Breaking News

Trending right now:
Description
 
Feb 16, 2013

ആര്യയുടെ കൂവലും അമൃതയുടെ ഇടിയും

image പെണ്‍കുട്ടികളെ സര്‍ക്കാര്‍ ശാക്തീകരിക്കുന്നത്‌ എങ്ങനെയെന്നറിയണമെങ്കില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച `മൂല്യബോധന`യാത്രയില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട്‌ തന്നെ ചോദിക്കണ്ടേ കാര്യമില്ല. ഈ പരിപാടിയില്‍ പങ്കെടുത്ത്‌ ഒറ്റയാള്‍ പ്രതിഷേധ പ്രകടനം നടത്തിയ തിരുവനന്തപുരം വനിത വിമണ്‍ കോളേജിലെ ആര്യ എന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പ്രകടനം മതിയായിരുന്നു സ്‌ത്രീശാക്തീകരണത്തിന്റെ പോക്ക്‌ അറിയാന്‍.

ഒരൊറ്റ ആര്യയുടെ കൂവല്‍ വനിതാകോളേജിന്റെ മതിലകത്തെ വിറകൊള്ളിപ്പിച്ചപ്പോള്‍ സ്‌ത്രീകള്‍ ഇത്തരം വിവരക്കേടുകള്‍ക്ക്‌ മുന്നില്‍ നിന്ന്‌ കൊടുക്കരുതെന്ന കരുത്തുറ്റ ആഹ്വാനമാണ്‌ ഈ പെണ്‍കുട്ടി ലോകത്തോട്‌ നടത്തിയത്‌. തട്ടുപൊളിപ്പന്‍ സിനിമ ഡയലോഗില്‍ പെണ്ണിന്‌ പണി തരാന്‍ പുരുഷന്‌ പത്തുമിനിട്ട്‌ മതിയെന്നും പക്ഷേ പണിയുടെ ഫലം പെണ്ണ്‌ പത്തുമാസം ചുമക്കണമെന്നും പറഞ്ഞാണ്‌ സ്റ്റുഡന്റ്‌ പോലീസ്‌ സംസ്ഥാന പരിശീലകന്‍ രജിത്‌ കുമാര്‍ മൂല്യബോധന ക്ലാസുകള്‍ നടത്തി പെണ്‍കുട്ടികളെ ശാക്തീകരിച്ചത്‌. സര്‍ക്കാര്‍ വഴിപാടിന്‌ നടത്തുന്ന ഇത്തരം ശാക്തീകരണ ക്ലാസുകള്‍ക്കായി ലക്ഷങ്ങളാണ്‌ മുടക്കുന്നത്‌.

മിടുക്കന്മാരായ പുരുഷന്മാരുടെ മുമ്പില്‍ ഏത്‌ പെണ്ണും വളയുമെന്ന്‌ പറഞ്ഞപ്പോഴാണ്‌ ആര്യ സഹിക്കെട്ട്‌ കൂവിപോയത്‌. മറ്റു കൂട്ടുകാരോട്‌ പ്രതികരിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ മടിച്ചു നിന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ കൂവല്‍ മതിയായിരുന്നു സ്‌ത്രീകളുടെ പ്രതികരണശേഷി ഉണര്‍ത്താന്‍. മണിക്കൂറുകള്‍ വിട്ട്‌ പീഡനക്കഥകള്‍ പുറത്ത്‌ വിട്ട്‌ പെണ്ണിനെ പീഢിപ്പിക്കാന്‍ പുരുഷനെ ശാക്തീകരിക്കുന്ന പുരുഷ സമൂഹത്തോട്‌ നടത്തിയ കൂവലില്‍ മുഴങ്ങി കേട്ടത്‌ ഞങ്ങള്‍ അബലകളും ചപലകളും അല്ല എന്ന ആഹ്വാനമായിരുന്നു. ബാക്കി പെണ്‍കുട്ടികള്‍ അയാളുടെ പ്രസംഗം കേട്ട്‌ കയ്യടിക്കുകയല്ലായിരുന്നോ എന്നാവും ചോദ്യം. എന്നാലും സര്‍ക്കാരിന്റെ മൂല്യവിരുദ്ധ ക്ലാസുകള്‍ കൊണ്ട്‌ പ്രയോജനം ഉണ്ടായി എന്നു തന്നെ പ്രതീക്ഷിക്കാം. ക്ഷമയുടെ നെല്ലിപ്പടി കണ്ടാലെങ്കിലും ആരുടെയെങ്കിലും പ്രതികരണ ശേഷി ഉണര്‍ത്താന്‍ സര്‍ക്കാരിന്‌ സാധിച്ചുവല്ലോ, സമാധാനിക്കാം.

അത്രയ്‌ക്കും സ്‌ത്രീവിരുദ്ധ പ്രസംഗങ്ങള്‍ നടത്തി സ്‌ത്രീകളെ ശാക്തീകരിക്കുന്ന സര്‍ക്കാര്‍ സ്‌ത്രീകളെ സംരക്ഷിക്കാന്‍ കരുത്തുറ്റ സ്‌ത്രീസംരക്ഷണനിയമം കൊണ്ടുവന്നാല്‍ അത്‌ നടപ്പിലാകുമോ എന്നറിയാന്‍ നാം കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. സ്‌ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ നടന്ന വണ്‍ മില്യണ്‍ ഡാന്‍സ്‌ പ്രോഗ്രാമില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്നു അമൃതയും കുടുംബവും. പരിപാടിയോട്‌ അനുബന്ധിച്ചുള്ള ബൈക്ക്‌ റാലിയുടെ ക്യാപ്‌റ്റനായിരുന്നു ഈ ഇരുപതുകാരി പെണ്‍കുട്ടി. അവള്‍ കരാട്ടെ പഠിച്ചത്‌ വെറുതെയായില്ല, കേരള സര്‍ക്കാര്‍ബോര്‍ഡ്‌ വച്ച കെഎല്‍-01 എഡബ്ല്യു 8650 വണ്ടിയില്‍ എത്തി സ്‌ത്രീകളെ അപമാനിക്കുന്ന ഡയലോഗുകള്‍ അടിച്ച പുരുഷനോട്‌ മാന്യമായി പെരുമാറിയിട്ടും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ പൂവാലന്മാര്‍ അടങ്ങില്ല. പോരെങ്കില്‍ അസഭ്യവര്‍ഷവും.

സഹിക്കെട്ട അമൃത തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന നാട്ടുകാരെ വിളിച്ചുകൂട്ടി. നാലംഗ സംഘത്തെ കുനിച്ച്‌ നിറുത്തി ഇടിയോട്‌ ഇടി. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച അമൃതയെ കണ്ടപ്പോഴാണ്‌ പുരുഷന്മാര്‍ക്ക്‌ തീരെ പിടിക്കാതെ പോയത്‌. അവര്‍ വൃക്തിപരമായി അമൃതയെ ആക്ഷേപിച്ചപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആത്മസുഖം മാത്രമേ വേണ്ടിയിരുന്നുള്ളൂ ഈ പൂവാലന്മാര്‍ക്ക്‌. അതോടെ പെണ്‍കരുത്തിന്റെ ചൂടറിഞ്ഞ നാല്‌ പൂവാലന്മാര്‍ നാലുവഴിക്കായി പാഞ്ഞു. പിന്നെ നാട്ടുകാര്‍ പോലീസില്‍ അറിയിച്ച്‌ പോലിസെത്തി പെണ്‍കുട്ടി പിടിച്ചുവെച്ചിരുന്ന ഒരു പൂവാലനെ കൈമാറി.

സംസ്ഥാന തലത്തില്‍ കളരി ചാമ്പ്യനും കരാട്ടെ ബ്ലാക്ക്‌ ബെല്‍ട്ടുമാണ്‌ ഇരുപതികാരിയായ അമൃത. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ഈ പെണ്‍കുട്ടി.