Breaking News

Trending right now:
Description
 
Feb 13, 2013

എന്റെ പ്രിയ വാലന്റൈന്‌ ഞാന്‍ നല്‌കി, മധുരം നിറച്ചൊരു സിപ്പപ്പ്‌

ജനറ്റ്‌ ബിനോയി, ph: 9495557526
image
പത്താം ക്ലാസിന്റെ വലിയ അവധിക്കാണെന്ന്‌ തോന്നുന്നു ഞാന്‍ ആദ്യമായി അവനെ കണ്ടുമുട്ടിയത്‌. നേര്‍ത്ത പുഞ്ചിരിവെട്ടംകൊണ്ട്‌ സമൃദ്ധമായ വളര്‍ന്നു ഈ കൗമാരസൗഹൃദം. പരസ്‌പരം കാണാനും കളിപറയാനും കൊതിച്ചിരുന്ന കാലത്ത്‌ ഞാന്‍ കാത്തിരുന്ന്‌ അവനൊരു സമ്മാനം നല്‌കി - നേര്‍ത്തൊരു പ്ലാസ്‌ററിക്‌ കൂട്ടില്‍ കൈവെള്ള തരിക്കുന്ന തണുപ്പും ഉള്ളിലാകെ മധുരവും നിറഞ്ഞൊരു സിപ്പപ്പ്‌. ഓര്‍മകളില്‍ ഒരിക്കലും അലിഞ്ഞു തീരാത്ത സൗഹൃദത്തിന്റെ ആദ്യോപഹാരം ആ സിപ്പപ്പായിരുന്നു. എന്റെ ഇഷ്ടം ഞാന്‍ പറയാതെ പറഞ്ഞതും ആ മഞ്ഞണിഞ്ഞ മധുരത്തിലൂടെയായിരുന്നു.

പ്രീഡിഗ്രികാലത്ത്‌ വാലന്റയിന്‍സ്‌ ഡേ എന്താണെന്നും എനിക്ക്‌ അറിയില്ലായിരുന്നു. പതുപതുത്ത കരടിക്കുട്ടിയും ഹൃദയാകൃതിയിലുള്ള വാലന്റൈന്‍സ്‌ കാര്‍ഡുകളും അന്നാര്‍ക്കും അത്ര പരിചയമില്ല. ദൂരെയുള്ള കോളേജില്‍ നിന്ന്‌ അവധിക്കാലം ആഘോഷിക്കാനുള്ള അവന്റെ ഓരോ വരവും എനിക്ക്‌ കാത്തിരുപ്പിന്റേതായി എന്നത്‌ മാത്രം ഓര്‍ക്കുന്നുണ്ട്‌.

പാലും കൊണ്ടുവരുന്ന തോമാ പാപ്പനായിരുന്നു ഞങ്ങള്‍ക്കിടയിലെ ഹംസം. പാപ്പന്‍ പോലും അക്കാര്യം ഇന്നും അറിഞ്ഞിട്ടുണ്ടാവില്ല. പ്രണയം പൊതിഞ്ഞ മധുരമാമ്പഴങ്ങള്‍ ഞാന്‍ അവനായി കൊടുത്തുവിട്ടമ്പോള്‍ അടുത്ത വര്‍ഷത്തെ അവധിക്കാലം വരെയുള്ള അകലം ഞങ്ങള്‍ക്കിടയില്‍ കുറയുകയായിരുന്നു.

പൂമണം പൊഴിക്കുന്ന ഇലഞ്ഞിച്ചുവട്ടിലിരുന്ന്‌ കാറ്റുകൊള്ളുമ്പോള്‍ കുളക്കരയിലെ തൊലിയിളകി തുടങ്ങിയ വയസന്‍ നാട്ടുമാവ്‌ പഴുത്ത മാമ്പഴമെല്ലാം പൊഴിച്ചിട്ട്‌ ഞങ്ങളെ സന്തോഷിപ്പിക്കുമായിരുന്നു.

കാലചക്രത്തിന്റെ ധൃതിയിലുള്ള കറക്കത്തിലെരിഞ്ഞ്‌ എന്റെ സ്വപ്‌നങ്ങളില്‍ മാത്രമായി പൂവിലഞ്ഞിയും നാട്ടുമാവും കുളവുമെല്ലാം. 
നീണ്ട ഇരുപത്‌ വര്‍ഷത്തെ ഇണക്കവും പിണക്കവും നിറഞ്ഞ ഇഷ്ടത്തിനിടയിലും വിരല്‍തുമ്പു തൊടാനുള്ള മോഹം പോലുമില്ലാത്ത പാവം ഞങ്ങള്‍.

ഞൊടിനേരം മാത്രം ആയുസുള്ള കൊച്ചുപിണക്കങ്ങളെ അതിജീവിച്ച്‌ സൗഹൃദത്തിന്റയും പ്രണയത്തിന്റയും ഇടയിലുള്ള നൂല്‍പാലത്തിലൂടെ ഞങ്ങളെ വളര്‍ത്തിയത്‌ നേരിന്റെ നന്മതന്നെയാണ്‌.

പലരുടെയും ബാല്യകാല ഓര്‍മകള്‍പോലെ ഞങ്ങളൊരുമിച്ച്‌ മണ്ണപ്പം ചുട്ടു കളിച്ചിട്ടില്ല, ഞങ്ങളൊരുമിച്ച്‌ സാറ്റു കളിച്ചിട്ടില്ല...എന്നിട്ടും ബാല്യകാല സുഹൃത്തുക്കളെക്കാള്‍ ഏറെയിഷ്ടം. അന്നും ഇന്നും...

കാലം പിന്നെയും മുന്നോട്ട്‌... വ്യത്യസ്‌തമായ ജീവിതസാഹചര്യങ്ങള്‍ അവനവന്റെ വഴികളിലൂടെ മുന്നേറുമ്പോള്‍ വല്ലപ്പോഴുമുള്ള കത്തുകളും ഫോണ്‍കോളുകളും ഞങ്ങളുടെ ഇഷ്ടങ്ങളെ പരിപോഷിപ്പിച്ചു. ഇതിനിടയില്‍ കുടുംബങ്ങള്‍ തമ്മിലും ഇഴയടുപ്പത്തിലായി.

നീണ്ട ഇടവേളകള്‍ക്കിടയില്‍ അവനെന്നെ കാണാന്‍ വന്നു... എല്ലാം മറന്ന്‌ ഒരു കൗമാരക്കാരിയുടെ കൗതുകത്തോടെ ആ മുഖമൊന്നു കാണാന്‍, അവന്റെ നേരിട്ടൊരു വാക്കിനായി കാതോര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നുപോയിരുന്നു. ഒടുവില്‍ അവനെന്നെ ഓര്‍മ്മിപ്പിച്ചു...

"രണ്ടുമണി കഴിഞ്ഞെടീ.. എനിക്ക്‌ വിശക്കുന്നു." അതുകേട്ടതേ നല്ല ആതിഥേയയായി ഞാന്‍ അടുക്കളയിലേയ്‌ക്കോടി. അവിടെയുണ്ടായിരുന്ന പുഴുങ്ങിയ ചേമ്പും അസല്‌ കാന്താരിമുളകു പൊട്ടിച്ചതും മുന്നില്‍ വിളമ്പി. വിശന്നുപൊരിയുമ്പോള്‍ ആ കണ്ണന്‍ ചേമ്പിന്‌ ഫൈവ്‌ കോഴ്‌സ്‌ ഡിന്നറിനേക്കാള്‍ സ്വാദുണ്ടായിരിക്കുമെന്ന്‌ ഞാന്‍ ഓര്‍ത്തു.

അവന്‍ നല്‌കിയ സമ്മാനങ്ങളേറെയും അക്ഷരക്കൂട്ടുകളായിരുന്നു. സിപ്പ്‌ അപ്പ്‌ മുതല്‍ ചേമ്പു പുഴുങ്ങിയതു വരെ എത്തിനില്‌ക്കുന്ന രുചിക്കൂട്ടുകള്‍ ഞങ്ങള്‍ക്കിടയിലെ ഇഷ്ടത്തെ ഊട്ടി വളര്‍ത്തിയപ്പോള്‍ ഞങ്ങളുടെ ഇഷ്ടത്തെ വെറും പ്രണയമെന്ന ലേബലില്‍ ഒതുക്കാന്‍ കഴിയുമായിരുന്നില്ല.

'ഹൂ വില്‍ ക്രൈ വെന്‍ ഐ ഡൈ' എന്നൊരു പുസ്‌തകം അവന്‍ എനിക്കു സമ്മാനമായി നല്‌കി. ആ പുസ്‌തകം വായിച്ച്‌ കണ്ണുകളില്‍ ഈറനണിഞ്ഞപ്പോള്‍ അവന്‍ എന്നോട്‌ ചോദിച്ചു: 

"ഞാന്‍ മരിക്കുമ്പോള്‍ നീ കരയുമോ...?" 

എന്റെ ഹൃദയമിടിപ്പ്‌ കൂടിയതും മനസൊന്ന്‌ പിടഞ്ഞതും പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു. 

"ഞാന്‍ കരയും, ആരും കാണാതെ പൊട്ടിപ്പൊട്ടി കരയും..."

ക്രിസ്‌മസ്‌ കാര്‍ഡില്‍, "ഹാപ്പി ക്രിസ്‌മസ്‌!!!..." എന്ന കൊച്ചു മെസേജിന്‌ എത്ര മാധുര്യമായിരുന്നുവെന്നും അതിന്‌ എത്രമാത്രം ആഴവും പരപ്പുമുണ്ടായിരുന്നുവെന്നു പറഞ്ഞു കേട്ടപ്പോള്‍ അത്‌ നല്‌കുന്ന സന്തോഷം എത്രയാണെന്നോ? ഞങ്ങള്‍ക്കിടയിലെ ഇഷ്ടം പിന്നെയും വസന്തകാലം പോലെ നിറംപിടിക്കുന്നത്‌ ഞാന്‍ തൊട്ടറിയുന്നു.

വീണ്ടും ഒരു വാലന്റൈന്‍സ്‌ ഡേ അടുത്തുവരുമ്പോള്‍ ഹൃദയം തുടികൊട്ടുന്നത്‌ അറിയുന്നുണ്ട്‌. പ്രണയം തുറന്ന്‌ പറയാനുള്ള സുന്ദര ദിനം. പുതിയ തലമുറയ്‌ക്ക്‌ ഉള്ളില്‍ നിന്ന്‌ ഊറിവരാത്ത സ്‌നേഹവും പ്രകടിപ്പിക്കാന്‍ എത്രയോ പുതുവഴികളുണ്ടാവും.

ഒരിഷ്ടം പറയാന്‍... പ്രണയം മനസില്‍ ഒളിപ്പിക്കുന്ന എല്ലാവര്‍ക്കും പ്രീഡിഗ്രിക്കാരിയുടെ മനസോടെ മനസിനെയും ശരീരത്തെയും തണുപ്പിക്കുന്ന സിപ്പപ്പിനെ കൂട്ടുപിടിച്ച്‌ വാലന്റൈന്‍സ്‌ ഡേ ആശംസകള്‍.