Breaking News

Trending right now:
Description
 
Sep 18, 2018

കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നതു രജിസ്‌ട്രേഷന്‍ കൂടാതെയെന്നു രജിസ്ട്രാര്‍!

image ആലപ്പുഴ: കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ എന്ന പേരിലുള്ള സംസ്ഥാനതല സ്‌പോര്‍ട്‌സ് അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്നതു നിയമപരമായ രജിസ്‌ട്രേഷന്‍ കൂടാതെ! ഈ വിഷയത്തിലുള്ള പരാതിയെത്തുടര്‍ന്നു സൊസൈറ്റി രജിസ്ട്രാര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉറപ്പിച്ചത്. അസോസിയേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയാണോ എന്നുള്ളതു സംബന്ധിച്ച് നാളിതുവരെ യാതൊരു വിവരവും ലഭ്യമല്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. 

നിയമപരമായി യോഗ്യതയില്ലാത്ത സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ തട്ടിച്ചെടുക്കുന്നതു നിയമവിരുദ്ധവും ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ്. അംഗീകാരമില്ലാത്ത അസോസിയേഷന്‍ 28 വര്‍ഷങ്ങളായി നടത്തിവരുന്ന ടൂര്‍ണമെന്റുകള്‍ അടക്കമുള്ളവയുടെ സാധുത ഇനി ചോദ്യം ചെയ്യപ്പെടാം. വര്‍ഷംതോറും എല്ലാ കളിക്കാരില്‍ നിന്നും ഫീസ് ഈടാക്കാറുള്ളതാണ്. രേഖകള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അസോസിയേഷന്‍ പിരിച്ചുവിടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

അസോസിയേഷന്റെ പേരു 1990-ല്‍ രജിസ്റ്റര്‍ ചെയ്തതില്‍ പിന്നെ നിയമപരമായി വര്‍ഷം തോറും നല്‌കേണ്ട രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നു രജിസ്‌ട്രേഷന്‍, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കു തിരുവനന്തപുരം ജില്ലാ രജിസ്ട്രാര്‍ ജനറലാണ് റിപ്പോര്‍ട്ട് നല്കിയത്. വാര്‍ഷിക റിട്ടേണുകള്‍ ഒന്നും തന്നെ സമര്‍പ്പിച്ചിട്ടില്ല. ആനുവല്‍ ജനറല്‍ബോഡി മീറ്റിംഗ് മിനിട്ടുകള്‍, ഭാരവാഹികളുടെ പേരുവിവരങ്ങള്‍, ഓഡിറ്റഡ് സ്‌റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്‌സ് തുടങ്ങിയവയൊന്നും ലഭ്യമല്ല.

കേരള സംസ്ഥാനത്തെ ടേബിള്‍ ടെന്നിസ് കളി നിയന്ത്രിക്കുന്ന കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ നിയമപരമായി ആവശ്യമായ രജിസ്‌ട്രേഷന്‍ കൂടാതെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നു ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്. മലയിലാണ് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി.സുധാകരന് പരാതി നല്കിയത്. നിയമപരമായും സാങ്കേതികമായും ധാര്‍മികമായും അടിസ്ഥാനവും നിലനില്പ്പുമില്ലാത്ത അസോസിയേഷനാണ് കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരവും സര്‍ക്കാര്‍ വക സഹായങ്ങളും ഏകദേശം മൂന്നു പതിറ്റാണ്ടായി കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം.

2000-ലെ കേരള സ്‌പോര്‍ട്‌സ് ആക്ട് അനുസരിച്ച് അസോസിയേഷന്‍ സ്വതന്ത്ര സ്ഥാപനമായി 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമോ അല്ലെങ്കില്‍ 1955-ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരമോ രജിസ്റ്റര്‍ ചെയ്തു വര്‍ഷം തോറും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു പുതുക്കേണ്ടതും സ്‌പോര്‍ട്‌സ് വികസനത്തിനായി മാത്രം പ്രവര്‍ത്തിക്കേണ്ടതുമാണ്. എന്നാല്‍ 2005-ലെ വിവരാവകാശ നിയമ പ്രകാരം നേരത്തേ ലഭ്യമായ വിവരങ്ങളനുസരിച്ച് കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ എന്ന ഒരു സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി രേഖകള്‍ പരിശോധിച്ചതില്‍ കാണുന്നില്ല എന്നാണ് സ്റ്റേറ്റ് പബഌക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയത്. സംഘത്തിന്റെ റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. കൃത്യമായി പ്രവര്‍ത്തിക്കുന്ന സംഘത്തിനു വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്താനാകില്ല.

കളിക്കാര്‍ക്കു മത്സരങ്ങളില്‍ അംഗീകാരത്തോടെ പങ്കെടുക്കുന്നതിനും മറ്റും എല്ലാ ജില്ലാതല അസോസിയേഷനുകളും രജിസ്റ്റര്‍ ചെയ്യണമെന്നു കര്‍ശനമായ നിബന്ധന വച്ചിരിക്കെ അനേക വര്‍ഷങ്ങളായി തികച്ചും അനധികൃതമായും യാതൊരു അവകാശങ്ങളില്ലാതെയും നടപടികള്‍ക്ക് അധികാരമില്ലാതെയും അധികാരസ്ഥാനത്തു നിന്നുള്ള അനുവാദമില്ലാതെയും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല അസോസിയേഷനെ പിരിച്ചുവിടാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ടേബിള്‍ ടെന്നിസ് കളി സംസ്ഥാനത്തൊട്ടാകെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം നിലവിലുള്ള അസോസിയേഷന്‍ ഭാരവാഹികള്‍ കളിയെ തളര്‍ത്താന്‍ വിവിധ രീതികളിലും അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ സൂചിപ്പിച്ചും ശ്രമിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേസമയം, കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ സ്വേച്ഛാപരവും നിയമവിരുദ്ധവുമായി തുടര്‍ച്ചയായി നടത്തിവരുന്ന വിവിധ നടപടികളിളും ക്രമക്കേടുകളിലും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷണം നടത്തണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വിവിധ ജില്ലാ അസോസിയേഷനുകളും കളിക്കാരും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

അസോസിയേഷന്റെ നിലവില്‍ തുടരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എസ്.എ.എസ്.നവാസ്-പ്രസിഡന്റ്, ദീപക് ടി. നെടുങ്ങാടന്‍-ഹോണററി സെക്രട്ടറി, സി.ജി.രാമചന്ദ്രന്‍-ഹോണററി ട്രഷറര്‍ തുടങ്ങിയവരാണുള്ളത്.