Breaking News

Trending right now:
Description
 
Dec 05, 2018

സംസ്ഥാന ടിടി ചാമ്പ്യന്‍ഷിപ്‌സിനു ആലപ്പുഴയില്‍ കരുത്താര്‍ന്ന തുടക്കം

image
ആലപ്പുഴ: സ്‌പോര്‍ട്‌സ് കേരളത്തിന്റെ കരുത്തു തെളിയിക്കുന്ന രീതിയില്‍ സ്റ്റാഗ് കേരള സ്റ്റേറ്റ് ആന്‍ഡ് ഇന്റര്‍ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് 2018-നു വര്‍ണാഭമായ തുടക്കം.

ചാമ്പ്യന്‍ഷിപ്‌സ് വൈ.എം.സിഎ ഫഌഡ്‌ലിറ്റ് ഗ്രൗണ്ടില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) പ്രസിഡന്റും വിവിധ ലോക ചാമ്പ്യന്‍ഷിപ്പുകളുടെ കോമ്പറ്റീഷന്‍ മാനേജരുമായ എന്‍.ഗണേശന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് താരവും ലോക റിക്കാര്‍ഡ് ഉടമയുമായ എസ്.രാമസ്വാമി വിശിഷ്ടാതിഥിയായിരുന്നു. ടിടിഎകെ ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി, ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എഡിടിടിഎ) പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്. മലയില്‍, ഹോണററി സെക്രട്ടറി കൃഷ്ണന്‍ വേണുഗോപാല്‍, വൈഎംസിഎ പ്രസിഡന്റ് ഡോ. പി.കുരിയപ്പന്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സോഹം ഭട്ടാചാര്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വൈ.എം.സിഎ ടേബിള്‍ ടെന്നിസ് അരീനയില്‍ അഞ്ചു ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്‌സില്‍ വിവിധ ജില്ലകളില്‍ നിന്നായി നാനൂറിലേറെ എന്‍ട്രികളാണുള്ളത്.

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി പട്ടണത്തില്‍ വര്‍ണാഭമായ റാലി സംഘടിപ്പിച്ചു. ജില്ലാ കോടതിക്കു മുന്നില്‍ നിന്നു അമ്പലപ്പുഴ തഹസില്‍ദാര്‍ ആശാ ഏബ്രഹാം റാലി ഫഌഗ് ഓഫ് ചെയ്തു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള കളിക്കാരും ഒഫിഷ്യല്‍സും മാതാപിതാക്കളും റാലിയില്‍ അണിനിരന്നു. ആലപ്പുഴയില്‍ ഏഴിന് ആരംഭിക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു മുന്നോടിയായുള്ള വിളംബരം കൂടിയായി ഇത്.

ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ)-യുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷനാണ് (എഡിടിടിഎ) വൈഎംസിഎ ടേബിള്‍ ടെന്നിസ് അരീനയില്‍ ചാമ്പ്യന്‍ഷിപ്‌സ് സംഘടിപ്പിക്കുന്നത്. കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സേര്‍വര്‍ കെ.കെ.പ്രതാപനാണ്. ജോസഫ് ചാക്കോയാണ് പ്രധാന റഫറി.

രണ്ടാം ദിവസമായ 2018 ഡിസംബര്‍ ആറിനു വ്യാഴാഴ്ച വൈകുന്നേരം നടത്തുന്ന സമ്മേളനത്തില്‍ അതുവരെ നടന്ന മത്സരവിജയികള്‍ക്കു ട്രോഫികളും മെഡലുകളും സമ്മാനിക്കും.

ഫോട്ടോ: 

ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നിസ് അരീനയില്‍ സ്റ്റാഗ് കേരള സ്റ്റേറ്റ് ആന്‍ഡ് ഇന്റര്‍ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് 2018 മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. ടിടിഎകെ ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി, എഡിടിടിഎ പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്. മലയില്‍, വിശിഷ്ടാതിഥി എസ്. രാമസ്വാമി, അധ്യക്ഷന്‍ എന്‍.ഗണേശന്‍, വൈഎംസിഎ പ്രസിഡന്റ് ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സമീപം