Breaking News

Trending right now:
Description
 
Feb 12, 2013

സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട്‌ അലറി വിളിച്ചില്ല...?

ജിജി ഷിബു
image ഞാന്‍ മാധ്യമ പഠന വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ്‌ സൂര്യനെല്ലി സംഭവം നടക്കുന്നത്‌. ഈ വിഷയത്തില്‍ പൊതു സമൂഹത്തിലെ സാധാരണക്കാര്‍ മുതല്‍ പ്രഗല്‌ഭരായവര്‍ വരെ പ്രതികരിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ആ പെണ്‍കുട്ടി എന്തുകൊണ്ട്‌ അലറി വിളിച്ചില്ല...? 

ഇന്ന്‌ ഫെയ്‌സ്‌ ബുക്കില്‍ നിന്ന്‌ ഗ്ലോബല്‍ മലയാളം കണ്ട്‌ പരിചയപ്പെട്ട ഒരാള്‍ എന്നെ ഫോണ്‍ വിളിച്ചു ചോദിച്ചു,
;ഞാന്‍ ചോദിക്കുന്നതുകൊണ്ട്‌ ഒന്നു വിചാരിക്കരുത്‌ ആ പെണ്‍കുട്ടി എന്തുകൊണ്ട്‌ അലറി വിളിച്ചില്ല...>? അയാളുടെ മകളായിരുന്നുവെങ്കില്‍ എന്തൊക്കെയോ ചെയ്യുമെന്നും മറ്റുമാണ്‌ അയാള്‍ പറഞ്ഞത്‌

സൗമ്യയോടും ഡല്‍ഹി പെണ്‍കുട്ടിയുടെ പേരിലും ആത്മരോക്ഷം കൊള്ളുന്ന ഇയാള്‍ ഈ പെണ്‍കുട്ടി സഹതാപമര്‍ഹിക്കുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ എന്ന കള്ളനാണയങ്ങള്‍ ഇത്‌ റെയ്‌റ്റിംഗിനായി ചെയ്‌ത വാര്‍ത്തയാണെന്നുമാണ്‌ അഭിപ്രായം പെട്ടത്‌. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശരിയല്ലെന്നും ആ സാമൂഹ്യപ്രതിബദ്ധതയുള്ള മാന്യന്‍ എന്നോട്‌ ആക്രോശിച്ചു.

ഇദ്ദേഹം പറഞ്ഞ അഭിപ്രായം അദ്ദേഹത്തിന്റെ അഭിപ്രായമല്ല, ഒരു സാമുഹ്യനിര്‍മ്മിതിയുടെ നീതി ശാസ്‌ത്രത്തിന്റ ബലിയാടാണ്‌ ഇയാള്‍ . 
"ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടു ഡസനിലേറെ പെതഡിന്‍ ഇന്‍ഞ്ചക്ഷന്‍ എടുത്തിരുന്ന കൗമാരക്കാരിയായ പെണ്‍കുട്ടിയാണ്‌ അവള്‍ എന്നു മറന്നു പോകരുത്‌." ആ പെണ്‍കുട്ടിയുടെ ദുരവസ്ഥ വിവരിക്കാന്‍ ശ്രമിച്ച എന്നെ അയാള്‍ ഭീഷണിപ്പെടുത്തി,

"ഞാന്‍ തന്നെ അണ്‍ഫ്രണ്ട്‌ ചെയ്‌തു കളയും" .

ഇഷ്ടക്കാരന്‌ ഹോസ്‌റ്റല്‍ ഫീസ്‌ മറിച്ചു കൊടുത്തതും ആഭരണങ്ങള്‍ പണയം വയ്‌ക്കാന്‍കൊടുത്തതും ഉദാത്തമായ പ്രണയം കൊണ്ടല്ലെന്നും ആ പെണ്‍കുട്ടി കാമഭ്രാന്തിന്‌ അടിമയായതുകൊണ്ടെന്നുമാണ്‌ വിനീതനായ ആ സുഹൃത്തിന്റെ അഭിപ്രായം. പ്രണയത്തെ ഉദാത്തവല്‍ക്കരിക്കുകയും സ്വപ്‌നം കാണുവാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന നാം അതില്‍ വിജയിക്കാതെ പോകുന്നവരെ എത്ര ക്രൂരമായാണ്‌ പരിഹസിക്കുന്നത്‌.
പെണ്‍കുട്ടിയെ ഏലപ്പാറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി കൊണ്ടുവന്നിരുന്നു. ആ ഡോക്ടറോട്‌ കഴിഞ്ഞ ദിവസം ഞാന്‍ ചോദിച്ചു, ആ പെണ്‍കുട്ടിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടുവോ,
ഡോക്ടര്‍ പറഞ്ഞു; "ഞാന്‍ കരുതിയത്‌ മൂന്നോ നാലോ ദിവസത്തിനകം അവള്‍ മരിക്കുമെന്നാണ്‌,അണുബാധയേറ്റ്‌ പൊള്ളുന്ന പനിയുമായാണ്‌ അവള്‍ ഹോസ്‌പിററലില്‍ എത്തിയത്‌. ജനനേന്ദ്രയിത്തിന്‌ സാരമായ പരുക്കേറ്റ അവള്‍ വേദന കടിച്ചമര്‍ത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയായതിനാല്‍ അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രിയിലേയ്‌ക്ക്‌ റഫര്‍ ചെയ്‌താണ്‌ "ഡോക്ടര്‍ പറഞ്ഞു നിറുത്തി.

സ്‌ത്രീ വിഷയമായതിനാല്‍ കൂടുതല്‍ ഇടപ്പെട്ടാല്‍ നമ്മള്‍ കൂടി അകത്താകും അതിനാല്‍ ഇന്‍ഞ്ചക്ഷന്‍ എടുക്കാന്‍ ഞാന്‍ വിസമ്മതിച്ചു. അത്രയ്‌ക്കും മോശമായ ആരോഗ്യാവസ്ഥയിലാണ്‌ ആ പെണ്‍കുട്ടി അവിടെ എത്തിയത്‌. കൂടെയുള്ളവര്‍ പെണ്‍കുട്ടിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തിക്കാമെന്നും പോലീസില്‍ അറിയിക്കാമെന്നും വാഗ്‌ദാനം നല്‌കി

. പിന്നീട്‌ ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത്‌ മജിസ്രേട്ട്‌ മൊഴിയെടുത്തെന്ന പെരും നുണയാണ്‌. അന്യനാട്ടുകാരനായ വെറുമൊരു ഡോക്ടറായ എന്‌ിക്ക്‌ അതില്‍ കൂടുതല്‍ ചെയ്യേണ്ടതായിരുന്നുവെന്ന്‌ ഞാന്‍ മനസിലാക്കിയത്‌ ഈ സംഭവം കേസായി കഴിഞ്ഞാണ്‌. പോലീസ്‌ കേറിയിറങ്ങി, ഞാന്‍ സാക്ഷിയല്ല പ്രതിയാണെന്നും എന്റ ഹോസ്‌പിറ്റല്‍ കേന്ദ്രീകരിച്ച്‌ പല അനാശാസ്യം നടക്കുന്നുവെന്ന്‌ വരെയും പറഞ്ഞ്‌ പരത്തി. പിന്നീട്‌ ആ നാട്‌ തന്നെ വിട്ടു പോകേണ്ടി വന്നു. അതുകൊണ്ട്‌ എന്റെ പേരു പറയരുത്‌. ആ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങിപ്പോയ നിലവിളിയുടെ ഭീകരത ഞാന്‍ മനസിലാക്കിയത്‌ കേസില്‍ സാക്ഷ്യയാക്കപ്പെട്ടപ്പോഴാണ്‌." ഡോക്ടര്‍ പറഞ്ഞു.

വേദനകള്‍ക്കിടയിലും ആരെ വിശ്വസിക്കണമെന്നറിയാത്ത ആ നിഷ്‌കളങ്ക കണ്ണുകളില്‍ കത്തിയ ആത്മരോക്ഷത്തിന്റെയും ഭയത്തിന്റെയും തീജ്വാല ഇപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്‌. തന്നെ ദ്രോഹിച്ചവരെ ശിക്ഷിക്കണമെന്ന ആത്മബലമില്ലായിരുന്നുവെങ്കില്‍ അവളുടെ കുഞ്ഞ്‌ ശരീരത്തിന്‌ താങ്ങാന്‍ സാധിക്കാത്തത്ര ആന്തരിക മുറിവുകള്‍ അവള്‍ക്ക്‌ ഏറ്റിരുന്നു. തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജീവന്‍ കെടുത്തുന്ന വേദനകളെ സഹിച്ച്‌ സുഖത്തിനും പണത്തിനുമായി അവള്‍ വസ്‌ത്രം ഉരിഞ്ഞുവെന്ന്‌ പറയുവാന്‍ നമ്മുക്ക്‌ ലജ്ജയില്ലേ ?മരണ വേദനയെ മറക്കാന്‍ മയക്കുമരുന്ന്‌ കുത്തിവെയ്‌പ്പിച്ച്‌ മയക്കി കിടത്തിയ പെണ്‍കുട്ടിയില്‍ നിന്ന്‌ അവളെ സമീപിച്ച പുരുഷന്മാര്‍ക്ക്‌ കിട്ടിയ ആ സുഖം എന്താണ്‌? രണ്ടു പെണ്‍കുട്ടികളുടെ പിതാവായ,അധ്യാപകനായ രാഷ്ട്രീയ നേതാവായ കുര്യനെപ്പോലെയുള്ളവര്‍ പ്രതി
യാക്കപ്പെടുമ്പോള്‍ നന്മയുടെ പ്രതീകങ്ങളാകേണ്ട "പെണ്‍കുട്ടികളുടെ അച്ഛന്‍" അധ്യാപകന്‍ എന്ന പ്രതീകങ്ങള്‍ തന്നെയാണ്‌ തകര്‍ക്കപ്പെടുന്നത്‌. ഒരിടത്തരം കുടുംബത്തില്‍ അത്യാവശ്യം സാമ്പത്തിക ചുറ്റുപാടില്‍ വളര്‍ന്ന പെണ്‍കുട്ടി നല്ല നിലയില്‍ പഠിക്കാനാണ്‌ മാതാപിതാക്കള്‍ ഹോസ്‌റ്റലില്‍ ആക്കിയത്‌. തന്റെ സൗന്ദര്യത്തില്‍ ആത്മാഭിമാനം തോന്നിയിരുന്ന ആ പതിനാറുകാരിയുടെ ചപലമായ മനസിനെ ബസ്‌കണ്ടക്ടറിന്‌ പെട്ടെന്ന്‌ സ്വാധീനിക്കാന്‍ ആയി. ഈ സംഭവത്തിനു ശേഷവും എത്രയോ പെണ്‍കുട്ടികള്‍ ഇതുപ്പോലെയുള്ള കപട പ്രണയക്കാരുടെ കയ്യില്‍ വീണു പോകുന്നു. നാം വാണിജ്യവല്‍ക്കരിക്കപ്പെട്ട ഒരു പ്രണയ ദിനത്തിലേയ്‌ക്ക്‌ കടന്നു പോകുകയാണ്‌. കണ്ണും മൂക്കും ഇല്ലാത്ത പ്രണയമല്ലിത്‌, കയ്യില്‍ കാശുള്ളവന്റെ പ്രണയ കാലമാണിത്‌. അവിടെ നിങ്ങളുടെ മക്കളെ സുരക്ഷിതരായി വളര്‍ത്താമെന്ന്‌ വ്യാമോഹിക്കരുത്‌. നിങ്ങളുടെ മക്കള്‍ ഞങ്ങള്‍ പഠിപ്പിച്ച നല്ല ശീലക്കാര്‍ എന്ന അഹംഭാവം വെടിയൂ എന്നിട്ട്‌ നീതിക്കായി ഒരു നിമിഷം പുരുഷ ധാര്‍ഷ്ട്യത്തിന്റയും മൗനത്തിന്റെയും പുറ്റുക പൊളിച്ചു പുറത്തു വരുക. നിങ്ങളുടെ പ്രീയപ്പെട്ടവര്‍ അപകടത്തിലാകുന്നതിന്‌ മുമ്പ്‌ ഉണരുക ...