Breaking News

Trending right now:
Description
 
Feb 12, 2013

മനുഷ്യനിലെ മനുഷ്യത്വം ലോകത്തിനു വെളിച്ചമാകണമെന്ന്‌ വലിയ മെത്രാപ്പൊലീത്ത

image മാരാമണ്‍: മനുഷ്യനിലെ മനുഷ്യത്വം ലോകത്തിനു വെളിച്ചമായി മാറണമെന്നു ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ മുഖ്യസന്ദേശം നല്‌കുകയായിരുന്നു അദ്ദേഹം.മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടിിട്ടു ദൈവത്തെ മഹത്വപ്പെടുത്താന്‍ ഇടയാകണം. ഇതിനായി നിങ്ങളുടെ വെളിച്ചം ലോകത്തിനു മുമ്പില്‍ പ്രകാശിക്കുകയാണ്‌ വേണ്ടത്‌ - മെത്രാപ്പോലീത്ത പറഞ്ഞു.

ലോകത്തില്‍ ദൈവം ചെയ്യുന്ന കാര്യങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നവനാണ്‌ യഥാര്‍ഥ മനുഷ്യന്‍. എന്നാല്‍ ഇന്നു വെളിച്ചം നഷ്ടപ്പെട്ട മനുഷ്യന്‍ അന്ധകാരത്തിലൂടെ സഞ്ചരിക്കുന്നു. വെളിച്ചം നല്‌കേണ്ട സമയത്ത്‌ അതു നല്‌കാന്‍ നിയോഗിക്കപ്പെട്ട സഭയ്‌ക്ക്‌ ഇതിനു പലപ്പോഴും കഴിയാതെ വരുന്നു. സ്വര്‍ഗീയ പിതാവിനു മഹത്വം നല്‌കുന്ന വേദികളായി കണ്‍വന്‍ഷന്‍ മാറണമെന്നതാണ്‌ നാം ആഗ്രഹിക്കുന്നത്‌. ആള്‍ക്കൂട്ടങ്ങളില്‍ മനുഷ്യനെ കണ്ടെത്താന്‍ പ്രയാസമായിരിക്കുന്ന കാലഘട്ടത്തില്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയിലും തടസങ്ങളുണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. 

മനുഷ്യനിലെ പ്രവൃത്തികള്‍ ഏറെയും സന്തോഷത്തേക്കാള്‍ സങ്കടത്തിനു കാരണമാകുന്നു. ലോകത്തെ പുതിയ അനുഭവത്തിലേക്കു നയിക്കാന്‍ നിയോഗിതനായ മനുഷ്യന്‍ ദൈവ ഇഷ്ടം ലോകത്തില്‍ നിറവേറ്റാന്‍ സ്വയം സമര്‍പ്പിതനാകണം. ഓരോ മനുഷ്യനിലും ദൈവത്തെ കാണാന്‍ കഴിയുന്ന ആത്മീയ കാഴ്‌ചപ്പാടിലേക്കു ലോകം വളരണം. ലോകത്തില്‍ മനുഷ്യനിലൂടെ നന്മ പുലരണമെന്നതാണു ദൈവം ആഗ്രഹിക്കുന്നത്‌. ദൈവത്തോടുള്ള ബന്ധത്തിലാണ്‌ നന്മ ലോകത്തില്‍ വ്യാപകമാകുന്നത്‌. ദൈവം ചെയ്യുന്ന പ്രവൃത്തികളില്‍ നാം പങ്കാളികളാകണം. ഇതാണു നല്ല പ്രവൃത്തി.

ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതുകണ്ട്‌ മറ്റുള്ളവര്‍ നിങ്ങളില്‍ ദൈവത്തെ കാണണം. പരസ്‌പരം ചതിക്കുകയും കൊല്ലുകയും ചെയ്യുന്ന ലോകത്തില്‍ നിന്നു മനുഷ്യത്വം ഇല്ലാതായി. ഈ കാലഘട്ടത്തില്‍ നന്മയുടെ വെളിച്ചം തിരികെ കൊണ്ടുവരേണ്ടത്‌ മനുഷ്യരായി ആരെങ്കിലുമുണെ്‌ടങ്കില്‍ അവരുടെ കടമയാണ്‌. സഹോദരന്റെ ആവശ്യം മനസിലാക്കി ജീവിതത്തെ ക്രമപ്പെടുത്തുന്നതിലൂടെ നന്മ ലോകത്തില്‍ വ്യാപകമാകണം.

ദൈവത്തിന്റെ ആത്മാവ്‌ മനുഷ്യ സ്വരൂപത്തില്‍ പ്രവേശിക്കുമ്പോഴാണ്‌ മനുഷ്യന്റെ പൂര്‍ണത. ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയെന്നതാണ്‌ മനുഷ്യന്റെ കടമ. നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ മനുഷ്യനെ നശിപ്പിക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവ ഇഷ്ടം നിര്‍വഹിക്കപ്പെടുന്നതിനുവേണ്ടി മനുഷ്യന്‍ ശക്തനാകണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. മനുഷ്യരിലെ മനുഷ്യത്വം നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നു ലോകത്തില്‍ വിടുതല്‍ നല്‌കാന്‍ കൂടുതല്‍ എന്തെങ്കിലും ആവശ്യമുണെ്‌ടങ്കില്‍ ഇതു ചെയ്യാന്‍ തയാറാകുകയാണ്‌ വേണ്ടത്‌. 

എവിടെയെങ്കിലും കുറവു കാണുമ്പോള്‍ അതു ഞാന്‍ ചെയ്‌തുകൊള്ളാം എന്നു പറയാനുള്ള ധൈര്യവും മനോഭാവവുമാണ്‌ നമ്മെക്കൊണ്ട്‌ ലോകത്തിന്‌ ആവശ്യമായിരിക്കുന്നതെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഡോ.തോമസ്‌ മാര്‍ തീത്തോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ മെത്രാപ്പോലീത്ത പ്രാര്‍ഥന നയിച്ചു.