Breaking News

Trending right now:
Description
 
Oct 11, 2018

കെടിടിഎ പ്രവര്‍ത്തനം ചട്ടങ്ങള്‍ ലംഘിച്ചെന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

image ആലപ്പുഴ: കേരള സ്‌പോര്‍ട്‌സ് ആക്ടും അതിനു കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളും ലംഘിച്ചാണ് കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (കെടിടിഎ) പ്രവര്‍ത്തിക്കുന്നതെന്നു കേരള ഹൈക്കോടതിയില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബൈലോയിലെ വ്യവസ്ഥകളും നടപടികളും നിയമങ്ങള്‍ക്ക് അനുസൃതമല്ല. ഒന്‍പതു പേര്‍ക്കു ചട്ടവിരുദ്ധമായി വോട്ടവകാശത്തോടുകൂടി അംഗത്വം നല്കിയ പട്ടിക മരവിപ്പിച്ചിട്ടുമുണ്ട്. അടുത്ത ഭാരവാഹി തെരഞ്ഞെടുപ്പിലും ഭരണം പിടിച്ചെടുക്കാനുള്ള വഴിവിട്ട ശ്രമത്തിന്റെ ഭാഗമായിട്ടാണ് അനര്‍ഹര്‍ക്കു വോട്ടവകാശം നല്കിയതെന്നായിരുന്നു ആരോപണം. പ്രായപരിധി കഴിഞ്ഞവര്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഈ വിഷയത്തിലുള്ള വിവിധ ഹര്‍ജികളിലെ ജസ്റ്റിസ് അനു ശിവരാമന്റെ പൊതുഉത്തരവു പ്രകാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സന്‍ജയന്‍ കുമാറാണ് സമയബന്ധിതമായി റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. കെടിടിഎ സ്വേച്ഛാപരവും നിയമവിരുദ്ധവുമായി തുടര്‍ച്ചയായി നടത്തിവരുന്ന വിവിധ നടപടികളിലും ക്രമക്കേടുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഇതേസമയം, മുപ്പതുവര്‍ഷത്തോളമായി കെടിടിഎ പ്രവര്‍ത്തിക്കുന്നതു നിയമപരമായിട്ടല്ലെന്നു നേരത്തേ വ്യക്തമായിരുന്നു. ആവശ്യമായ രജിസ്‌ട്രേഷന്‍ ഇല്ലെന്നു സൊസൈറ്റി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്കിയിരുന്നതാണ്. ഓഡിറ്റ് ചെയ്ത വരവുചെലവു കണക്കുകളോ മറ്റു അത്യാവശ്യ രേഖകളോ ബന്ധപ്പെട്ട വകുപ്പുകളില്‍ ലഭ്യമല്ല. കാലാവധി കഴിഞ്ഞിട്ടും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തിയിട്ടുമില്ല. രജിസ്റ്റര്‍ ചെയ്ത 1990 മുതല്‍ നിയമപരമായ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല.

കെടിടിഎയ്ക്ക് നിയമപരമായ നിലനില്പ്പ് ഇല്ലാതായെന്നു വ്യക്തമായതിനെത്തുടര്‍ന്നു കളിക്കാരുടെയും വിദ്യാര്‍ഥികളുടെയും ഭാവി സംരക്ഷിക്കാന്‍ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) രജിസ്റ്റര്‍ ചെയ്തു ജനാധിപത്യപരമായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷനുകളും ടിടിഎകെയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കു അവസരവുമുണ്ട്. 

ടിടിഎകെയ്ക്ക് ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ)-യും കേരള ഒളിമ്പിക് അസോസിയേഷ (കെഒഎ)-നും അഫിലിയേഷന്‍ നല്കുകയും കെടിടിഎയെ ഡിസ്അഫിലിയേറ്റ് ചെയ്യുകയും ചെയ്തു. വിവിധതലങ്ങളില്‍ നിന്നുള്ള തുടര്‍ച്ചയായ പരാതികളെത്തുടര്‍ന്നു നയങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാതിരുന്നതിനാലാണ് ഡിസ്അഫിലിയേറ്റു ചെയ്തത്. കാരണംകാണിക്കല്‍ നോട്ടീസിനു തൃപ്തികരമായ മറുപടി നല്കുകയും ചെയ്തിരുന്നില്ല.

നിലവില്‍ സംസ്ഥാനതല റാങ്കിംഗ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ അംഗീകാരമുള്ളത് ടിടിഎഫ്‌ഐ അഫിലിയേഷനുള്ള ടിടിഎകെയ്ക്കു മാത്രമാണ്. 2018 സീസണിലെ സെപ്റ്റംബറിലെ റാങ്കിംഗാണ് മുന്നോട്ടു തുടരുന്നത്. അതിനാല്‍ കളിക്കാര്‍ക്കു യാതൊരുവിധത്തിലുമുള്ള ബുദ്ധിമുട്ടും തടസ്സവും ഉണ്ടാകുകയില്ല. ഇതുവരെ അഫിലിയേറ്റ് ചെയ്യാത്ത അസോസിയേഷനില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്കി പങ്കെടുപ്പിക്കുമെന്നതിനാല്‍ അവസ്ഥയെ പ്രതികൂലമായി ബാധിക്കില്ല.