Breaking News

Trending right now:
Description
 
Feb 19, 2013

കേരളത്തില്‍ മാലിന്യം സംസ്‌കരണം ഇങ്ങനെ, വിഷപുക ശ്വസിക്കാന്‍ ജനം

image
കേരളത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ അതിരൂക്ഷമായി കഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങളിലെ നാല്‍കവലകള്‍ മുതല്‍ മെട്രോ നഗരങ്ങള്‍ വരെ മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ പുകയുകയാണ്‌. വിളപ്പിന്‍ശാലയാണ്‌ ഈ വിഷയത്തില്‍ ആദ്യമായി രംഗത്ത്‌ എത്തിയത്‌. യഥാര്‍ത്ഥത്തില്‍ കേരളം പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ സംഭരണശാലകളായി മാറുന്ന കാഴ്‌ച അതിവിദൂരതയില്‍ അല്ല.

ചര്‍ച്ച.....ചര്‍ച്ച പ്രയോജനം ആര്‍ക്ക്‌?
ബ്രഹ്മപുരം മാലിന്യപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്ന്‌ മൂന്നു മണിക്ക്‌ മന്ത്രി മഞ്ഞളാം കുഴി അലിയുടെ നേതൃത്തില്‍ ചര്‍ച്ച. വിളപ്പിന്‍ശാലയിലും ഇത്തരം ഒരു ചര്‍ച്ച നടന്നിരുന്നു. പ്രശ്‌നം പഠിച്ചു തീര്‍ന്നോ എന്നറിയില്ല. ചാലയിലെ മാലിന്യസംസ്‌കരണ പ്ലാന്റും സഞ്ചരിക്കുന്ന പ്ലാന്റും എവിടെ. പണി ഇതാ ഇപ്പോള്‍ തീരും.

വിളപ്പിന്‍ ശാല കെട്ടടങ്ങിയോ...?

വിളപ്പില്‍ശാല മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ പേരില്‍കോണ്‍ഗ്രസ്‌ പഞ്ചായത്ത്‌ ഭരണസമിതിയും തിരുവനന്തപുരം മേയറും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഈ വിഷയം രാഷ്ട്രീയമായി കണ്ടവരുണ്ട്‌. നഗരത്തില്‍ മാലിന്യപ്രശ്‌നം പരഹരിക്കാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത്‌ കോടികളാണ്‌. എന്നാല്‍ ഈ പണം ഫലപ്രദമായി ചിലവഴിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. വിളപ്പിന്‍ശാല വിഷയം രൂക്ഷമായതോടെ രണ്ട്‌ കോടി 19 ലക്ഷം രൂപ മുടക്കി മൊബൈല്‍ ഇന്‍സിനേറ്റര്‍ വാങ്ങി ഒരു വര്‍ഷമായി ഇഞ്ചയ്‌ക്കലില്‍ സര്‍ക്കാര്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്‌. ഒരു വര്‍ഷമായി പ്രശ്‌നം പഠിക്കുമെന്ന്‌ പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഇനി ഈ യന്ത്രം പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും രണ്ട്‌ വര്‍ഷത്തേയ്‌ക്ക്‌ 96 ലക്ഷം രൂപ മെയിന്റയിന്‍സ്‌ ചാര്‍ജായി നല്‌കണമെന്നാണ്‌ ഗുജറാത്തിലെ ചിന്ത സെയില്‍സ്‌ കമ്പനിയുമായുള്ള ധാരണ. സര്‍ക്കാര്‍ കാര്യം മുറപോലെ

ബ്രഹ്മപൂരം പുകയുന്നു

കഴിഞ്ഞ വെള്ളിയാഴ്‌ച കോണ്‍ഗ്രസിന്റെ എംഎല്‍എ വി.പി സജീന്ദ്രന്‍ നിയമസഭയില്‍ ബ്രഹ്മപുരം മാലിന്യവിഷയത്തില്‍ അടിയന്തര നടപടി ആവിശ്യപ്പെട്ട്‌ സബ്‌മിഷന്‍ കൊണ്ടുവന്നു. എന്തായാലും എംഎല്‍എ നാട്ടില്‍ തിരിച്ചെത്തുന്നതിന്‌ മുമ്പ്‌ കോര്‍പറേഷന്‍ വിഷയം പരിഹരിച്ചു. പതിനഞ്ച്‌ ഏക്കര്‍ വിസ്‌തൃതിയുള്ള ബ്രഹ്മപൂരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ പത്തോളം ഭാഗങ്ങളിലായി വന്‍തീപിടുത്തം. വിഷപുക ശ്വസിച്ച്‌ ജനം പരക്കം പായുമ്പോള്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടോണി ചിമ്മണി വീണ വായിക്കുകയായിരുന്നുവെന്ന്‌ ജനം പറഞ്ഞാല്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ. ഇവിടെ മാലിന്യസംസ്‌കരണശാലയിലേയ്‌ക്ക്‌ മണ്ണടിക്കാന്‍ അഞ്ചരകോടിയുടെ കരാര്‍ കോര്‍പറേഷന്‍ നല്‌കിയിട്ടുണ്ടെന്നും അതിലെ കമ്മീഷന്‍ മോഹമാണ്‌ മാലിന്യപ്രശ്‌നത്തെ ഇത്തരത്തില്‍ പരിഹരിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ പറയുന്നത്‌ മറ്റാരുമല്ല കോണ്‍ഗ്രസ്‌ എംഎല്‍എ തന്നെയാണെന്ന്‌ ഓര്‍ക്കണം. സംരക്ഷണ ഭിത്തിയില്ലാതെ നദിയിലേയ്‌ക്ക്‌ മാലിന്യം ഒലിച്ചിറങ്ങുന്നു. ഈച്ചയും കൊതുകും രോഗം പരത്തുന്നു. 

ഭൂരിപക്ഷത്തിന്റെ മാലിന്യം ചുമക്കാന്‍ വിധിക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ നീതി നടപ്പാക്കേണ്ടത്‌ സര്‍ക്കാര്‍ പണം കൃത്യമായും പരിഷ്‌കൃതമായി ഉപയോഗപ്പെടുത്തിയുമാണ്‌.
എന്നാല്‍ ഈ നീതി ജനത്തിന്‌ കിട്ടാത്തതിനാല്‍ അവര്‍ തെരുവില്‍ പ്രതിഷേധിക്കുന്നു. എന്നിട്ടും ദുര്‍ഗന്ധം മൂക്ക്‌ തുളച്ചുകയറിയിട്ടും പ്രതികരിക്കാന്‍ സാധിക്കാത്തത്‌ സര്‍ക്കാരുകള്‍ക്ക്‌ മാത്രം.