Breaking News

Trending right now:
Description
 
Feb 14, 2013

ഇപ്പോള്‍ ഡിമാന്‍ഡ്‌ പ്രാക്ടിക്കല്‍ പ്രണയത്തിന്‌

പ്രണയകാലം/ ശ്രീജ നായര്‍
image ഇന്നലെ എഫ്.എം റേഡിയോയിലൂടെ കേട്ട രസകരമായ ഒരു കഥ... ഒരു നിരാശാ കാമുകന്‍റെ പരിദേവനങ്ങള്‍... കഴിഞ്ഞ രണ്ടു വര്‍ഷത്തോളം പ്രണയബദ്ധരായിരുന്നു അവനും അവളും. എന്നാല്‍ അവന്‍ അവളുടെ ഫേയ്‌സ്‌ബുക്കിലെ പുതിയ ഫോട്ടോയില്‍ ലൈക് ചെയ്തില്ല. കൂട്ടത്തില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ അവളുടെ സുഹൃത്തിന്‍റെ പോസ്റ്റില്‍ ഒരേ ഒരു പ്രാവശ്യം ലൈകും ചെയ്തു. പോരെ പൂരം... അവള്‍ അവനോടു ബൈ പറഞ്ഞു. മാത്രവുമല്ല ഇപ്പോള്‍ വേറൊരാളുമായിട്ടു ലൈനും ആണത്രേ... അവനു സഹിക്കാന്‍ പറ്റുന്നില്ലാ എന്നാണു പറയുന്നത്. എഫ്.എം.റേഡിയോയിലെ ഒരു തമാശ പ്രോഗ്രാമിന്‍റെ പ്രൊമോ ആണ് ഇതെങ്കിലും ശരിക്കും നന്നായി ചിന്തിക്കേണ്ട ഒരു വിഷയമാണ് ഇതെന്ന് എനിക്ക് തോന്നി...

പ്രണയത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ മാറിയിരിക്കുന്നു. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം അതിശയോക്തി തോന്നാമെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ഈ വഴിക്കൊക്കെ തന്നെയാണ് നീങ്ങുന്നത്‌. പ്രണയത്തിന്റെ നിറങ്ങളും ഭാവവുമൊക്കെ മാറിയിരിക്കുന്നു. ഇപ്പോള്‍ മിക്കതും ലൈനടി മാത്രമാണ്. അല്‍പ്പം നേരം പോക്കിനുള്ള വക... കഥകളിലും സിനിമകളിലുമൊക്കെ കാണുന്ന പ്രണയങ്ങള്‍ കാലഹരണപ്പെട്ടു എന്ന് തന്നെ പറയാം. കാലത്തിനനുസരിച്ച് പ്രണയവും അപ്‌ഡേറ്റഡ്‌ ആയി കഴിഞ്ഞു. ആദ്യ കാഴ്ചയിലെ പ്രണയമൊക്കെ ഇപ്പോള്‍ സിനിമകളില്‍ മാത്രം. ആദ്യ കാഴ്ചയില്‍ ഒരു ഇഷ്ടമൊക്കെ തോന്നാമെങ്കിലും പ്രാക്ടിക്കല്‍ ലവിനാണ് ഇപ്പോള്‍ ഡിമാന്റ്‌.. അല്‍പ്പം സീരിയസ് ആയ പ്രണയമാണെങ്കില്‍ ഭാവി ജീവിതം ഭദ്രമാണോ എന്ന കാര്യം രണ്ടു കൂട്ടരും ചിന്തിക്കും. അല്ലാത്തതെല്ലാം ഒരേ സമയം രണ്ടും മൂന്നും ലൈനുകള്‍ വലിക്കുന്ന സെറ്റപ്പുകള്‍ മാത്രം.

 
പ്രണയങ്ങള്‍ എന്നോട് ഷെയര്‍ ചെയ്യുന്ന ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഇവയില്‍ പലതും ട്രാജഡി ആയി കഴിഞ്ഞു... ചിലവ കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയില്‍ ഇരിക്കുന്നു. മറ്റു ചിലവ ഒളിച്ചോടാന്‍ പാകത്തിനും... എന്‍റെ അറിവില്‍ നല്ലൊരു ശതമാനവും ഇന്‍റര്‍ റിലീജിയന്‍ പ്രണയങ്ങള്‍ ആണ് എന്റെ കൂട്ടുകാരുടെത്. എന്നാലും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചില പ്രണയങ്ങള്‍ക്കും വിവാഹ രജിസ്റ്ററിലും ഞാന്‍ സാക്ഷിയായിട്ടുണ്ട്... ഇപ്പോള്‍ കുട്ടികളൊക്കെയായി ഇടയ്ക്കിടയ്ക്ക് കാണുമ്പോള്‍ പഴയ സംഭവ ബഹുലമായ ദിനങ്ങളൊക്കെ അയവിറക്കാറുമുണ്ട്. അതുപോലെ വീട്ടുകാരറിയാതെ രജിസ്റ്റര്‍ വിവാഹം കഴിച്ചിട്ട് ആരുമറിയാതെ ഡിവോഴ്സ് വാങ്ങി വേറെ വിവാഹം ചെയ്ത മിടുക്കികളും ഉണ്ട്...ഇവരൊക്കെ ആധുനിക പ്രണയത്തിന്റെ സന്തതികള്‍..

എന്നാല്‍ എന്റെ മനസ്സില്‍ പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ ഓടിവരുന്ന ചില മുഖങ്ങള്‍ ഉണ്ട്. അതിലൊന്ന് വിലാസിനി ടീച്ചറും മറ്റൊന്ന് പങ്കജം ടീച്ചറുമാണ്. വിലാസിനി ടീച്ചറെ നമുക്കെല്ലാം അറിയാം- സുകുമാര്‍ അഴിക്കോടിന്റെ പ്രണയിനി എന്ന നിലയില്‍. ടീച്ചറിന്റെ പ്രണയ ഓര്‍മകളുടെ പുസ്തകമായ "പ്രണയകാല"ത്തിലൂടെ അവരുടെ മനസ്സിലേക്ക് നമുക്കിറങ്ങി ചെല്ലാനാകും. ടീച്ചറുടെ അനുഭവത്തില്‍ അഴിക്കോട് മാഷിനോടുള്ള ആ ഒരു ഫീലിംഗ് അവരുടെ ജീവിതത്തില്‍ മറ്റാരോടും തോന്നാത്ത ഒന്നാണ്. മുന്‍ജന്മ ബന്ധം എന്നൊക്കെ പറയുന്നപോലെ...സ്വന്തമാണെന്ന തോന്നല്‍....
 
എല്ലാ പ്രണയങ്ങള്‍ക്കും ഇങ്ങനൊക്കെയുള്ള തോന്നലുകള്‍ ഉണ്ടാകും. പക്ഷെ ഒന്ന് പരാജയപ്പെട്ടാല്‍ അടുത്തയാളിനോടും ഇതൊക്കെതന്നെയാകും തോന്നുക. എന്നാല്‍ ടീച്ചറിന് മറ്റാരോടും അങ്ങനെ തോന്നിയിട്ടില്ല എന്നതിന്റെ തെളിവാണ് അവരുടെ ഒറ്റയ്ക്കുള്ള ഈ ജീവിതം... അഴിക്കോട് മാഷ് രോഗാതുരനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ടീച്ചര്‍ കാണാന്‍ പോയിരുന്ന കഥയൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. രോഗം ഭേദമായി ആശുപത്രി വിട്ടാല്‍ അദ്ദേഹം ടീച്ചറേയും ഒപ്പം കൂട്ടുമെന്നൊക്കെ അന്ന് പത്രത്താളുകളില്‍ കണ്ടിരുന്നു. അതിനര്‍ഥം ആ പ്രണയം സഫലമാക്കാത്തതില്‍ അദ്ദേഹത്തിനു കുറ്റബോധം ഉണ്ടെന്നാകുമെന്നാണല്ലോ..

പങ്കജം ടീച്ചറിന്റെ കഥയും ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയാണ്. ഒരേ സ്കൂളിലെ അധ്യാപകരായിരുന്നു ടീച്ചറും അവരുടെ പ്രണയിതാവും. രണ്ടു പേരും കുടുംബ ബാധ്യതകള്‍ ഉള്ളവര്‍.. വീട്ടിലെ മൂത്ത മക്കള്‍. അനിയന്മാരെയും അനിയത്തിമാരെയും പഠിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ളവര്‍. അവസാനം കാമുകന് കുടുംബത്തിനു വേണ്ടി സാമ്പത്തിക ഭദ്രതയുള്ള മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വന്നു. അപ്പോഴും സ്കൂളില്‍ അദ്ദേഹത്തിന്റെ സഹായിയായി ഈ ടീച്ചറുണ്ടായിരുന്നു...

അന്നൊക്കെയുള്ള പ്രണയത്തിനു മാനസിക ബന്ധത്തിന്‌ അപ്പുറമുള്ള ബന്ധങ്ങളൊന്നും ഉണ്ടാകില്ലല്ലോ. എന്നാല്‍ ഇന്ന്മാനസിക ബന്ധമില്ലെങ്കിലും ശാരീരിക ബന്ധം ഉണ്ടാകും. അതും കാലത്തിന്റെ മാറ്റങ്ങളില്‍ ഒന്ന്. ടീച്ചര്‍ വിവാഹം വേണ്ടെന്നു വച്ചു - അവര്‍ അവസാന കാലം വരെ ഒരേ സ്കൂളില്‍ ഒരുമിച്ചു പഠിപ്പിച്ചു - ജീവിച്ചു. അവരുടെ ബന്ധം എല്ലാപേര്‍ക്കും അറിയാം - എന്തുകൊണ്ട് അകന്നു എന്നും... പക്ഷെ ബന്ധത്തിലെ പവിത്രത കൊണ്ടാകും അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരും ആ ടീച്ചറിനെ അകറ്റിനിറുത്തിയില്ല. കുടുംബത്തിലെ ചടങ്ങുകള്‍ക്കെല്ലാം മുന്‍നിരയില്‍ അവരുണ്ടാകും. അവസാനം ആ സാറിന്റെ മരണത്തിനും... ശവശരീരം കിടന്ന മുറിയുടെ ഒരു മൂലയില്‍ അവര്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വന്തമാക്കലല്ല വിട്ടുകൊടുക്കലാണ് യഥാര്‍ഥ പ്രണയമെന്ന്‌ എന്നെ പഠിപ്പിച്ചത് ആ ടീച്ചറാണ്.

ഇത്തരത്തിലുള്ള ബന്ധങ്ങളൊക്കെ ഇനിയുണ്ടാകുമോ?... ഉപഭോക്തൃ സംസ്കാരത്തിന്റെയും ഗ്ലോബലൈസേഷന്റെയും ഈ കാലത്ത് ഇത്തരം പ്രണയത്തിനൊക്കെ ആര്‍ക്കാണ് നേരം. എന്നാലും ചില ആത്മാര്‍ത്ഥ പ്രണയങ്ങള്‍ കണ്ണില്‍ പെടുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഒപ്പം ടെന്‍ഷനും.

ഈ അടുത്ത കാലത്ത് ഒരു സുഹൃത്ത് പറഞ്ഞൊരു അനുഭവമുണ്ട്. അവളുടെ പ്രീഡിഗ്രി പഠനകാലത്ത്‌ കൊളേജിലെ ഒരു സുഹൃത്തിന്റെ ബാല്യകാല പ്രണയത്തെപ്പറ്റി മിക്കപ്പോഴും അവള്‍ വാചാലയാകാറുണ്ടായിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒന്നു പ്രണയിച്ചു നോക്കിയാലോ എന്ന് ആര്‍ക്കും തോന്നിപ്പോകും. എന്നാല്‍ ഈ പ്രണയിനി തന്റെ ഡിഗ്രി പഠനത്തിനു ശേഷം ജേര്‍ണലിസം പഠിക്കാന്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്ക് ചേക്കേറി... അവള്‍ കാണാനും സുന്ദരി- പഠനത്തിനും എഴുത്തിലുമൊക്കെ മിടുമിടുക്കി. ക്ലാസിലെ മിടുക്കനായ ഒരു ചെറുപ്പക്കാരനുമായി ആവശ്യത്തില്‍ കവിഞ്ഞ ഒരു സൗഹൃദം ഉടലെടുത്തു. എന്റെ സുഹൃത്ത് ഉള്‍പ്പെടെയുള്ള അവളുടെ കൂട്ടുകാര്‍ ഈ ബന്ധത്തില്‍നിന്നും അകലാന്‍ അവളെ ഉപദേശിച്ചെങ്കിലും അവള്‍ അതിനു വഴങ്ങിയില്ല. അവര്‍ തമ്മില്‍ വെറും സൗഹൃദം മാത്രമാണ് എന്ന് പറഞ്ഞ്‌ അവള്‍ ഒഴിഞ്ഞുമാറി.

 
ഒരേ സമയം രണ്ടു കാമുകന്മാര്‍. ഈ പുതിയ ആളിന് പഴയ കാമുകനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം അറിയാം. ആദ്യ ബന്ധം അവളുടെ വീട്ടുകാരെല്ലാം അംഗീകരിച്ച ബന്ധമായിരുന്നു. കോഴ്സ് കഴിയുന്നതിനുമുന്‍പേ തന്നെ അവളുടെ കല്യാണം ആദ്യകാമുകനുമായി നടന്നു. ക്ലാസ്സിലെ കാമുകനുള്‍പ്പെടെ എല്ലാവരും ആ കല്യാണത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്റെ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കാണ് തെറ്റുപറ്റിയത് എന്ന് കണക്കാക്കി. അതുകഴിഞ്ഞുള്ള കോളേജു ടൂറിലും വധൂവരന്മാര്‍ ഒരുമിച്ചാണ് പങ്കെടുത്തത് . എന്നാല്‍ അവള്‍ കോളേജിലെ കാമുകനോടൊപ്പമാണ് ബസ്സിലെ സീറ്റ് ഷെയര്‍ ചെയ്തത്. ടൂര്‍ കഴിഞ്ഞു മടങ്ങി വന്നു രണ്ടു ദിവസങ്ങള്‍ക്കകം കൊളേജിലെ കാമുകന്‍ ആത്മഹത്യ ചെയ്തു. അയാള്‍ ആത്മഹത്യാപ്രവണതയുള്ള വ്യക്തി ആയിരുന്നെന്നും എങ്ങനെ എളുപ്പത്തില്‍, വേദനയില്ലാതെ ആത്മഹത്യ ചെയ്യാം എന്നതിനെക്കുറിച്ച് കുറെ വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നുമൊക്കെ അപ്പോള്‍ കേട്ടു. എന്നാല്‍ അവളുടെ ഭര്‍ത്താവ് ടൂര്‍ കഴിഞ്ഞു വന്നശേഷം അവനെ വിളിച്ചു പറഞ്ഞത്രേ എന്റെ ഭാര്യയെ എനിക്ക് വിട്ടു തരണമെന്ന്. അതാണ്‌ ആത്മഹത്യക്കുള്ള കാരണമായി ചിലര്‍ പറഞ്ഞത്. ആരുടെ തെറ്റായാലും ഒരു പ്രണയത്തിന്റെ രക്തസാക്ഷിയായി മാറി ആ ചെറുപ്പക്കാരന്‍.

എന്റെ മനസ്സിലെ പ്രണയത്തിനു മറ്റൊരു തലത്തിലാണ് ഞാന്‍ വ്യാഖ്യാനം നല്‍കിയിരിക്കുന്നത്... പ്രണയം... അത് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. ഒപ്പം നമ്മളെ ക്രിയേറ്റീവ് ആക്കുന്നു. പ്രണയം വ്യക്തികളോടാകാം, ജോലിയോടാകാം... അങ്ങനെ എന്തിനോടുമാകാം. എന്തിനോടായാലും നമുക്കും ആരോടാണോ പ്രണയം അതിനും അതുകൊണ്ട് ഗുണമുണ്ടാകണം. പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ തയാറാകണം.

എന്നെ സംബന്ധിച്ചിടത്തോളം ജോലിയോടാണ് എനിക്ക് പ്രണയം... അതിന്റെ പെര്‍ഫെക്ഷനുവേണ്ടി ഞാന്‍ എന്തും ചെയ്യും. എന്റെ അഭിപ്രായത്തില്‍ ഓരോ പ്രണയവും ഇങ്ങനെയാകണം. നമ്മുടെ സുഖത്തിലുപരി പ്രണയിതാവിന്റെ സന്തോഷമാകണം നമുക്ക് വലുത്. വിവാഹിതരാണെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ജീവിതാവസാനം വരെ പ്രണയമുണ്ടാകണം. എന്നാലെ ആ ദാമ്പത്യം ബോര്‍ അടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോകാനാകൂ... ഈ പ്രണയം കണ്ടു വളരുന്ന മക്കള്‍ ഒരിക്കലും പുറംമോടിയിലുള്ള പ്രണയങ്ങളില്‍ പോയി കുരുങ്ങില്ല.

നല്ലൊരു നാളെയ്ക്കെന്നപോലെ നല്ലൊരു പ്രണയത്തിനായും നമുക്ക് കാത്തിരിക്കാം... സ്വാര്‍ഥ താല്പര്യങ്ങളില്ലാത്ത - കയ്യടക്കലുകളും കൈവശ ഭീഷണികളുമില്ലാത്ത നല്ലൊരു പ്രണയം...