Breaking News

Trending right now:
Description
 
Feb 13, 2013

കുര്യനെ ചാപ്പകുത്താന്‍ ചാടിപ്പുറപ്പെടുന്നവര്‍ ഓര്‍ക്കാനായി ചില സാമാന്യകാര്യങ്ങള്‍

George Varghese
image കഴിഞ്ഞ കുറെ ആഴ്‌ചകളായി ടിവിയിലും ഓണ്‍ലൈനിലും മറ്റു മാധ്യമങ്ങളിലും തുടര്‍ച്ചയായി നടക്കുന്ന കൊലവെറികളും ആരോപണ പ്രത്യാരോപണങ്ങളും കണ്ടു. നിങ്ങള്‍ ഉദ്ദേശിച്ചതുപോലെ സൂര്യനെല്ലിക്കേസിലാണ്‌ ഇത്രയധികം വിഴുപ്പലക്കല്‍ നടക്കുന്നത്‌. ഏറ്റവുമൊടുവില്‍ ധര്‍മ്മരാജന്‍ എന്ന ധര്‍മ്മം തൊണ്ടുതീണ്ടാത്ത ഒരു ക്രിമിനലിന്റെ വാചകങ്ങളാണ്‌ പത്രങ്ങളില്‍ വെണ്ടയ്‌ക്കയായും ചാനലുകളില്‍ ഒരുമണിക്കൂര്‍ ചര്‍ച്ചയായും നിരക്കുന്നത്‌. പിന്നെ, ഒരു കൂട്ടം സാക്ഷികള്‍ പതിനേഴ്‌ വര്‍ഷത്തിനുശേഷം പൊട്ടിമുളയ്‌ക്കുന്നു. ഇവരെല്ലാം കൊലവിളി നടത്തുന്നത്‌ പി.ജെ. കുര്യനെതിരേയാണ്‌. ഇതിന്റെ പേരില്‍ രാജീവ്‌, സിബി മാത്യൂസ്‌ എന്നീ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേയും ചെളിവാരിയെറിയുന്നുണ്ട്‌.

ഗ്ലോബല്‍ മലയാളത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടു. സൂര്യനെല്ലി പെണ്‍കുട്ടിയുടെ ഭാഗം ന്യായീകരിക്കുന്ന ഭാഗത്ത്‌ ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍ മറ്റ്‌ മാധ്യമങ്ങളില്‍ കണ്ടില്ല. പെത്തഡിന്‍ കുത്തിവച്ച്‌ മയക്കിയ നിലയിലായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌ എന്നത്‌ മാധ്യമങ്ങളില്‍ കാര്യമായി വാര്‍ത്തയാക്കിയിട്ടില്ലെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ തികച്ചും സഹതാപം അര്‍ഹിക്കുന്ന രീതിയിലായിരിക്കണം പെണ്‍കുട്ടിയുടെ അവസ്ഥ. മാരത്തണ്‍ പീഡനത്തിലേയ്‌ക്ക്‌ പെണ്‍കുട്ടി എത്തിപ്പെട്ടത്‌ പ്രായത്തിന്റെ അറിവില്ലായ്‌മയും ചാപല്യങ്ങളുമായിരിക്കുമെന്നുതന്നെ കരുതുക.

ഇതേപോലെ തന്നെയുള്ള ആനുകൂല്യങ്ങള്‍ പി.ജെ കുര്യനും ലഭിക്കേണ്ടതല്ലേ? കുര്യനെ പ്രതിയാക്കാന്‍ ആക്രോശിക്കുന്ന ചാനലുകള്‍ നാളെ കുര്യന്‍ നിരപരാധിയെന്നു കണ്ടാല്‍ ഒരു സ്‌ക്രോളിംഗ്‌ വാര്‍ത്തയിലൂടെ പഴയകാലത്തെ തെറ്റുകളെയെല്ലാം മായിച്ചുകളഞ്ഞ്‌ അടുത്ത ചര്‍ച്ചയിലേയ്‌ക്കു നീങ്ങും. രാഷ്ട്രീയലാഭത്തിനുവേണ്ടി ഘോരഘോരം വാദിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരുടെ കഥയും ഇതുതന്നെ. വോട്ട്‌ കിട്ടാന്‍ എന്തു കള്ളക്കഥകളും എതിരാളിക്കെതിരേ ചമയ്‌ക്കാനും ഇവര്‍ക്കു മടിയുണ്ടാവില്ലെന്നതിന്‌ മലയാളികള്‍ക്കു മുന്നില്‍ എത്രയെത്ര ഉദാഹരണങ്ങളുണ്ട്‌. കുര്യന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടേ ഇല്ല എന്നു കരുതുക, അങ്ങനെയെങ്കില്‍ കുര്യനെതിരേയുള്ള ഈ കൊലവിളികളും മാധ്യമവിചാരണയും എത്രമാത്രം നിന്ദ്യമായി തള്ളിക്കളയേണ്ടതാണ്‌. ഒരാള്‍ ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയായി കണക്കാക്കരുതെന്നു പറയുന്ന മഹത്തായ നിയമവ്യവസ്ഥയാണ്‌ നമ്മുടെ നാട്ടിലും നിലനില്‍ക്കുന്നതെന്നത്‌ നമ്മുടെ മാധ്യമങ്ങള്‍ എന്തേ മറന്നുപോകുന്നു.

കുര്യനെ പ്രതിയാക്കാന്‍ വെമ്പല്‍കൊള്ളുന്നതിനു മുമ്പ്‌ ചില കാര്യങ്ങള്‍. വായനക്കാര്‍ സ്വന്തം സാമാന്യബുദ്ധിയുടെ മാത്രം പിന്‍ബലത്തില്‍ ഒന്ന്‌ ആലോചിച്ചു നോക്കൂ. കുമളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുപ്രസിദ്ധമായ ലോഡ്‌ജ്‌ ആയിരുന്നു പീഡനം നടന്ന സ്ഥലം. പെണ്‍വിഷയം അടക്കമുളള കാര്യങ്ങള്‍ പഞ്ചായത്ത്‌ കെട്ടിടത്തില്‍ നടക്കുന്നുവെന്നതു കണ്ട്‌ പൊറുതി മുട്ടി ഇത്‌ വാടകയ്‌ക്കെടുത്തയാളെ പുറത്താക്കാന്‍ പഞ്ചായത്ത്‌ തന്നെ ശ്രമിച്ചുവരവെയാണ്‌ പീഡനപരമ്പര നടക്കുന്നത്‌. (പിന്നീട്‌ ഈ കെട്ടിടം ഒഴിപ്പിച്ച്‌ പഞ്ചായത്ത്‌ ഓഫീസാക്കി മാറ്റി) ഇത്രയേറെ കുപ്രസിദ്ധമായ സ്ഥലത്ത്‌ ഒരു പെണ്‍കുട്ടിയെ താമസിപ്പിച്ചിരിക്കുന്നു എന്ന അറിവുകിട്ടി കേന്ദ്രമന്ത്രിയായ കുര്യന്‍ ഓടിയെത്തി പീഡിപ്പിച്ച്‌ അരമണിക്കൂര്‍ പോലും കാത്തുനില്‍ക്കാതെ തിരികെ തിരുവല്ലയിലെ വീട്ടിലെത്തി എന്നു പറയുന്നത്‌ ഉപ്പുതൊടാതെ വിഴുങ്ങാന്‍ കഴിയുമോ?

കുമളിയിലെത്തുമ്പോള്‍ പെണ്‍കുട്ടി ആകെ അവശനിലയിലായിരുന്നുവെന്ന്‌ ഗ്ലോബല്‍ മലയാളം പ്രസിദ്ധീകരിച്ച ഡോക്ടറുടെ വാക്കുകളില്‍നിന്ന്‌ വ്യക്തമാണ്‌. പനിയും നീരുംവന്ന്‌ നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംഭവദിവസം വൈകുന്നേരം കുര്യന്‍ ഉണ്ടായിരുന്നുവെന്നു പറയുന്ന ഇടിക്കുളയുടെ വീട്ടില്‍നിന്ന്‌ കുറഞ്ഞത്‌ 140 കിലോമീററര്‍ എങ്കിലും ദൂരമുണ്ട്‌ കുമളിയിലേയ്‌ക്ക്‌. ഈ വീട്ടില്‍ നിന്ന്‌ സ്വന്തം മന്ത്രാലയത്തിലേയ്‌ക്കാണ്‌ കുര്യന്‍ ഫോണ്‍ ചെയ്‌തത്‌ എന്നതുകൊണ്ട്‌ അവിടെയുണ്ടായിരുന്നത്‌ മറ്റൊരാളാകാന്‍ വഴിയില്ല. സംശയം നിലനില്‍ക്കുന്നത്‌ വെറും അഞ്ചുമണിക്കൂറിന്റെ പേരിലാണ്‌.

എസ്‌കോര്‍ട്ടോടെ പോലീസ്‌ വാഹനങ്ങളുടെ അകമ്പടിയോടെ പോയാല്‍പോലും ഇടുക്കിയിലെ അന്നത്തെ വളഞ്ഞുപുളഞ്ഞ ഗാട്ട്‌ റോഡിലൂടെ കുര്യന്‍ എങ്ങനെ ഇത്ര ചെറിയ സമയത്തിനുള്ളില്‍ 'പറന്നെത്തി' പീഡനം നടത്തി തിരികെ പത്തുമണിയോടെ സ്വന്തം വീട്ടിലെത്തി? മൂന്നുമൂന്നര മണിക്കൂറെങ്കിലുമില്ലാതെ ഇന്നും ഇവിടെയെത്താന്‍ കഴിയുമോ എന്ന്‌ ചാനലുകള്‍ക്ക്‌ അവരുടെ വണ്ടിയോടിച്ചു നോക്കാവുന്നതേയുള്ളൂ. ഏഴുമണിക്ക്‌ കുര്യന്‍ കുമളി ഗസ്റ്റ്‌ ഹൗസിലെത്തി എന്നാണ്‌ പെണ്‍കുട്ടി പോലീസിനു കൊടുത്തിരിക്കുന്ന മൊഴി. ഈ സമയം തന്നെയാണ്‌ കുര്യനെ പ്രതിസ്ഥാനത്തുനിന്ന്‌ ഒഴിവാക്കി നിര്‍ത്തിയതും. രാത്രി വൈകിയാണ്‌ അന്ന്‌ കുര്യന്‍ വന്നതെന്നോ പിറ്റേന്നു വരെ ഉണ്ടായിരുന്നെന്നോ പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും കുര്യന്‍ പ്രതിയാകുമായിരുന്നു. സുകുമാരന്‍ നായരുടെ മൊഴി കൃത്രിമമായി എഴുതിച്ചേര്‍ത്തതാണെന്ന്‌ ആരോപിക്കുമ്പോള്‍തന്നെ സമയത്തിലെ പൊരുത്തക്കേടിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടതല്ലേ?

കോണ്‍ഗ്രസുകാരുടെ സംസ്‌കാരം അനുസരിച്ച്‌ ഒരു എംഎല്‍എയോ എംപിയോ എന്തിന്‌ ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോലും ഒരു സ്ഥലത്തെത്തുന്നതിനുള്ള സാധ്യതയുണ്ടെന്നു കണ്ടാല്‍തന്നെ ഇരുപതു പേരെങ്കിലും അവിടെ വടിവൊത്ത ഖദറില്‍ അണിനിരന്നിട്ടുണ്ടാവും. പീഡനോദ്ദേശ്യത്തോടെ എത്തുന്ന ഒരാള്‍ വരുന്ന കാര്യം പുറത്തുപറയില്ല എന്നുതന്നെ നിരൂപിക്കാം. എങ്കിലും, വഴിയില്‍ കാണുന്നവര്‍ കുര്യനെ തിരിച്ചറിയാതെ പോകില്ലല്ലോ?

കുര്യനെ കുമളി ഗസ്‌റ്റ്‌ ഹൗസില്‍ കണ്ടുവെന്നു പറയുന്നവരുടെ മൊഴികള്‍ പല ചാനലുകളിലും കണ്ടു. ഒരാള്‍ കണ്ടത്‌ വെള്ള മാരുതിക്കാറില്‍, മറ്റൊരാള്‍ കണ്ടത്‌ കറുത്ത കാറില്‍. ധര്‍മരാജന്‍ പറയുന്നു സ്വന്തം കാറിലാണ്‌ കുര്യനെ കൊണ്ടുവന്നതെന്ന്‌. ഏതു വിശ്വസിക്കണം. ഒരേ സമയം പല അവതാരങ്ങളെടുക്കാന്‍ കഴിയുന്നയാളാണോ കുര്യന്‍. രണ്ടുവട്ടം ഇടുക്കി മണ്ഡലമാകെ കുര്യന്റെ പോസ്‌റ്ററുകള്‍ നിറഞ്ഞുനിന്നതാണ്‌. കുര്യനെ തിരിച്ചറിയാന്‍ അവിടുത്തെ വോട്ടര്‍മാര്‍ക്ക്‌ എന്തെങ്കിലും പിഴവുപറ്റുമെന്നു തോന്നുന്നില്ല.

ഈ കേസില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ കാര്യമെടുക്കൂ. സത്യസന്ധരെന്ന്‌ സര്‍വീസിലിരിക്കുന്ന കാലത്തോളം പേരുകേട്ടവരാണ്‌ രാജീവനും സിബി മാത്യൂസും. സര്‍വീസിലെ തുടക്കം മുതല്‍ പല പല കേസുകള്‍ അന്വേഷിച്ചു തെളിയിക്കാന്‍ ഇവര്‍ രണ്ടുപേരും പ്രാഗത്ഭ്യം കാണിച്ചിട്ടുണ്ട്‌. ഇവരെ ചെളിവാരിയെറിയാന്‍ ഇവരുടെ സത്‌പേരിനെ കളങ്കപ്പെടുത്താന്‍ ഒരു ഉളുപ്പും മാധ്യമങ്ങള്‍ കാണിക്കുന്നില്ലെന്നത്‌ കഷ്ടമല്ലേ?

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഇവര്‍ക്കെതിരേ തിരിയുന്നതെങ്കില്‍ മൊഴി വിശദമായി പഠിച്ചുനോക്കൂ. ആരും കുര്യനെ ബാജി എന്നു വിളിക്കുന്നതായി അറിയില്ല. ബാജി എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ്‌ പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞത്‌. ബാജി എന്നത്‌ മറ്റൊരാളാണെന്നും അയാള്‍ ഖദര്‍ ധരിക്കുന്നയാളാണെന്നും പോലീസ്‌ കണ്ടെത്തിയിരുന്നു. കുര്യന്‌ എതിരായ മൊഴികളെ പര്‍വതീകരിക്കുന്നവര്‍ എന്തുകൊണ്ട്‌ കുര്യന്‌ അനുകൂലമായ മൊഴികളെ തമസ്‌കരിക്കുന്നു? ഇത്‌ രണ്ടും തൂക്കിനോക്കി വേണ്ടേ നീതിയെന്തെന്നു കണ്ടെത്താന്‍?

ജോഷ്വ എന്ന പോലീസ്‌ ഓഫീസര്‍ സര്‍വീസില്‍ കയറിയതു മുതല്‍ പ്രതികളെ കൈകാര്യം ചെയ്യുന്നതില്‍ അതീവ സമര്‍ത്ഥനാണ്‌. കരാട്ടെ അഭ്യാസിയായ ജോഷ്വ പൊതുസ്ഥലത്ത്‌ പ്രതികളെ ഓടിച്ചുപിടിക്കുകയും ലാത്തി, അടിതട പ്രയോഗം നടത്തുകയും മറ്റും ചെയ്യുന്നതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തിട്ടുള്ള പോലീസുകാരനാണ്‌. അങ്ങനെയൊരാള്‍ ഉള്‍പ്പെട്ട ടീം അന്വേഷിച്ച കേസില്‍ എന്തുകൊണ്ട്‌ ധര്‍മ്മരാജന്‍ സത്യങ്ങളെല്ലാം വിളിച്ചുപറഞ്ഞില്ല. അന്ന്‌ കുര്യന്റെ പേരിനെക്കുറിച്ച്‌ സൂചന പോലും നല്‌കിയില്ല. "പടപടാ അടിവീഴുമ്പോള്‍ ഉള്ളതെല്ലാം വിളിച്ചുപറഞ്ഞുപോകും..." എന്നാണ്‌ കഴിഞ്ഞ ദിവസം ധര്‍മ്മരാജന്‍ പറഞ്ഞത്‌ എന്നുകൂടി ഓര്‍ക്കണം.

കേസില്‍ ശിക്ഷിക്കപ്പെട്ട ധര്‍മ്മരാജന്‌ ഊരിപ്പോകാനുള്ള വഴിയാണ്‌ കുര്യനെതിരേയുള്ള ഇപ്പോഴത്തെ ചാനല്‍ സംഭാഷണം. കൂര്‍മ്മബുദ്ധിയുളള ഏതു വക്കീലും തന്റെ കക്ഷിക്ക്‌ ഉപദേശിച്ചുകൊടുക്കുന്നത്‌ ഈ വഴിയായിരിക്കും.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക്‌ കേസില്‍ തുടക്കംമുതല്‍ സഹായം ചെയ്‌തുകൊടുത്തിരുന്ന കുടുംബസുഹൃത്തും സിപിഎം അനുഭാവിയുമായിരുന്നയാള്‍ പറയുന്നത്‌ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുമ്പോഴൊന്നും കുര്യന്‍ എന്ന പേര്‌ പെണ്‍കുട്ടി സൂചിപ്പിച്ചു പോലുമില്ലെന്നാണ്‌.

കുര്യന്റെ ചുടുരക്തം വീണുകാണണമെന്ന്‌ ആഗ്രഹിക്കുന്ന ഒത്തിരിപ്പേരുണ്ടാകും. അത്‌ കുര്യന്‍ എന്ന വ്യക്തിക്കെതിരേയാകണമെന്നുമില്ല. എതിര്‍പാളയത്തിലുള്ള പ്രമുഖര്‍ക്കെതിരേയാണ്‌ ഇത്തരം ഒരു ആരോപണം ഉണ്ടാകുന്നതെങ്കിലും കേരളത്തില്‍ ഇതേമട്ടിലാണ്‌ വിചാരണ നടക്കുക എന്നു തോന്നുന്നു. കുര്യന്‍ എന്ന വ്യക്തിക്കും രാഷ്ട്രീയക്കാരനും കുടുംബനാഥനും ഭര്‍ത്താവിനും പെണ്‍കുട്ടികളുടെ അച്ഛനും ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ച്‌ ഒട്ടും ബോധ്യമില്ലാതെ കേരളം ചര്‍ച്ചകളില്‍ ആമഗ്നരാകുകയാണ്‌. കുര്യന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കേണ്ടത്‌ നമ്മുടെ നീതിന്യായ വ്യവസ്ഥ ആണ്‌. അതുവരെ കുര്യനെ കൊടുംകുറ്റവാളിയായി ചാപ്പ കുത്തുന്നതില്‍ എന്തുണ്ട്‌ ന്യായം.