Breaking News

Trending right now:
Description
 
Aug 30, 2018

പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ കേരളം ആദരിച്ചു

image പ്രളയക്കെടുതിയില്‍ രക്ഷകരായി എത്തിയ ധീരരായ മത്സ്യത്തൊഴിലാളികളെ കേരളം ആദരിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിയാക്കി കേരളത്തിലെ സൈന്യത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഗ്‌ സല്യൂട്ട്‌ അര്‍പ്പിച്ചു. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെ ആദരിക്കാനായി സര്‍ക്കാര്‍ ഒരുക്കിയ ചടങ്ങ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഉണ്ടായിരുന്നുള്ളൂ. സ്വന്തം കുടുംബത്തെ കുറിച്ചുപോലും ആലോചിക്കാതെ അവര്‍ എല്ലാംമറന്ന്‌ രക്ഷയ്‌ക്ക്‌ എത്തുകയായിരുന്നു. സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചത്‌ പിന്നീടായിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ ലോറിയില്‍ ബോട്ടുകളെത്തിച്ചപ്പോള്‍ അവ താഴെയിറക്കുന്നതിനു മുമ്പുതന്നെ രക്ഷാദൗത്യത്തിനായി വെള്ളത്തിലേക്കു ചാടിയ മത്സ്യത്തൊഴിലാളികള്‍ നാട്ടുകാര്‍ക്കു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ധീരവും ചടുലവുമായ ദൗത്യത്തിനാണ്‌ കേരളം പിന്നീട്‌ സാക്ഷ്യംവഹിച്ചത്‌. ഇതു നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള മേനിപറച്ചിലല്ല. അക്ഷരാര്‍ഥത്തില്‍ അത്‌ അങ്ങനെതന്നെയായിരുന്നു. പ്രാഗത്ഭ്യമുള്ള സേനകളുടെ തലവന്മാരും അവരുടെ ഇടപെടലും ചടുലതയുമെല്ലാം അംഗീകരിച്ചിട്ടുണ്ട്‌. എല്ലാവര്‍ക്കും ബിഗ്‌ സല്യൂട്ട്‌-മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു മത്സ്യത്തൊഴിലാളികലെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. അനുമോദനപ്പത്രത്തിനൊപ്പം സര്‍ക്കാരിന്റെ ഉപഹാരവും അവര്‍ക്ക്‌ സമ്മാനിച്ചു.