Breaking News

Trending right now:
Description
 
Oct 08, 2018

കേരളത്തില്‍ അംഗീകാരമുള്ള പുതിയ സംസ്ഥാനതല ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ടിടിഎകെ

image തിരുവനന്തപുരം: ടേബിള്‍ ടെന്നിസ് കളിയുടെ പ്രോത്സാഹനത്തിനു പ്രാമുഖ്യം കൊടുക്കുന്നതും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരളയ്ക്ക് (ടിടിഎകെ) രൂപം നല്കി. ടേബിള്‍ ടെന്നിസ് രംഗത്തെ അനുഭവസമ്പന്നരായ പ്രമുഖരാണ് അസോസിയേഷനെ നയിക്കുന്നത്. സൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അസോസിയേഷനെ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) അഫിലിയേറ്റ് ചെയ്തു. ഭാരവാഹികളായി എന്‍.ഗണേശന്‍ (തിരുവന്തപുരം)-പ്രസിഡന്റ്, മൈക്കിള്‍ മത്തായി (ആലപ്പുഴ)-ഹോണററി സെക്രട്ടറി, മുരളി ശങ്കര്‍ എച്ച് (തിരുവനന്തപുരം)-ട്രഷറര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

തിരുവനന്തപുരം വൈഎംസിഎയിലായിരിക്കും അസോസിയേഷന്റെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുക. ഫോണ്‍: 9895971299 ഇ-മെയില്‍: tabletenniskerala@gmail.com

കളിക്കാരെ ഫോം നിലനിര്‍ത്തി
പങ്കെടുപ്പിക്കും: ഗണേശന്‍


ഗുവാഹട്ടി: കേരളത്തിലെ മികച്ച ടേബിള്‍ ടെന്നിസ് കളിക്കാരെ സംസ്ഥാനത്തിനു പുറത്തും വിദേശങ്ങളിലും നടത്തുന്ന മത്സരങ്ങളില്‍ ഫോം നിലനിര്‍ത്തി പങ്കെടുപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നു പുതുതായി രൂപവത്കരിച്ച ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) പ്രസിഡന്റ് എന്‍.ഗണേശന്‍. ആസാമിലെ ഗുവാഹട്ടിയില്‍ നടക്കുന്ന നാഷണല്‍ റാങ്കിംഗ് ടേബിള്‍ ടെന്നിസ് ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കോമ്പറ്റീഷന്‍ മാനേജരാണ് ഗണേശന്‍.

ദീര്‍ഘദൂര ട്രെയിനുകളില്‍ ഇപ്പോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ പോകുന്ന കളിക്കാരുടെ യാത്ര ബുദ്ധിമുട്ടേറിയതാണ്. പലപ്പോഴും റിസര്‍വേഷന്‍ പോലുമില്ലാതെ ഉറക്കം നഷ്ടപ്പെട്ടു ക്ഷീണിച്ചു വശംകെട്ടായിരിക്കും പരിചയമില്ലാത്ത കാലാവസ്ഥയിലേക്കു ചെന്നിറങ്ങുന്നത്. അത് കളിയെ ദോഷകരമായി ബാധിക്കും. തുടക്കമെന്ന നിലയില്‍ തേഡ് എസിയില്‍ കളിക്കാരെ വിടാന്‍ ശ്രമിക്കും.

ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) ഓണ്‍ലൈന്‍ റിസള്‍ട്ട് മൊഡ്യൂള്‍ അവതരിപ്പിച്ചുകഴിഞ്ഞു. അത് കേരളത്തിലെ ടൂര്‍ണമെന്റുകളിലും ഏത്രയും വേഗം നടപ്പിലാക്കും. കളിപ്രേമികള്‍ക്ക് വിശദമായ റിസള്‍ട്ട് ഉടനുടന്‍ വെബ്‌സൈറ്റിലൂടെ ഇതിലൂടെ ലഭ്യമാക്കാനാകും.

കേരളത്തിലെ ടേബിള്‍ ടെന്നിസ് അരീനകള്‍ എല്ലാം അന്താരാഷ്ടനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഏര്‍പ്പാടുകളുണ്ടാക്കും. മത്സരവേദികളിലെ കാണികളുടെ ആവേശം അതിരുകടക്കാന്‍ അനുവദിക്കില്ല. എല്ലാ കാര്യങ്ങളിലും അച്ചടക്കത്തിനു മുന്തിയ പ്രാധാന്യം നല്കും.

ടേബിള്‍ ടെന്നിസ് പ്രേമികള്‍ക്കെല്ലാം
അനുയോജ്യമായ മത്സരങ്ങള്‍


ആലപ്പുഴ: കേരളത്തിലെ എല്ലാ ടേബിള്‍ ടെന്നിസ് പ്രേമികള്‍ക്കും അനുയോജ്യമായ രീതിയില്‍ കോച്ചിംഗും മത്സരങ്ങളും മികച്ച അടിസ്ഥാന പശ്ചാത്തല സംവിധാനങ്ങളൊരുക്കി സംഘടിപ്പിക്കുമെന്നു പുതുതായി രൂപവത്കരിച്ച ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ ഉടനെ രണ്ടു സംസ്ഥാനതല മത്സരങ്ങള്‍ സംഘടിപ്പിക്കും. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ)-യുടെ സംഘാടനത്തില്‍ 11 സ്‌പോര്‍ട്‌സ് ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് ഉടനെ നടത്തും. കൂടാതെ ആലപ്പുഴ വൈ.എം.സി.എയുടെ സഹകരണത്തോടെ ഓള്‍ കേരള പ്രൈസ് മണി റാങ്കിംഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. തുടര്‍ന്നു മറ്റു ജില്ലകളിലും റാങ്കിംഗ് ടൂര്‍ണമെന്റുകള്‍ ഏര്‍പ്പെടുത്തും.

കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഈ സീസണില്‍ സെപ്റ്റംബര്‍ വരെ നടത്തിയിട്ടുള്ള റാങ്കിംഗ് ടൂര്‍ണമെന്റുകളുടെ റാങ്കിംഗ് പരിഗണിക്കും. ഈ സീസണില്‍ തുടര്‍ന്നു ടിടിഎകെ നടത്തുന്ന ടൂര്‍ണമെന്റുകളിലെ ഫലങ്ങളായിരിക്കും അംഗീകൃത റാങ്കിംഗിനു കണക്കിലെടുക്കുക. അര്‍ഹരായ കളിക്കാര്‍ക്ക് യാതൊരുവിധ തടസ്സങ്ങളുമുണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കും. ജില്ലാതല അസോസിയേഷനുകള്‍ക്കും ക്ലബുകള്‍ക്കും ആവശ്യമായ പിന്തുണ നല്കും.

ടിടിഎകെയ്ക്ക് യഥാര്‍ഥമായ താത്പര്യമുണ്ടെന്നു 
വ്യക്തമായതായി ടിടിഎഫ്‌ഐ സെക്രട്ടറി ജനറല്‍


ന്യൂഡല്‍ഹി: കേരളത്തില്‍ ടേബിള്‍ ടെന്നിസ് കളി അഭിവൃദ്ധിപ്പെടുത്തുന്നതിനു ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ)-യ്ക്ക് യഥാര്‍ഥമായ താത്പര്യമുണ്ടെന്നു വ്യക്തമായതായി ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) സെക്രട്ടറി ജനറല്‍ എം.പി.സിംഗ്. ടിടിഎകെയ്ക്ക് ടിടിഎഫ്‌ഐയുടെ അഫിലിയേഷന്‍ അനുവദിച്ചുള്ള കത്തിലാണ് ഇക്കാര്യമുള്ളത്.

സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടിടിഎകെയുടെ മെമ്മോറാണ്ഡം ഓഫ് അസോസിയേഷന്‍ ടിടിഎഫ്‌ഐയുടെ ബൈലോയുമായി പൂര്‍ണമായും ചേരുന്നതാണെന്നു സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലാ അസോസിയേഷനുകളും ടിടിഎകെയിലാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. 

ഇതൊടൊപ്പം കെടിടിഎയെ ഡിസഫിലിയേറ്റ് ചെയ്യുകയും ചെയ്തു. ഗുവാഹട്ടിയില്‍ ചേര്‍ന്ന ടിടിഎഫ്‌ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അഫിലിയേഷന്‍, ഡിസഫലിയേഷന്‍ തീരുമാനങ്ങളെടുത്തത്.

കേരളത്തില്‍ സംസ്ഥാനതലത്തില്‍ നിലവില്‍ അംഗീകാരമുള്ള ഏക ടേബിള്‍ ടെന്നിസ് അസോസിയേഷനാണ് ടിടിഎകെ. ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷനിലും (ഐടിടിഎഫ്) ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലും ടിടിഎഫ്‌ഐ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

നിലവിലുള്ളതിനു നിയമപരമായി നിലനില്പ്പില്ല;
അനിവാര്യമായ പുതിയ ടിടി അസോസിയേഷന്‍


കൊച്ചി: ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ)-യുടെ അനിവാര്യമായ രൂപവത്കരണത്തോടെ ഏകദേശം മൂന്നു പതിറ്റാണ്ടായി സംസ്ഥാനതല അസോസിയേഷന്‍ എന്ന് അവകാശപ്പെട്ടിരുന്ന കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ (കെടിടിഎ) അംഗീകാരമാണ് ഇല്ലാതാകുന്നത്.

കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (കെടിടിഎ) ഒരിക്കലും ചട്ടങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും അതിനാല്‍ നിയമത്തിനു മുന്നില്‍ നിലനില്പ്പില്ലെന്നും രേഖാമൂലം വ്യക്തമായതിനെത്തുടര്‍ന്നാണ് കളിക്കാരുടെ താത്പര്യം സംരക്ഷിക്കാനായി ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരളയ്ക്ക് (ടിടിഎകെ) ടേബിള്‍ ടെന്നിസ് കളിയില്‍ താത്പര്യമുള്ളവര്‍ ചേര്‍ന്നു രൂപം നല്കിയത്. 

കെടിടിഎ ആകട്ടെ ആരംഭിച്ച 1990 മുതല്‍ നിയമപരമായുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ഇത് ഭാവിയില്‍ പലവിധത്തിലും മുന്‍കാലപ്രാബല്യ നഷ്ടപരിഹാര നടപടികള്‍ക്കും വ്യവഹാരങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ടേബിള്‍ ടെന്നിസ് കളിക്കാര്‍ക്കും കളിയുമായി ബന്ധപ്പെട്ടവര്‍ക്കും കെടിടിഎയില്‍ തുടരാന്‍ താത്പര്യമില്ലെന്നു വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പുതിയ അസോസിയേഷന്‍ വേണ്ടിവന്നത്. വിദ്യാര്‍ഥികളുടെയും കളിക്കാരുടെയും അവസരങ്ങളും ഭാവിയും കെടുകാര്യസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെടിടിഎ നഷ്ടപ്പെടുത്തുകയാണെന്നു വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു.

കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ എന്ന പേരിലുള്ള സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതു നിയമപരമായ രജിസ്‌ട്രേഷന്‍ കൂടാതെയാണെന്നു സൊസൈറ്റി രജിസ്ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയാണോ എന്നുള്ളതു സംബന്ധിച്ച് നാളിതുവരെ യാതൊരു വിവരവും ലഭ്യമല്ലെന്നും രജിസ്ട്രാര്‍ സൂചിപ്പിച്ചു.

നിയമപരമായി യോഗ്യതയില്ലാത്ത സ്‌പോര്‍ട്‌സ് അസോസിയേഷന്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ കണക്കുകളും രേഖകളും സൂക്ഷിക്കാതെ സ്വീകരിക്കുന്നതും ചെലവഴിക്കുന്നതും നിയമവിരുദ്ധമാണെന്നു മാത്രമല്ല ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ്. അടിസ്ഥാനപരമായി അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച അസോസിയേഷന്‍ 28 വര്‍ഷങ്ങളായി നടത്തിയ ടൂര്‍ണമെന്റുകളുടെയും മറ്റു നടപടികളുടെയും സാധുത ഇനി ചോദ്യം ചെയ്യപ്പെടാം.