Breaking News

Trending right now:
Description
 
Feb 13, 2013

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുള്ള നീയമം യു.എസ് സെനറ്റ് പാസ്സാക്കി

മാത്യു മൂലേച്ചേരില്‍
image വാഷിങ്ങ്ടണ്‍ : ചില വ്യവസ്ഥകളിലുള്ള ആശയവിഭാഗീയതമൂലം വീണ്ടും പാസ്സാക്കാന്‍ കഴിയാഞ്ഞതിനാല്‍ 2011 മുതല്‍ കാലഹരണപ്പെട്ട 1994ലെ കുടുംബകലഹ നീയമത്തിനു വീണ്ടും യു.എസ് സെനറ്റ്അംഗീകാരം. എങ്കില്‍ തന്നെയും ഇതുവീണ്ടും ഒരു നീയമമായി രൂപാന്തരപ്പെടുമോ എന്നുള്ളത് കണ്ടറിയണം
 
കുടുംബകലഹങ്ങളെ കുറയ്ക്കുന്നതിനും കുടുംബങ്ങളില്‍ ശാരീരികമായും ലൈംഗീകപരമായും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പരിരക്ഷണം നല്കുന്നതിനുവേണ്ടിയുമായിരുന്നു വയലന്‍സ് എഗൈന്‍സ്റ്റ് വിമന്‍ ആക്ട്‌ (VAWA) 1994-ല്‍ നടപ്പില്‍ വരുത്തിയത്.
 
എല്ലാവര്ക്കും ഈ നീയമം നടപ്പില്‍ വരുത്തുന്നതിനോട് പൊതുവേ താല്‍പ്പര്യമാണെങ്കില്‍ തന്നെയും റെഡ് ഇന്ത്യാക്കാര്‍ക്ക് മറ്റുള്ളവരെ റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ്ഗ നീയമങ്ങള്‍ക്കനുസരിച്ചു ശിക്ഷയ്ക്ക് വിധിക്കാം എന്നുള്ളതുപോലുള്ള ;ഈ നീയമത്തിലെ ചില വ്യവസ്ഥകള്‍ ഇപ്പോഴും പലര്‍ക്കും സ്വീകാര്യമല്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിഞ്ഞ പ്രാവശ്യത്തെ പ്രസിഡന്റ്‌ ഇലക്ഷനില്‍ നേരിട്ട പരാജയം ഒരു പരിധിവരെ ഇത് പാസ്സാക്കുന്നതിനു കാരണമായി എന്നുവേണം കരുതുവാന്‍. കഴിഞ്ഞ ഇലക്ഷനുകളില്‍ ന്യൂനപക്ഷത്തിന്റെയും സ്ത്രീകളുടെയും ഭൂരിപക്ഷം വോട്ടുകളും ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു ലഭിച്ചത്. അവരുടെ പിന്തുണയില്ലാതെ അടുത്തുവരുന്ന ഒരിലക്ഷനിലും വിജയം വരിക്കാന്‍ കഴിയില്ലായെന്നു നല്ലവണ്ണം മനസ്സിലാക്കിയ ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഈ നീയമത്തിനെ  അനുകൂലിക്കുകയായിരുന്നു.

 
ഇത് സെനറ്റില്‍ പാസ്സായെങ്കില്‍ തന്നെയും ഭൂരിപക്ഷം വരുന്ന ഹൌസ് റിപ്പബ്ലിക്കന്മാര്‍ക്ക് ഇതിലെ പലവ്യവസ്ഥകളോടും ഭിന്നാഭിപ്രായമുള്ളവരാണ്. പ്രത്യേകമായും ഗോത്രവര്‍ഗ്ഗാധികാരം ഇതില്‍ നിന്നും നീക്കം ചെയ്യണം എന്നുള്ളതാണ് അവരുടെ വാദം. അതിനായി അവര്‍ക്കാവുംവിധം പരിശ്രമിക്കുമെന്നു ഹൌസ് മജോറിറ്റി ലീഡര്‍ എറിക് കന്റോര്‍ പറഞ്ഞു.

 
ഇത് വീണ്ടും നീയമമായി കടന്നുവരുന്ന പക്ഷം പീഡിതര്‍ക്കുള്ള സംരക്ഷണാവശ്യങ്ങള്‍ക്കായി ഓരോ സംസ്ഥാനങ്ങള്‍ക്കും 650 മില്യന്‍ ഡോളര്‍ വീതം പ്രതിവര്‍ഷം ഫെഡറല്‍ ഗ്രാന്റായി ലഭിക്കും.