Breaking News

Trending right now:
Description
 
Nov 12, 2018

ഭാഷക്ക് ആദരവ് നൽകി കേരളത്തിനു ഉചിതമായ പിറന്നാൾ സമ്മാനവുമായി ഡബ്ല്യൂ എം സി

ഫ്രാൻസിസ് തടത്തിൽ
image
ന്യൂജേഴ്‌സി:മഹാപ്രളയത്തിന്റെ ദുരന്ത സ്മരണകളുമായി 62 വയസു പൂർത്തിയാക്കിയ കേരളം ലോകമെങ്ങും പിറന്നാൾ ആഘോഷിച്ചപ്പോൾ ലോകമലയാളികളെ  ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നയിക്കുന്ന വേൾഡ് മലയാളി കൗൺസിൽ കേരളത്തിനും മലയാള ഭാഷക്കും ഉചിതമായ ആദരവ് നൽകി മാതൃകയായി.അമേരിക്കൻ മലയാളികളുടെ ഇടയിൽ  മലയാള ഭാഷയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്‌ത രണ്ടു വ്യക്തികളെ ആദരിച്ചുകൊണ്ടു വേൾഡ് മലയാളി കൗൺസിൽ(ഡബ്ല്യൂ എം സി)ന്യൂജേഴ്‌സി ചാപ്‌റ്റർ കേരള പിറവി ദിനത്തിൽ എഡിസൺ ഹോട്ടലിൽ നടത്തിയ ചടങ്ങ് ലാളിത്യം കൊണ്ടും പങ്കാളിത്തംകൊണ്ടും  സമ്പന്നമായിരുന്നു. അമേരിക്കയിലെ മലയാളികളിൽ  മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് ഏറ്റുവും കൂടുതൽ പ്രയത്നിച്ചിട്ടുള്ള ജനനി മാസികയുടെ മാനേജിംഗ്  എഡിറ്റർ ജെ. മാത്യു, രണ്ടു ദശാബ്ദത്തിലേറെ അമേരിക്കയിൽ മലയാളം ഓൺലൈൻ പത്രം നടത്തി വരുന്ന അമേരിക്കൻ മലയാളികൾ നെഞ്ചേറ്റിയ ഇ മലയാളി പത്രത്തിന്റെ എഡിറ്റർ ജോർജ് ജോസഫ് എന്നിവരെ ആദരിച്ചുകൊണ്ടാണ് കേരളത്തിനും മലയാള ഭാഷക്കും പിറന്നാൾ മധുരമൊരുക്കിയത്.അദരവുകൾക്കും അവാർഡുകൾക്കും പിടികൊടുക്കാതെ അംഗീകാരങ്ങളിൽ നിന്നെല്ലാം മാറി നിൽക്കാറുള്ള ഈ രണ്ടുമഹത്  വ്യക്തികളെയും ഒരേ വേദിയിൽ കൊണ്ടുവന്ന് ആദരിച്ചത് തന്നെ വേൾഡ് മലയാളി കൗൺസിലിന് കേരള പിറവി ദിനത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെ.

ഭാഷ മരിക്കുന്നില്ല എന്നതിന് തെളിവായിരുന്നു മൂന്ന് മണിക്കൂർ നീണ്ടു നിന്ന ഈ പരിപാടിയിലെ പങ്കാളിത്തവും ഏറെ സജീവമായിരുന്ന ചർച്ചകളും വ്യക്തമാക്കുന്നത്.അമേരിക്കയിൽ  മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ  മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന ചർച്ചകളും ഭാഷയുടെ വളർച്ചക്ക് വേൾഡ് മലയാളി കൗൺസിൽ ചെയ്തുവരുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളും അമേരിക്കയിലെ ഭാവി തലമുറയുടെ ഭാഷ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതായിരുന്നു. കേരളത്തിൽ അടുത്തകാലത്തുണ്ടായ മഹാപ്രളയത്തിന്റെ ദുഃഖം ഉൾക്കൊണ്ടുകൊണ്ടും കേരളത്തിന്റെ പുനരുദ്ധാരണത്തിൽ അഭിമാനം കൊണ്ടുമാണ് ഭാഷയുടെ എല്ലാ മഹത്വങ്ങളും വിളിച്ചോതിയ കേരളപിറവി ദിനം കൊണ്ടാടിയത്.

കേരളം കേരളം കേളി കേട്ടുണരുന്ന  കേരളം... എന്ന് തുടങ്ങുന്ന   വികാര നിർഭരമായ ഒരു ഗാനത്തോടെ തുടങ്ങിയ കേരളപ്പിറവി ദിനത്തിന് ഉചിതമായ ഒരു സമ്മാനമായിരുന്നു അത്.ദൈവത്തിന്റെ കൈവയ്പ്പു ചാർത്തിയ പ്രകൃതിയുടെ പറുദീസയായ കേരളത്തെ വർണിക്കാൻ ഇത്ര മനോഹരമായ മറ്റൊരു ഗാനമുണ്ടെന്നു തോന്നുന്നില്ല.  മിനിമോൾ എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ ശ്രീകുമാരൻ തമ്പി എന്ന കവിയുടെ രചനയിലൂടെ യേശുദാസ് അനശ്വരമാക്കിയ 1977 ലെ ഈ ഗാനം രാജു ജോയി ആലപിച്ചപ്പോൾ ഗൃഹാതുരത്വം തുളുമ്പിയ നിമിഷങ്ങളായിരുന്നു സദസിൽ അനുഭവപ്പെട്ടത്. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ എം സി) ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ് പിന്റോ ചാക്കോ കണ്ണമ്പള്ളിയുടെ അധ്യക്ഷതയിൽ  നിറഞ്ഞ സദസിന് സ്വാഗതമോതി. തുടർന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് മധു രാജൻ ആശംസ നേർന്നു.അമേരിക്കയിൽ മലയാള ഭാഷയുടെ വളർച്ചയ്ക്ക് നിർണായക പങ്കു വഹിച്ച ജനനി മാസികയുടെ മാനേജിങ്ങ് എഡിറ്ററും ഗുരുകുലം മലയാളം സ്കൂളിൻറെ സ്ഥാപകനുമായ ജെ. മാത്യൂസിനെ ഡബ്ല്യൂ എം സി ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ സദസിനു പരിചയപ്പെടുത്തി.തുടർന്ന് ഡബ്ല്യൂ എം സിസ്ഥാപക നേതാവ് അലക്സ് കോശി ജെ. മാത്യൂസിന് ഫലകം നൽകി ആദരിച്ചു. അമേരിക്കൻ സംസ്കാരത്തിൽ വളരുന്ന മലയാളികളുടെ മക്കളെ ഭാഷ പഠിപ്പിക്കുന്നത് അക്ഷരമാലകളിൽ നിന്നാകരുതെന്നും അടുക്കളകളിൽ നിന്നാവണം അവർ ഭാഷ പേടിച്ചു തുടങ്ങേണ്ടതെന്നും മറുപടി പ്രസംഗം പറഞ്ഞ ജെ. മാത്യൂസ് പറഞ്ഞു.

അമേരിക്കയിൽ മലയാള ഭാഷയെ വളർത്തുന്നതിൽ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി സേവനം നൽകിവരുന്ന ഇ മലയാളി ഓൺലൈൻ പത്രത്തിന്റെ എഡിറ്ററും ഉടമയുമായ ജോർജ് ജോസഫിനെ രാജൻ ചീരൻ സദസിനു പരിചയപ്പെടുത്തി. എഴുത്തുകാരനും ഡബ്ല്യൂ എം സി നേതാവുമായ ആൻഡ്രൂസ്  പാപ്പച്ചൻ ജോർജ് ജോസഫിന് ഫലകം നൽകി ആദരിച്ചു. ഇമലയാളി ഓൺലൈൻ വാർത്ത പോർട്ടലിലൂടെ താൻ ഉൾപ്പെടെ ഒരുപാട് എഴുത്തുകാർക്ക് എഴുതുവാനും എഴുത്തിനെ പ്രോത്സാഹിപ്പിക്കുവാനും ഇമലയാളിക്കും ജോർജ് ജോസഫിനും കഴിഞ്ഞതായി ആൻഡ്രൂസ് പറഞ്ഞു. ഇമലയാളിയിൽ ആർക്കും എഴുതാമെന്ന സാഹചര്യമുണ്ടായതാണ് യഥാർത്ഥത്തിൽ ഒരുപാട് അമേരിക്കൻ എഴുത്തുകാരെ സൃഷ്ടിക്കാൻ കാരണമായതെന്ന് മറുപടി പ്രസംഗത്തിൽ  ജോർജ് ജോസഫ് പറഞ്ഞു. തുടർന്ന് ദൃശ്യമാധ്യമരംഗത്തുനിന്നു ആദരവ് ഏറ്റുവാങ്ങിയ റിപ്പോർട്ടർ ചാനലിന്റെ ഇന്റർനാഷണൽ ഡിവിഷൻ ബ്രോഡ്ക്കാസ്റ് ഡയറക്ടർ വിനി നായർ സന്ദേശം നൽകി.പ്രവാസി മലയാളികളുടെ പരിപാടികളിൽ കുട്ടികളുടെ പരിപാടികൾക്ക് മുൻതൂക്കം നാകണമെന്ന് വിനി നായർ പറഞ്ഞു. മാധ്യമപ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ, കേരള ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അനിയൻ ജോർജ്, ഡബ്ല്യൂ എം സിനേതാവ് ഡോ. ഗോപിനാഥൻ നായർ, സുധീർ നമ്പ്യാർ ,മഞ്ച് പ്രസിഡന്റ് ഡോ. സുജ ജോസ് തുടങ്ങിയവർ പ്രസംഗിച്ച.  സോമൻ ജോൺ ഡബ്ല്യൂ എം സിയുടെ ചാരിറ്റി പ്രവർത്തങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ഫിലിപ്പ് മാരേട്ട് നന്ദി  പറഞ്ഞു. ഷൈനി രാജു ആയിരുന്നു അവതാരിക.

 
.അമേരിക്കയിൽ  മലയാള ഭാഷയുടെ വളർച്ചയ്ക്ക് മാധ്യമങ്ങൾ വഹിച്ച പങ്ക് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ഷോളി കുംബിലിവേളിൽ മോഡറേറ്ററായിരുന്നു. ജെ. മാത്യൂസ്, ജോർജ് ജോസഫ് , മധു രാജൻ, വിനീ നായർ, ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട് , അലക്സ് കോശി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ഇമലയാളി പോലുള്ള പത്രങ്ങളിൽ വായനക്കാരുടേതായി വരുന്ന ചില പ്രതികരണങ്ങൾ പലപ്പോഴും അതിരുവിട്ടുപോകുമ്പോൾ അത് ആ ലേഖനമെഴുതിയ എഴുത്തുകാരെ മാനസികമായി തളർത്തുമെന്നു അഭിപ്രായപ്പെട്ട ജെ. മാത്യൂസിനു അനുകൂലമായും പ്രതികൂലമായും അഭിപ്രായമുയർന്നു. ജോർജ് ജോസഫിനെ വേദിയിൽ ഇരുത്തിക്കൊണ്ടു തന്നെ പറയുകയാണെന്ന് അഭിപ്രായപ്പെട്ട ജെ. മാത്യൂസിനുള്ള ആദ്യത്തെ മറുപടി ജോർജ് ജോസെഫിന്റെതു തന്നെയായിരുന്നു. വായനക്കാരുടെ പ്രതികരണങ്ങൾ ഉള്ളതുകൊണ്ടാണ് ഇമലയാളിക്കു ഒരുപാടു എഴുത്തുകാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞതെന്ന് അഭിപ്രായപ്പെട്ട ജോർജ് ഇങ്ങനെ എഴുതിവന്നവർ പലകുറി എഴുതി തെളിഞ്ഞാണ് ഒരു നല്ല എഴുത്തുകാരായി മാറിയതെന്നും ചൂണ്ടിക്കാട്ടി. കൈകാര്യം ചെയ്യാൻ പറ്റാത്തത്ര പ്രതികരണങ്ങളാണ് ദിവസേനെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സഭ്യമല്ലാത്ത പ്രതികാരനാണ് പ്രസിദ്ധികരിക്കാറില്ല. പ്രതികരണങ്ങൾ ആരെയെങ്കിലും വേദനപ്പിച്ചാൽ ചൂണ്ടിക്കാട്ടിയാൽ അവ നീക്കം ചെയ്യാറുമുണ്ട്.

വായനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രതികരണങ്ങളെന്നും അവ വരുന്നത് എഴുത്തുകാർക്ക് കൂടുതൽ നന്നായി  എഴുതുവാൻ പ്രേരണ നൽകുമെന്നും ഫ്രാൻസിസ് തടത്തിൽ പറഞ്ഞു.ലേഖനങ്ങളോ സാഹിത്യ സൃഷ്ടികളോ വായിക്കാതെ പ്രതികരണങ്ങൾ ഇടുന്നതാണ് അപകടം. അങ്ങനെ ഇടുന്നവർ വായനക്കാരെ കൂടുതൽ ആശയകുഴപ്പത്തിലാക്കുകയും ചർച്ചയുടെ ഗതി തിരിച്ചുവിടുകയും ചെയ്യുമെന്നും ഫ്രാൻസിസ് പറഞ്ഞു. അമേരിക്കയിൽ പ്രിന്റ് - ഓൺലൈൻ മാധ്യമങ്ങളെപ്പോലെ ദൃശ്യമാധ്യമങ്ങളും വൻ സാമ്പത്തിക ഞെരുക്കത്തിലാണെന്നു വിനി നായർ അഭിപ്രായപ്പെട്ടു. സംഘടനകളും ബിസിനസുകാരുമൊക്കെ പിന്തുണ നൽകിയില്ലെങ്കിൽ മാധ്യമങ്ങളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്നും വിനി നായർ പറഞ്ഞു.

ഡബ്ല്യൂ എം സി ലോകവ്യാപകമായി നടത്തിയ ഭൂമി മലയാളം  ഭാഷ പ്രതിജ്ഞാ വാചകം തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്തു.ഡബ്ല്യൂ എം സി ന്യൂജേഴ്‌സി ചാപ്റ്റർ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് ജിനേഷ് തമ്പി, മിനി എന്നിവർ സമ്മാനദാനം നിർവഹിച്ചു.പ്രമുഖ നടകാചാര്യനും എഴുത്തുകാരനുമായ കാവാലം നാരായണ പണിക്കർ രചിച്ച ആലായാൽ തറവേണം നടുക്കൊരമ്പലം വേണം ,, എന്ന് തുടങ്ങുന്ന ഗാനത്തിന് മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്‌ക്കാരം നടത്തിയ പ്രമുഖ നർത്തകിയും കൊറിയോഗ്രാഫറുമായ മാലിനി നായരും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം കേരള പിറവിദിനത്തിനു തികച്ചും  അനുയോജ്യമായ നൃത്താവതരണമായിരുന്നു. ത്തിനു പിന്നാലെ ഡബ്ല്യൂ എം സി ഭാരവാഹികൾ ചേർന്ന് ആലപിച്ച 'അമ്മ മലയാളം എന്ന സംഘ ഗാനവും ഭാഷക്കുള്ള ആദരവും അംഗീകാരവുമായി. റോഷൻ ആൻഡ്രൂസ് ഗാനം ആലപിച്ചു.