Breaking News

Trending right now:
Description
 
Feb 14, 2013

പ്രണയം മഴയായി പെയ്‌തിറങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു...

ഡിനു പിഡി
image പ്രണയം മഴയായി പെയ്‌തിറങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു...
ഡിനു പിഡി
പ്രണയം എന്നും പ്രണയം തന്നെയാണ്‌. കഴിഞ്ഞ കാലത്തില്‍ പ്രണയം ഉണ്ടായിരുന്നു. ഈ കാലത്തിലും പ്രണയമുണ്ട്‌. ഇനി വരാനിരിക്കുന്ന കാലത്തിലും പ്രണയമുണ്ടയിരിക്കും. അതു പ്രകൃതി നിയമമാണ്‌. പ്രണയിക്കാന്‍ കൊതിക്കാത്ത മനുഷ്യരില്ല. എനിക്ക്‌ പ്രണയമില്ല എന്നു പറയുന്ന മനുഷ്യന്റെ ഉള്ളിലായിരിക്കും ഏറ്റവും കൂടുതല്‍ പ്രണയിക്കാന്‍ കൊതിയും ആവേശവും ഉണ്ടായിരിക്കുക. ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടായിരിക്കില്ല. അതുപോലെ കൊതി തീരെ പ്രണയിച്ചവരും. അതുകൊണ്ട്‌ തന്നെയാവാം പ്രണയം എന്നും മനുഷ്യന്റെ മനസ്സുകളിലേയ്‌ക്ക്‌ പെയ്‌തിറങ്ങിയതും.


പ്രണയ ദിനത്തിന്റെ ചരിത്രം ഇങ്ങനെയാണ്‌. ക്ലോഡിയസ്‌ ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത്‌ കത്തോലിക്ക സഭയുടെ ബിഷപ്പായിരുന്നു വാലന്റൈന്‍. യുദ്ധത്തിലും രാജ്യം വെട്ടിപിടിക്കുന്നതിലും മാത്രമായിരുന്നു ക്ലോഡിയസ്‌ ചക്രവര്‍ത്തിയുടെ ശ്രദ്ധ. കല്യാണം കഴിച്ചാല്‍ പുരുഷന്മാരുടെ യുദ്ധവീര്യം ശൗര്യവും കുറയുമെന്ന്‌ പറഞ്ഞ്‌ അദ്ദേഹം തന്റെ രാജ്യത്ത്‌ കല്യാണമേ നിരോധിച്ചു. കല്യാണ കഴിച്ച പുരുഷന്മാര്‍ക്കെല്ലാം ഭാര്യ,കുടുംബം എന്നിവയെക്കുറിച്ചുള്ള ചിന്തയായിരിക്കും. അതു തന്റ സൈനിക ശക്തിയെ ക്ഷയിപ്പിക്കുമെന്നായിരുന്നു ക്ലോഡിയസിന്റെ വിശ്വാസം. 

എന്നാല്‍ പ്രണയത്തെയും പ്രണയിനികളെയും ഇഷ്ടപ്പെട്ടിരുന്ന ബിഷപ്പ്‌ വാലന്റൈന്‍ ചക്രവര്‍ത്തിയുടെ ഈ തീരുമാനം ഇഷ്ടമായില്ല. അതുകൊണ്ട്‌ ചക്രവര്‍ത്തി അറിയാതെ തന്നെ പല വിവാഹങ്ങളും വാലന്റൈന്‍ നടത്തി കൊടുത്തു. അങ്ങനെ ബിഷപ്പ്‌ വാലന്റൈന്‍ റോമിലെ പ്രണയിനികളുടെ ഇഷ്ടതോഴനായി. പക്ഷേ വാലന്റൈന്റെ കള്ളകളി ഒരു ദിവസം ചക്രവര്‍ത്തി കണ്ടുപിടിച്ചു. തന്റെ ആജ്ഞ ധിക്കരിച്ച വാലന്റൈനെ ചക്രവര്‍ത്തി തുറുങ്കിലടക്കുകയും ചെയ്‌തു. പക്ഷേ തുറുങ്കലിലും വാലന്റൈന്‍ തന്റെ നടപടി തുടര്‍ന്നു. തുറുങ്കലില്‍ വച്ച്‌ ജയില്‍ അധികാരികളുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. വാലന്റൈനുമായുള്ള ബന്ധത്തിന്റെ ഊഷ്‌മളതയും വിശ്വാസവും മൂലം പെണ്‍കുട്ടിക്ക്‌ കാഴ്‌ച തിരിച്ചു കിട്ടി. അങ്ങനെ അനശ്വര പ്രണയത്തിന്റെ മാന്ത്രികശക്തി വാലന്റൈന്‍ ഒരിക്കല്‍കൂടി ചക്രവര്‍ത്തിക്ക്‌ തെളിയിച്ചു കൊടുത്തു.
എന്നാല്‍ ഇതുകേട്ട്‌ കലി തുള്ളിയ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ കല്‌പിച്ചു. അങ്ങനെ വാലന്റൈന്‍ പ്രണയത്തിന്റെ രക്തസാക്ഷിയായി. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കാണ്‌ ഫെബ്രുവരി 14 വാലന്റൈന്‍സ്‌ ഡേയായി ആഘോഷിച്ചു തുടങ്ങിയത്‌. അതായത്‌ പാവന പ്രണയത്തിന്റെ രക്തസാക്ഷിത്വദിനമാണ്‌ വാലന്റൈന്‍സ്‌ ഡേ.
മരണത്തിനു തൊട്ടുമുമ്പായി തന്റെ പ്രണയിനിക്കായി ഒരു സന്ദേശം വാലന്‍ൈന്‍ എഴുതിവച്ചിരുന്നു ഫ്രം യുവര്‍ വാലന്റൈന്‍ എന്ന പേരില്‍ എഴുതിയ ആ കുറിപ്പാണ്‌ പിന്നീട്‌ ഗ്രീറ്റീംങ്‌ കമ്പനികളുടെ വിലകൂടിയ ആശംസാകാര്‍ഡുകള്‍ക്ക്‌ മാതൃകയായത്‌.
ചില കൗമാരക്കാര്‍ക്കു പോലും പ്രണയത്തെക്കുറിച്ച്‌ നല്ലതും ചീത്തയുമായ അനുഭവമുണ്ട്‌. എല്ലാ പ്രണയ ദിനത്തിലും എന്നതുപോലെ ഇത്തവണയുമുണ്ട്‌ ചില റിബലുകള്‍ അവരും പക്ഷേ ഈ ദിനം ആഘോഷിക്കാറുണ്ട്‌. വാലന്റൈന്‍സ്‌ ഡേയായല്ല ആന്റിവാലന്റൈന്‍സ്‌ ഡേയായാണ്‌ ആഘോഷം എന്നു മാത്രം. എല്ലാ ആഘോഷങ്ങളും വലിയ മാര്‍ക്കറ്റാണ്‌ തുറക്കുന്നത്‌. ടാര്‍ജറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ മാത്രമേ മാറ്റം സംഭവിക്കുന്നുള്ളു. ഐഫോണും ലാപ്‌ ടോപ്പും മുതല്‍ ചെറിയ സമ്മാനങ്ങള്‍ വരെ, പോക്കറ്റുകളുടെ കനമനുസരിച്ച്‌ വാലന്റൈന്‍സ്‌ ഡേയ്‌ക്കായി വിപണയില്‍ എത്തിയത്‌.
എന്തൊക്കെ പറഞ്ഞാലും പ്രണയം എന്നും പ്രണയം തന്നെയാണ്‌. പ്രണയം എന്നാല്‍ വെറും ആണിന്‌ പെണ്ണിനോടും പെണ്ണിന്‌ ആണിനോടും തോന്നുന്ന ഒരു വികാരമല്ല, പ്രണയം പലവിധം ഉലകില്‍. മഞ്ഞിനോടും മഴയോടും പ്രകൃതിയോടും പ്രണയം ആകാം. ചിലര്‍ക്ക്‌ പ്രണയത്തോട്‌ തന്നെ പ്രണയം. വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്‌...?

അതിനാല്‍ പ്രണയത്തിന്റെ മധുരം നുകര്‍ന്നവര്‍ക്കും നുകരാന്‍ കൊതിക്കുന്നവര്‍ക്കും നുകര്‍ന്ന്‌ കൊണ്ടിരിക്കുന്നവര്‍ക്കും നഷ്ടപ്രണയത്തിന്റെ കൈപ്പുനീര്‍ കുടിച്ചവര്‍ക്കും ഇനി കുടിക്കാനിരിക്കുന്നവര്‍ക്കും ഒരു ഓര്‍മ്മ പുതുക്കലാവട്ടെ ഓരോ പ്രണയദിനവും
ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്‌ ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപ്പെടുന്നത്‌.............