത്തോട്ടു ചെരിഞ്ഞു നില്‌ക്കുന്ന മരങ്ങള്‍ക്കു പിന്നിലെ നിയമത്തെക്കുറിച്ചും ഇതിനോടൊപ്പം ടി.ആര്‍.എ ബോധവത്‌കരണം നടത്തുന്നുണ്ട്‌.

എല്ലാവരുടേയും പുരയിടങ്ങളില്‍ അവരവര്‍ക്കു കൃഷി ചെയ്യാം. മരങ്ങള്‍ വളര്‍ത്താം. അതിനുള്ള സൂര്യപ്രകാശം ലഭ്യമാകണം. എന്നാല്‍ അയല്‍പക്കത്തു നിന്നുള്ള വൃക്ഷങ്ങളും അതിലെ ഇലകളും തടസ്സം സൃഷ്ടിക്കരുത്‌.

ഒരു വസ്‌തുവില്‍ നില്‌ക്കുന്ന മരങ്ങളുടെ ഭാഗങ്ങളോ ശിഖരങ്ങളോ അയല്‍വസ്‌തുവിലേക്കു കടന്നു ചെല്ലുന്നത്‌ നിയമം അനുവദിക്കുന്നില്ല.

അയല്‍വസ്‌തുവിന്റെ അനുഭവസൗകര്യത്തെ ബാധിക്കുന്ന വൃക്ഷങ്ങളുടെ ശാഖകളും മറ്റും വെട്ടിമാറ്റി ശല്യം ഒഴിവാക്കാന്‍ അപ്രകാരമുള്ള വൃക്ഷങ്ങള്‍ നില്‌ക്കുന്ന വസ്‌തുവിന്റെ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്‌.

അതിരിനോട്‌ ചേര്‍ത്തു വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്നു പറയാന്‍ അയല്‍വസ്‌തു ഉടമസ്ഥനു അവകാശമില്ലെങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതായിരിക്കും ഉചിതം.

വസ്‌തുവിലേക്കു ചാഞ്ഞു കിടക്കുന്ന അന്യ ശിഖരങ്ങള്‍ തന്റെ വസ്‌തുവില്‍ നിന്നു കൊണ്ടുതന്നെ വെട്ടിമാറ്റാമെങ്കില്‍ അതിനു നിയമസ്വാതന്ത്ര്യമുണ്ട്‌.

അടുത്ത വസ്‌തുവിലേക്കു ചാഞ്ഞുനില്‌ക്കുകയും ആ വസ്‌തുവിലേക്കു കാഫലമുള്ള തെങ്ങില്‍ നിന്നോ മാവില്‍ നിന്നോ തേങ്ങയോ മാങ്ങയോ വീഴുകയും ചെയ്‌താല്‍ അതെടുക്കുന്നതിനു പോലും അയല്‍വസ്‌തു ഉടമസ്ഥന്റെ അനുവാദം വേണം. അല്ലെങ്കില്‍ കൈയേറ്റമാകും.

ശല്യമായ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതുകൊണ്ടു മാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ സിവില്‍ കോടതിയില്‍ കേസ്‌ കൊടുക്കാം. നഷ്ടപരിഹാരവും ആവശ്യപ്പെടാം. മരം ഉപദ്രവകരമാണെന്നു കോടതിക്കു ബോധ്യപ്പെട്ടാല്‍ മരമോ ശാഖയോ വെട്ടിമാറ്റാന്‍ കോടതിക്കു ഉത്തരവിടാം.

മരം വച്ചുപിടിപ്പിച്ചതു തന്നെ ആകണമെന്നില്ല. സ്വയം വളര്‍ന്നു വരുന്ന വൃക്ഷങ്ങളെ സംബന്ധിച്ചും നിയമങ്ങള്‍ ബാധകം.

ആളുകളുടെ ജീവനും സ്വത്തിനും അപകടകരമായി നില്‌ക്കുന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ (കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത്‌) സമീപിക്കാം. ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഭാഗമോ ഫലങ്ങളോ അയല്‍വസ്‌തുവിലേക്കു വീഴാനും തന്മൂലം ഏതെങ്കിലും ആളിനോ എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്നു ബോധ്യപ്പെട്ടാല്‍ പഞ്ചായത്ത്‌ ആക്ട്‌ 238-ാം വകുപ്പ്‌, മുനിസിപ്പാലിറ്റി ആക്ട്‌ 412-ാം വകുപ്പ്‌ എന്നിവ അനുസരിച്ച്‌ വൃക്ഷം ഉറപ്പിച്ചു നിര്‍ത്തുകയോ മുറിച്ചു മാറ്റുകയോ ചെയ്യുന്നതിനു സെക്രട്ടറിക്കു അധികാരം.

അപകടകരമായി നില്‌ക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തില്‍ പെട്ടെന്നു ശല്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും അധികാരം.