Breaking News

Trending right now:
Description
 
Feb 15, 2013

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെയും കോണ്‍സുലേറ്റുകളിലേയും പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം ; ഒ.ഐ.സി.സി യു.കെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചു

image മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിനു നേരേ പുറം തിരിഞ്ഞു നില്‍ക്കുന്ന ചിറ്റമ്മ നയം സ്വീകരിക്കുന്ന ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെയും ബര്‍മ്മിങ്ഹാമിലെയും എഡിന്‍ബറോയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെയും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അന്വേഷിക്കുന്നതിനു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒ.ഐ.സി.സി. യു.കെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് അഫയേഴ്സ് മിനിസ്റ്റര്‍ ശ്രീ വയലാര്‍ രവിയുടേയും അതുവഴി കേന്ദ്ര മന്ത്രി സഭയുടേയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുന്നതിനു വേണ്ടിയാണ് എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ തേടിയുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടങ്ങുന്നത്.
 
ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയും കോണ്‍സുലേറ്റുകളുടേയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തുന്നതിനു വേണ്ടി റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി അല്ലെങ്കില്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിക്കണമെന്നാണ് ഒ.ഐ.സി.സി. യു.കെ, ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിനായി ആവശ്യപ്പെടുന്നത്. മാത്രവുമല്ല റിപ്പോര്‍ട്ടില്‍ സ്ഥാനപതി ഹൈക്കമ്മീഷന്‍ / കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നിര്‍ദേശങ്ങളും ഉണ്ടാവണമെന്നും അതനുസരിച്ച് കേന്ദ്രമന്ത്രിസഭ ഉടനടി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ബ്രിട്ടണിലെ കഴിഞ്ഞ പത്ത് വര്‍ഷക്കാലം കൊണ്ട് വളരെയധികം വര്‍ദ്ധിച്ച മലയാളി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മറ്റുമായി ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന പദവികളില്‍ മലയാളി ഉദ്യോഗസ്ഥരെ ലണ്ടന്‍ ഹൈമ്മീഷനിലും ബര്‍മ്മിഗ്ഹാം / എഡിന്‍ബറോ കോണ്‍സുലേറ്റുകളില്‍ നിയമിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ഇതിനുണ്ടാവണമെന്നു ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പില്‍ , ജനകീയ വിഷയങ്ങളിലെ കാമ്പയിന്‍ ചുമതലയുള്ള ഭാരവാഹി കൂടിയായ ട്രഷറര്‍ പോള്‍സണ്‍ തോട്ടപ്പള്ളി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ദിവസവും നൂറ് കണക്കിനാളുകളാണ് ബ്രിട്ടണിലെ ഹൈക്കമ്മീഷന്‍ / കോണ്‍സുലേറ്റുകളിലായി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എത്തിച്ചേരുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു തന്നെ പറയട്ടെ പലപ്പോഴും ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ഓഫീസിലേതിനേക്കാള്‍ നിലവാരം കുറഞ്ഞ പെരുമാറ്റ രീതികളാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. പലപ്പോഴും അപേക്ഷകളുടെ സ്ഥിതി അറിയുന്നതിനായും മറ്റും ആളുകള്‍ വിളിക്കുന്ന ഫോണ്‍ കോളുകള്‍ ആരും അറ്റന്റ് ചെയ്യുക പോലുമില്ല. വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് നേരേ മോശപ്പെട്ട ഭാഷയില്‍ സംസാരിക്കുന്നതും നിസ്സാര കാര്യങ്ങള്‍ക്ക് പോലും തട്ടിക്കയറുകയും അപേക്ഷകള്‍ വലിച്ചെറിയുകയും ചെയ്യുന്ന രീതിയുമുണ്ട്. മതിയായ ട്രെയിനിങ് ലഭിക്കാത്ത നിലയിലാണ് പല സെക്ഷനിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ പെരുമാറുന്നത്. എന്തെങ്കിലും ഒരു അപേക്ഷ നല്‍കി കഴിഞ്ഞാല്‍ പലപ്പോഴും അതിന്റെ സ്ഥിതി എന്താണെന്നുള്ളത് സംബന്ധിച്ച് ആളുകള്‍ക്ക് യാതൊരു വിധത്തിലുള്ള മറുപടിയും നല്‍കാറുമില്ല. നിരവധി പരാതികള്‍ പലപ്പോഴായി ഉയര്‍ന്നിട്ടുണ്ടെങ്കിലും ആ ഒരു പ്രശ്നത്തില്‍ തീരുമാനമാകുന്നതല്ലാതെ പിന്നീട് കാര്യങ്ങള്‍ പഴയതുപോലെ തന്നെ മാറുകയാണ്.


ബ്രിട്ടണിലേതു പോലെ ഔദ്യോഗിക സംവിധാനങ്ങള്‍ വളരെ കൃത്യയോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന ആളുകള്‍ക്ക് സേവനം നല്‍കുന്നതിനായി ഉദ്ദേശിച്ചു കൊണ്ടുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റുകളും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന്റെ നിലവാരം വളരെ പരിതാപകരമാണ്. പ്രത്യേകിച്ചും പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതു പോലെയുള്ള വളരെ ഉത്തരവാദിത്വപ്പെട്ട വിഷയങ്ങളിലും. ആളുകള്‍ക്ക് യഥാസമയം ലഭിക്കേണ്ട പാസ്പോര്‍ട്ട് നഷ്ടമാകുന്നത് നിത്യസംഭവം എന്ന നിലയിലായി മാറിയിരിക്കുകയാണ്. പാസ്പോര്‍ട്ടുകളോ അപേക്ഷകളോ പരാതികളോ നഷ്ടമാകുന്നതിനു പുറമേ ഇതു സംബന്ധിച്ച് അന്വേഷണത്തിനു വേണ്ടി ആവശ്യപ്പെട്ടാലോ സമയപരിധിയ്ക്കുള്ളില്‍ മറുപടി പോലും ലഭിക്കില്ല. സ്ഥിരമായി ഇത്തരം പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഇതിനു ശാശ്വത പരിഹാരം കാണുന്നതിനു വേണ്ട യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തു നിന്നും ഇന്നേ വരെ ഉണ്ടായിട്ടില്ല. പലരും ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തി പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തെങ്കിലും ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ / കോണ്‍സുലേറ്റുകളെ സമീപിക്കുന്ന സ്ഥിതി വരുമ്പോള്‍ തന്നെ തിക്താനുഭം കൊണ്ട് ബ്രിട്ടീഷ് പൗരത്വത്തിലേയ്ക്ക് മാറുന്നതിനു ചിന്തിക്കേണ്ട അവസ്ഥയാണുള്ളത്.


ബ്രിട്ടണില്‍ ജീവിക്കുന്ന ഇന്ത്യാക്കാരുടെ ആശ്രയമെന്ന നിലയില്‍ അവര്‍ക്കുള്ള സേവനം നല്‍കുന്നതിനാണ് പ്രധാനമായും കോണ്‍സുലേറ്റുകളും ഹൈക്കമ്മീഷനും പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇത് തികച്ചും ഒരു ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ഥാപനമായി മാറിവരുകയാണ്. പലപ്പോഴായി ഉയര്‍ന്നിട്ടുള്ള പരാതികളില്‍ തീരുമാനമുണ്ടാകുന്നുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരാണ് ഓരോ വിഭാഗവും കൈകാര്യം ചെയ്യുന്നതെന്നുള്ളത് ഉറപ്പു വരുത്തണം. ജീവനക്കാരുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നതിനു ആവശ്യമുള്ള നടപടികള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണം. ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കാര്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷണം നടത്തുന്നതിനൊപ്പം തന്നെ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള പരാതികള്‍ കേള്‍ക്കുന്നതിനും കമ്മീഷന്‍ തയ്യാറാവണം. ഹൈക്കമ്മീഷന്‍ / കോണ്‍സുലേറ്റുകള്‍ക്ക് നേരേയുള്ള പരാതികള്‍ പലപ്പോഴും പുറംലോകമറിയാതെ പോകുന്നതിനു പിന്നില്‍ ചിതറിക്കിടക്കുന്ന ജനസമൂഹം ആയതിനാലാണ്. ഗൗരവമേറിയ ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെയും മന്ത്രിയുടേയും മുന്നില്‍ അവതരിപ്പിക്കുക എന്നതില്‍ ഉപരിയായി ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്തി കൂടി അധികാരികള്‍ക്ക് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് കേവലം ഒരു പരാതി എന്നതിനേക്കാള്‍ ഓണ്‍ലൈന്‍ പെറ്റീഷനുമായി ഒ.ഐ.സി.സി യു.കെ രംഗത്ത് വന്നിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി/ ഐ.എഫ്.എസ് ഓഫീസര്‍ റാങ്കിലുള്ള ഒരാളുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ആവശ്യപ്പെടുന്നത്. എല്ലാ മലയാളുകളുടേയും സഹായസഹകരണങ്ങള്‍ ഈ ഓണ്‍ലൈന്‍ പെറ്റീഷനു വേണ്ടീ ഉണ്ടാകണമെന്നു ഫ്രാന്‍സിസ് വലിയപറമ്പിലും പോള്‍സണ്‍ തോട്ടപ്പള്ളിയും അഭ്യര്‍ത്ഥിച്ചു. 

ഓണ്‍ലൈന്‍ പെറ്റീഷന്‍ ലിങ്ക്

വിശദവിവരങ്ങള്‍ക്ക്
ഫ്രാന്‍സിസ് വലിയപറമ്പില്‍
പോള്സണ്‍ തോട്ടപ്പള്ളി