Breaking News

Trending right now:
Description
 
Aug 31, 2018

പ്രളയക്കെടുതി: പണം സമാഹരിക്കാന്‍ മന്ത്രിമാര്‍ വിദേശത്തേക്ക്‌

image പ്രളയക്കെടുതിയില്‍ കേരളം തകര്‍ച്ചയിലായ പശ്ചാത്തലത്തില്‍ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും വിദേശമലയാളികളില്‍നിന്നു സംഭാവനകള്‍ സ്വരൂപിക്കുന്നതിനായി മന്ത്രിമാര്‍ ഉടന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കും. മന്ത്രിമാര്‍ക്കൊപ്പം മുതിര്‍ന്ന ഗവ.സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ്‌ ഇതിന്‌ നിയോഗിക്കുക. മന്ത്രിസഭയുടെ പ്രത്യേക യോഗമാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനം എടുത്തത്‌. ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം എന്നതുസംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. ഓരോ ജില്ലയിലെയും പ്രമുഖരുടെ പട്ടിക തയാറാക്കി അവരില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കും. സംസ്ഥാനത്തിന്റെ പുനസൃഷ്ടിക്കായി കേന്ദ്രസര്‍ക്കാരിന്റെ അധികസഹായവും വിദേശരാജ്യങ്ങളുടെയും ഏജന്‍സികളുടെയും ധനസഹായം തേടുന്നതിന്‌ യോഗം ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. വീടുകള്‍ക്കും കടകള്‍ക്കുമുണ്ടായ കേടുപാടുകള്‍ സംബന്ധിച്ച്‌ ഡിജിറ്റല്‍ വിവരശേഖരണത്തിനു വിദഗ്‌ധ സമിതിയെ നിയോഗിച്ചു. ഇതേസമയം, സംസ്ഥാന പുനര്‍നിര്‍മാണത്തിനുള്ള രൂപരേഖ സംബന്ധിച്ച്‌ തീരുമാനമായില്ല. വിദേശത്തുനിന്നുള്ള സംഭാവനകള്‍ എത്തുന്ന സാഹചര്യത്തില്‍ സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും എട്ടുജില്ലകളെകൂടി ദുരിതബാധിത മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കടന്നു. വ്യാഴാഴ്‌ച രാത്രി എട്ടുവരെയുളള കണക്കുകള്‍ പ്രകാരം ഇതുവരെ 1026 കോടി രൂപയായി.