Breaking News

Trending right now:
Description
 
Feb 18, 2013

അമ്മ നല്‌കാം പൊന്നോമനയ്‌ക്ക്‌ വൃക്ക, പക്ഷേ......... കടക്കെണിയിലായ കുടുംബം ചികിത്സ സഹായം തേടുന്നു

image പന്തളം: ദിവ്യയ്‌ക്ക്‌ കൊതിയാണ്‌, ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ണുനിറയെ കണ്ടുകൊണ്ട്‌ ഇങ്ങ്‌ ഭൂമിയില്‍ നില്‌ക്കാന്‍. പിന്നെ പൂമ്പാറ്റയായി, കുയില്‍ നാദമായി, കാട്ടരുവിയായി... അങ്ങനെ നൂറുകൂട്ടം ഇഷ്ടങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുമ്പോഴും ഈ പത്തുവയസ്സുകാരിയുടെ കണ്ണും നിറയും. കാരണം രണ്ടു വൃക്കകളും തകരാറിലായ ഈ കുട്ടി പെരിട്ടോണിയല്‍ ഡയാലിസിലൂടെയാണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്‌.

ശാസ്‌താംകോട്ട ഐവര്‍കാല കിഴക്ക്‌ മറുമുട്ടത്ത്‌ ജി.ദിനകരന്റയും നീരജാമലയുടെയും മകള്‍ ദിവ്യ(10) എന്ന അഞ്ചാം ക്ലാസുകാരിയുടെ വൃക്ക മാറ്റിവയ്‌ക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്‌തുകഴിഞ്ഞു. അമ്മ വൃക്ക നല്‌കാന്‍ തയാറാണെങ്കിലും ഏഴുലക്ഷം രൂപയുടെ ചികിത്സാചെലവ്‌ താങ്ങാനാവാതെ ഈ കുടുംബം കുഞ്ഞിക്കണ്ണുകളുടെ പ്രതീക്ഷയ്‌ക്ക്‌ മുന്നില്‍ പതറുകയാണ്‌

വര്‍ഷങ്ങളായി വൃക്കരോഗത്തിന്‌ ചികിത്സയില്‍ ആയിരുന്ന ദിവ്യയുടെ ചികിത്സാചെലവിന്‌ മുമ്പില്‍ ഈ കുടുംബം പകച്ചു നില്‌ക്കുകയാണ്‌. കൂലിപ്പണിക്കാരനായ അച്ഛന്റെ ഏക വരുമാന മാര്‍ഗമാണ്‌ ഈ കുടുംബത്തിന്റെ ആശ്രയം. ചികിത്സാചെലവിനൊപ്പം പെരുകി വന്ന കടക്കെണിയ്‌ക്കൊപ്പം കുടുംബം ഇന്ന്‌ ജപ്‌തിഭീഷണിയിലുമാണ്‌. ലോണ്‍ എടുത്തുവെച്ച വീട്‌ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഒപ്പം ലോണ്‍ തിരിച്ചടവ്‌ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്‌ ജപ്‌തി ഭീഷണിയും. മാസങ്ങളായി ദിവ്യയ്‌ക്ക്‌ അടിയന്തരമായി വൃക്കമാറ്റി വയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‌കിയിട്ട്‌. അമ്മയുടെ വൃക്ക അനുയോജ്യമാണെന്ന്‌ ഡോക്ടര്‍മാര്‍ കണ്ടെത്തി കഴിഞ്ഞു. ഇനി ചികിത്സ ചിലവിന്‌ ഏഴുലക്ഷം കണ്ടെത്തണം. നാട്ടുകാര്‍ പണം കണ്ടെത്തുവാന്‍ സഹായഹസ്‌തമായി മുമ്പില്‍ തന്നെയുണ്ട്‌. പക്ഷേ പണം ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല.

ഒരു പൂമ്പാറ്റയായി പാറി നടക്കണമെന്നും വലിയ നര്‍ത്തകിയാകണമെന്നും അവള്‍ മോഹം പങ്കുവയ്‌ക്കുമ്പോള്‍ ഈ കുഞ്ഞിക്കണ്ണുകള്‍ ചോദിക്കുകയാണ്‌ ഒന്ന്‌ സഹായിക്കുമോ അച്ഛനെ? ഞാന്‍ പഠിച്ച്‌ മിടുക്കിയായി കഴിഞ്ഞാല്‍ അച്ഛന്റെ കടമൊക്കെ വീട്ടാം. പാവം അവള്‍ക്കറിയില്ല പെരുകി വരുന്ന കടക്കെണിയുടെ ഭാരം അച്ഛനെ ഞെരുക്കുകയാണെന്ന്‌. ദിവ്യയുടെ ചികിത്സയ്‌ക്കായി പണം അയക്കാന്‍ താല്‌പര്യമുള്ളവര്‍ ദിനകരന്റെ പേരില്‍ ശാസ്‌ത്രംകോട്ട, ഭരണിക്കാവ്‌ എസ്‌.ബി.യെിലെ അക്കൗണ്ടിലേയ്‌ക്ക്‌ പണം അയക്കാം.

അക്കൗണ്ട്‌ നമ്പര്‍: 32778374432778374496

ifsc code  SBIN0011924

ഫോണ്‍ 9447005926