Breaking News

Trending right now:
Description
 
Mar 05, 2019

ആലപ്പുഴ പൈതൃക പദ്ധതിയില്‍ സിവൈഎംഎ കെട്ടിടവും ഉള്‍പ്പെടുത്തണമെന്നു ടി.ആര്‍.എ

image
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതിയില്‍ പുരാതനമായ തത്തംപള്ളി സിവൈഎംഎ കെട്ടിടത്തെ ഉള്‍പ്പെടുത്തണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട മറ്റു വകുപ്പു മന്ത്രിമാരോടും അഭ്യര്‍ഥിച്ചു.

ആലപ്പുഴയിലെ മ്യൂസിയങ്ങള്‍, പുരാതന ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയ ചരിത്രസ്മാരകങ്ങളെ ഭൗതിക-സാംസ്‌ക്കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്.

ആലപ്പുഴയെ പൈതൃക നഗരമാക്കാനുള്ള 'മുസിരിസ് ആലപ്പുഴ പൈതൃക പദ്ധതി' ഉടനെ നടപ്പിലാക്കുമ്പോള്‍, പദ്ധതിയില്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും നിര്‍മിതികളുടെയും നവീകരണവും സംരക്ഷണവും ഉള്‍പ്പെടും. ഇതിനോടൊപ്പം പട്ടണത്തിലെ പുരാതനവും വാസ്തുവിദ്യാ സൗന്ദര്യവും പ്രാധാന്യവുമുള്ള തത്തംപള്ളി സിവൈഎംഎ കെട്ടിടത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 16-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഈ കെട്ടിടം. 

ഇക്കാര്യം സൂചിപ്പിച്ചു മുന്‍പും നിവേദനം നല്കിയിരുന്നു. കലാ, സാംസ്‌ക്കാരികമായ പല ചരിത്രസംഭവങ്ങള്‍ക്കും നൂറു വര്‍ഷത്തിനോടടുത്തു പഴക്കമുള്ള സിവൈഎംഎ വേദിയായിട്ടുണ്ട്. ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ മികച്ച തോതില്‍ നടത്തുന്നു. ബഹുജന പങ്കാളിത്തത്തോടെ സാംസ്‌ക്കാരിക, കായിക, വായനശാല, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. വിവിദോദ്ദേശ്യ സമ്മേളന ഹാള്‍ ടേബിള്‍ ടെന്നിസ് അരീനയായും കുട്ടികള്‍ക്ക് തായ്‌കൊണ്ടോ പരിശീലന വേദിയിയായും പ്രയോജപ്പെടുത്തുന്നു. കൂടാതെ ഷട്ടില്‍കോക്ക് ബാഡ്മിന്റണ്‍ കോര്‍ട്ടും പാര്‍ക്കിംഗ് ഏരിയായുമുണ്ട്.

പദ്ധതിയില്‍ പൗരാണിക കെട്ടിടങ്ങളെ ഉള്‍പ്പെടുത്തുന്ന പട്ടികയില്‍ ചേര്‍ത്തു എത്രയും വേഗം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

ഫോട്ടോ:

പുരാതനമായ ആലപ്പുഴ തത്തംപള്ളി സിവൈഎംഎ കെട്ടിടം.