Breaking News

Trending right now:
Description
 
Feb 19, 2013

ശരിയാ ഇത്‌ ശനി തന്നെയാ...അച്ചായന്‍മാര്‍ക്ക്‌ മാത്രമല്ല നാട്ടുകാര്‍ക്കും

image കണ്ടകശനി കൊണ്ടേ പോകുവെന്നാണ്‌ പ്രമാണം. 13 എന്ന ശനിയന്‍ വര്‍ഷം കൂടി ആയാലോ? ഇതല്ല ഇതിനപ്പുറവും സംഭവിക്കും. അറിയണമെങ്കില്‍ കേരളത്തിലേക്ക്‌ നോക്കിയാല്‍ മതി. നമ്മുടെ പിസി ജോര്‍ജ്‌ കണ്ടകശനിയാണല്ലോ എന്നു കരുതി ശനിയന്‍ ദേവനെയും പൂജിച്ച്‌ ചുമ്മാ മിണ്ടാതിരിക്കുമ്പോള്‍ നമ്മുടെ ചാനലുകാര്‍ വിളിച്ച്‌ ഓരോ വര്‍ത്തമാനങ്ങള്‍ പറയും. ഇത്‌ കേള്‍ക്കുമ്പോള്‍ ശനിയുടെ അപഹാരമാണല്ലോ തനിക്കെന്ന കാര്യം ജോര്‍ജ്ജ്‌ അച്ചായന്‍ മറന്ന്‌ നാവില്‍ ഗുളികന്‍ വിളയാടും. അതോടെ ശനിമാത്രമല്ല ഞായറും തിങ്കളുമൊക്കെയായി ചാനലുകാര്‍ക്ക്‌ കുശാല്‍.
 
ഇനി മറ്റൊരു അച്ചായന്‍ കുര്യച്ചായന്റെ കാര്യം നോക്കൂ, ആറെഴു കൊല്ലമായി ഒരു വര്‍ത്തമാനവും ഇല്ലാതിരുന്ന സൂര്യനെല്ലി പെണ്ണ്‌ കരുത്ത്‌ ആര്‍ജ്ജിച്ചത്‌ എന്തുകൊണ്ടാണ്‌? ശനി ദോഷംകൊണ്ട്‌ എന്നല്ലാതെ എന്തു പറയാന്‍. കുര്യച്ചന്റെ സമയം മാത്രമല്ല കുര്യച്ചായനെ സഹായിക്കാന്‍ ഇറങ്ങുന്നവരുടെ സമയവും ശരിയല്ലെന്നാണ്‌ മാര്‍ത്തോമാസഭയുടെ കുഞ്ഞാടിനു വേണ്ടി പ്രാര്‍ത്ഥിച്ച്‌ പണിക്കര്‍ കവടി നിരത്തി പ്രവചിച്ചത്‌.

 
ഏതു പ്രശ്‌നത്തിനും പൂജയും വഴിപാടും ശാപമോക്ഷവും നല്‌കുന്ന നാടാണ്‌ നമ്മുടേത്‌. അതുകൊണ്ടാവാം ശത്രുസംഹാര പൂജയുടെ ഫലമായാണെന്ന്‌ തോന്നുന്നു കുമളി-കോട്ടയം റൂട്ടിലെ ഓരോ മൈല്‍ക്കുറ്റിയും എണീറ്റുനിന്ന്‌ സാക്ഷി പറഞ്ഞിട്ടും കുര്യച്ചന്‌ കാര്യമായി ഏശുന്നില്ല. കുര്യന്‍ പെണ്ണുവിഷയത്തില്‍ കുറ്റാരോപിതനായത്‌ ശനിയന്‍ കാരണമാണെന്ന്‌ നാട്ടുകാര്‍ക്ക്‌ മനസിലായില്ലെങ്കിലും സോണിയാ ഗാന്ധിക്കും ബിന്ദുകൃഷ്‌ണയ്‌ക്കും മനസിലായിട്ടുണ്ടായിരുന്നു.

അപ്പോള്‍ കുര്യച്ചായനെ മറ്റൊരു ശനിയന്‍ സഹായിക്കാന്‍ എത്തി. സാക്ഷാല്‍ സുധാകര്‍ജി. കയ്യില്‍ കൊയ്‌ത്ത്‌ അരിവാളും ഏന്തിവരുന്നവര്‍പോലും സുധാകര്‍ജിയുടെ നാവിന്റെ മൂര്‍ച്ചയില്‍ താഴെ പോകാറാണ്‌ പതിവ്‌. ഇത്തവണ ഇര പാവമൊരു പെണ്ണാണ്‌. "എടാ പെഴയാ അവള്‍" എന്ന്‌ നാട്ടുകാര്‍ കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞുവത്രേ. സിപിഎമ്മുകാരെ ഒതുക്കിയ സുധാകര്‍ജിയുടെ വാക്ക്‌ ഇത്തവണ കേള്‍ക്കാതെ പോയത്‌ താക്കോല്‍ ചെന്നിത്തല മാത്രമാണ്‌. സോണിയ വരെ സുധാകര്‍ജിയെ തള്ളി പറഞ്ഞുവത്രേ. അങ്ങനെ സംഭവിക്കണമെങ്കില്‍ ശനിയുടെ അപഹാരം എത്രയാണെന്ന്‌ ഓര്‍ക്കണം.

 
എന്തായാലും ഈ ശനിയന്‍ അത്ര പെട്ടെന്ന്‌ പോകുമെന്ന്‌ തോന്നുന്നില്ല സുധാകര്‍ജി... ഒരു രക്തപുഷ്‌പാഞ്‌ജലി കഴിപ്പിച്ചാലോ...

പണിക്കരുടെ പൂജ പരാജയപ്പെട്ടിടത്താണ്‌ മാവോയിസ്‌റ്റുകളെ ഇറക്കി ശനിയനെ ഓടിക്കാന്‍ ശിക്കാരി തിരുവഞ്ചൂരിന്‌ ബുദ്ധി തോന്നിയത്‌. "അയ്യോ പോയെ, മാവോയ്‌സ്‌റ്റുകള്‍ കൊണ്ടുപോയെ" എന്നൊരലര്‍ച്ച. ചാനലുകാര്‍ ലൈവിന്‌ ഓടുമെന്നും അപ്പോള്‍ കൂട്‌ തുറന്നു വിടുമെന്നും ഓടി രക്ഷപ്പെട്ടോണെ എന്നുമാണ്‌ കുര്യച്ചായനോട്‌ ശിക്കാരി തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത്‌. പക്ഷേ ആ ശനിയന്‍ സുധാകരന്റെ നാവിലെ ഗുളികന്‍ എല്ലാം തുലച്ചില്ലേ.

സൂര്യനെല്ലി സൂത്രധാരകന്‍ ധര്‍മ്മരാജന്‍ വരെ ഹീറോ ആയത്‌ ശനികാരണമല്ലാതെ മറ്റൊന്നുമല്ല.

എന്റെ കയ്യില്‍ താക്കോലുണ്ട്‌. പൂട്ട്‌ എവിടെ" എന്ന്‌ കരഞ്ഞു നിലവിളിച്ചു നടന്ന ഒരു നായരെ ആരെങ്കിലും കണ്ടാല്‍ അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കണേ....ശനിയന്‍ അപഹരിച്ചോ എന്തോ...?

എന്തായാലും സൂര്യനെല്ലി വിഷയം കത്തിയതോടെ ആ നായരുടെ പൊടി പോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ എന്തോ സാമുദായിക ലഹള ഉണ്ടാക്കുമെന്നല്ലേ പാവം ഉമ്മച്ചനെ കക്ഷി പറഞ്ഞുവിരട്ടിയത്‌. കുറച്ച്‌ ദിവസത്തേയ്‌ക്ക്‌ ഫോട്ടോ പത്രത്തില്‍ വരാത്തതാണ്‌ നല്ലത്‌. ഒരേ മുഖഛായയുള്ള ഏഴുപേര്‍ ഭൂമിയില്‍ ഉണ്ടെന്നാണ്‌ നായരെപ്പറ്റി നാട്ടുകാര്‍ പറയുന്നത്‌. അപ്പോള്‍ ഒന്നു സൂക്ഷിച്ചോ... ഒന്നാമത്‌ കുര്യച്ചായന്‍ അവിടെ വന്നിരുന്നുവെന്ന്‌ പറഞ്ഞതാണ്‌. മുഖ്യനെ താഴെയിറക്കാന്‍ താക്കോലും പിടിച്ചുവന്ന നായര്‍സാബും ചുമ്മാ അതുവഴി വന്ന്‌ നായരെ സഹായിക്കാന്‍ ഇറങ്ങിയ കുര്യച്ചായനും ശനിയുടെ പിടിയിലായി. അപ്പോള്‍ ഭൂരിപക്ഷ സമുദായവും ശനിയുടെ കുഴപ്പത്തിലാണ്‌.. കണ്ടോ ഏത്‌ ശനിയും ചോദിച്ച്‌ വാങ്ങുന്ന നടേശന്‍ മുതലാളി വരെ മിണ്ടാതിരിക്കുന്നത്‌.
 
അതിവേഗം ബഹുദൂരം ഓടാന്‍ എത്തിയ നമ്മുടെ മുഖ്യന്റെ അവസ്ഥ നാട്ടുകാരൂടേതിനെക്കാള്‍ മോശമാണ്‌. ഉള്ള ചില്ല്യാനം മുഴുവന്‍ പെറുക്കി അധികാരത്തില്‍ കയറിയ ഉടന്‍ നാട്ടുകാര്‍ക്ക്‌ അതിവേഗം കൊടുത്തു തീര്‍ത്തു. ഇപ്പം കടമെടുത്താണ്‌ നിത്യചിലവ്‌ നടത്തുന്നത്‌. റോഡും കുളവുമൊക്ക കുത്താനാണെന്ന്‌ പറഞ്ഞ്‌ കടം മേടിച്ച പൈസയാണെന്നാണ്‌ പറയുന്നത്‌. അല്ലെങ്കിലും നമ്മുക്ക്‌ അറിയരുതോ കപ്പകൃഷി ചെയ്യാന്‍ നമ്മള്‍ വായ്‌പയെടുത്താല്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌. ഇതൊക്കെ മാറും. ശനിയാണ്‌ കാരണം.

ഇനി നാട്ടുകാര്‍ക്ക്‌ അറിയേണ്ടത്‌ ഇത്രമാത്രം. താക്കോല്‍ ചെന്നിത്തലയ്‌ക്കാണോ ഉമ്മച്ചനാണോ നാട്ടുകാര്‍ക്കാണോ ശനിയുടെ ദോഷം കൂടുതല്‍?