Breaking News

Trending right now:
Description
 
Jan 08, 2019

മുനിസിപ്പല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭ്യമാക്കാന്‍ ടി.ആര്‍.എ ശ്രമം നടത്തും

image ആലപ്പുഴ: അടുത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തത്തംപള്ളി വാര്‍ഡില്‍ പൊതുതാത്പര്യ വനിതാ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമം നടത്താന്‍ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) തീരുമാനിച്ചു. ജനാധിപത്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വ്യക്തിപരമായി താത്പര്യമില്ലാത്തവര്‍ക്കാണെങ്കിലും വോട്ടു ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍ വോട്ടര്‍മാര്‍ക്കുള്ളത്. പലപ്പോഴും ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും താത്പര്യമില്ലാത്തവരായിരിക്കും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുക. കുറഞ്ഞ ശതമാനം വോട്ടു നേടി ജയിക്കുന്നവരാകട്ടെ ജനങ്ങളുടെ ആവശ്യങ്ങള്‍ ഒരേ പോലെ കണ്ട് യഥാസമയം നിറവേറ്റാന്‍ പരാജയപ്പെടുകയും ചെയ്യുന്നു. അതു കഴിവതും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ടി.ആര്‍.എയുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സ്വന്തം സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കം. ഇതിനായി മറ്റു റസിഡന്റ്‌സ് അസോസിയേഷനുകളുടേയും സഹകരണം അഭ്യര്‍ഥിക്കും. 

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൊതുജനങ്ങള്‍ക്കു അവസരം ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കും. ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും ഒരു പരിഹാരവുമില്ലാതെ ഓരോ അഞ്ചു വര്‍ഷ ഭരണകാലയളവു വീതം പൊതുജനങ്ങള്‍ക്കു വെറുതെ നഷ്ടമാകുന്നതിനു അറുതി വരുത്തേണ്ടതുണ്ട്. 

ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിക്കാന്‍ ഉത്സാഹിക്കുന്നവരെയാണ് ജനപ്രതിനിധികളായി നാട്ടുകാര്‍ക്ക് ആവശ്യമെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷം കഴിഞ്ഞു നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അതു വരെ പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിച്ചു കഴിവു തെളിയിക്കുന്ന പൊതുസമ്മതരെയായിരിക്കും പിന്തുണയ്ക്കുക. തെരഞ്ഞെടുപ്പിനു മുന്നോടിയായി അവതരിക്കുകയും അതു കഴിഞ്ഞാലുടന്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ നാടിന് ആവശ്യമില്ലെന്ന കണ്ടെത്തലാണ് ഇതിനു പിന്നില്‍. മതിലുകള്‍ വൃത്തികേടാക്കുന്ന പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയുള്ള ചെലവേറിയ പ്രചാരണമാര്‍ഗങ്ങള്‍ ഒഴിവാക്കി സീറോ ബേസ്ഡ് ബജറ്റിംഗ് പ്രചാരണം നടത്താന്‍ ശ്രമിക്കും.

ജോലിയിലൂടെയോ സ്വയംതൊഴിലിലൂടെയോ സ്വന്തമായി വരുമാനമുള്ളവരും ബിരുദമെങ്കിലും നേടിയവരും മലയാളത്തിലും ഇംഗ്ലീഷിലും ആശയവിനിമയം നടത്താന്‍ കഴിവുള്ളവരെയുമാണ് സ്ഥാനാര്‍ഥിയായി തേടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുണ്ടാകുകയും സ്വത്തുവിവരങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുകയും വേണം. പൊതുജനങ്ങള്‍ക്കു പ്രത്യേകിച്ചു രാഷ്ട്രീയ ചായ്‌വുകള്‍ ഇല്ലാത്തവരുടെ പേരുകള്‍ നിര്‍ദേശിക്കാം. ഏതാനും പേരെ നിശ്ചയിച്ചു അവരെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തും. അവരുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു അഭിപ്രായങ്ങള്‍ ശേഖരിച്ചു വിലയിരുത്തിയ ശേഷം പൊതുസമ്മത സ്ഥാനാര്‍ഥിയുടെ പേരു പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പുവേളയില്‍ പ്രചാരണത്തിനു പിന്തുണ നല്കുകയും ചെയ്യും.

ആലോചനാ യോഗത്തില്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധ്യക്ഷത വഹിച്ചു. ടിജോ വര്‍ഗീസ് പ്രമേയം അവതരിപ്പിച്ചു. വിനോദ് അലക്‌സാണ്ടര്‍, ആന്റണി ജോസഫ്, സി.എം.ജോസഫ്, കെ.ജെ.ജോര്‍ജ്, ടോമി വര്‍ഗീസ്, പി.ഇ.ജോസഫ്, എം.വി.സ്‌കറിയ, എം.ജെ.മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊബൈല്‍: 9847738883