Breaking News

Trending right now:
Description
 
Jan 28, 2019

മോസ്‌ക് ആണെന്നു തെറ്റിദ്ധരിച്ച പാര്‍പ്പിടം: ദേശീയ പാതാ സ്ഥലമെടുപ്പ് അപാകത പരിഹരിക്കണമെന്നു കോള്‍ഫ്

image ആലപ്പുഴ: പട്ടണത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതയുടെ നാലുവരി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു കണ്ടെത്തിയിട്ടുള്ള അപാകതകള്‍ പരിഹരിച്ചു പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയിലാക്കണമെന്നു സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) ആവശ്യപ്പെട്ടു. ദേശീയപാതയുടെ പൂര്‍ണ പ്രയോജനം ജനങ്ങള്‍ക്കു എത്രയും വേഗം ലഭ്യമാക്കേണ്ടതുണ്ട്. അതിനായി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സമയബന്ധിതമായ നടപടിക്രമങ്ങള്‍ അത്യാവശ്യമാണ്. അക്കാര്യത്തില്‍ പൊതുജനങ്ങളെ അനാവശ്യ വ്യവഹാരങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്.

ദേശീയ പാത 66-ന്റെ ഭാഗമായ ചേര്‍ത്തല-ഓച്ചിറ-കഴക്കൂട്ടം ഘട്ടത്തില്‍ പട്ടണത്തിലൂടെ കടന്നുപോകുന്നതിലുള്ള തുമ്പോളി ജംഗ്ഷനില്‍ ആദ്യ വിജ്ഞാപന പ്രകാരം ഒരു മോസ്‌ക് ഉണ്ടെന്നു സൂചിപ്പിച്ച് അതനുസരിച്ചാണ് സ്ഥലം അളന്നിരുന്നത്. പിന്നീടത് ഒരു പാര്‍പ്പിടമാണെന്നു യഥാര്‍ഥത്തില്‍ തിരിച്ചറിഞ്ഞു. താജ്മഹലിന്റെ ആകൃതിയോടു സാമീപ്യമുള്ള തരത്തില്‍ യുദ്ധവീര സ്മാരകമായി നിര്‍മ്മിച്ചിട്ടുള്ള ഗ്ലോബല്‍ പീസ് പാലസാണ് (ശാന്തി മഹല്‍) തെറ്റിദ്ധാരണയുണ്ടാക്കിയത്.

മതപരമായ ഒരു നിര്‍മിതി എന്ന നിലയില്‍ ചട്ടപ്രകാരം നല്കിയ ആനുകൂല്യം തെറ്റിപ്പോയെന്നും അതനുസരിച്ച് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തി അലൈന്‍മെന്റില്‍ തിരുത്തല്‍ വരുത്തണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രോജക്്ട് ഡയറക്ടര്‍ ആര്‍.വെങ്കിടകൃഷ്ണന്‍, സംസ്ഥാന പൊതു മരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ഡിസംബര്‍ ഒന്നിനു വിശദമായ കത്തു നല്കിയിരുന്നു. എന്നാല്‍ അതിന്മേല്‍ നടപടിയുണ്ടായിട്ടില്ല. ഒരോ ദിവസത്തെയും വൈകല്‍ വന്‍ ബാധ്യതകളാണ് പൊതുഖജനാവിനു വരുത്തിവയ്ക്കുന്നത്.

പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ.വി.മഹേന്ദ്രനാഥ് പ്രമേയം അവതരിപ്പിച്ചു.


ഫോട്ടോ:

ആലപ്പുഴ തുമ്പോളിയില്‍ മോസ്‌ക് ആണെന്നു തെറ്റിദ്ധരിച്ചു ദേശീയപാതാധികൃതര്‍ നടപടികള്‍ സ്വീകരിക്കാനിടയായ ഗ്ലോബല്‍ പീസ് പാലസ്.