Breaking News

Trending right now:
Description
 
Aug 31, 2018

ആലിസിന്റെ വസ്‌ത്രംമാറല്‍ വിവാദം; യുഎസ്‌ ഓപ്പണ്‍ അധികൃതര്‍ മാപ്പുപറഞ്ഞു

image യുഎസ്‌ ഓപ്പണ്‍ ടെന്നീസ്‌ മത്സരത്തിനിടെ കോര്‍ട്ടില്‍വച്ച്‌ വസ്‌ത്രം മാറിയ ഫ്രഞ്ച്‌ താരം ആലിസ്‌ കോര്‍നെറ്റിനെതിരായ അച്ചടക്ക നടപടിയില്‍ യുഎസ്‌ ഓപ്പണ്‍ അധികൃതര്‍ മാപ്പു പറഞ്ഞു. ആലിസ്‌ കോര്‍നെറ്റിനെതിരെ അമ്പയര്‍ ക്രിസ്റ്റ്യന്‍ റാസ്‌ക്കാണ്‌ നടപടി സ്വീകരിച്ചത്‌. ചൂടേറിയ കാലാവസ്ഥയായതിനാല്‍ വനിതാ താരങ്ങള്‍ക്ക്‌ രണ്ടാം സെറ്റിനും മൂന്നാംസെറ്റിനും ഇടയില്‍ പത്തുമിനിട്ട്‌ ഇടവേള അനുവദിച്ചിട്ടുണ്ട്‌. ഇടവേളയെടുത്ത്‌ തിരിച്ച്‌ കോര്‍ട്ടിലെത്തിയപ്പോഴാണ്‌ ധരിച്ചിരുന്ന ടോപ്പ്‌ തലതിരിഞ്ഞുപോയതായി കോര്‍നെറ്റിന്‌ മനസിലായത്‌. ഉടന്‍ മറ്റൊന്നും ചിന്തിക്കാതെ താരം വസ്‌ത്രം ഊരി തിരിച്ചിടുകയും ചെയ്‌തു. എന്നാല്‍ താരം യുഎസ്‌ ഓപ്പണ്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്‌ ആരോപിച്ച്‌ അമ്പയര്‍ നടപടിയെടുക്കുകയായിരുന്നു. അമ്പയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്‌തു. പുരുഷതാരം നൊവാക്‌ ജോക്കോവിച്ച്‌ പത്തുമിനിട്ടോളം മേല്‍വസ്‌ത്രമില്ലാതെ കളിക്കളത്തില്‍ ഇരുന്നിട്ടും നടപടിയെടുക്കാതിരുന്നത്‌ ലിംഗവിവേചനത്തിന്റെ ഉദാഹരണമായി പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. വിവാദം കനത്തതോടെ എല്ലാതാരങ്ങള്‍ക്കും കളിക്കിടെ വസ്‌ത്രം മാറുന്നതിന്‌ അനുമതിയുണ്ടെന്നും ആലിസിന്റേത്‌ നിയമലംഘനമല്ലെന്നും യുഎസ്‌ ഓപ്പണ്‍ അധികൃതര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.