Breaking News

Trending right now:
Description
 
Aug 27, 2018

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്‌ ഒരുമാസത്തെ ശമ്പളം നല്‍കണം: മുഖ്യമന്ത്രി

image പ്രളയക്കെടുതിയില്‍പെട്ട്‌ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്‌ എല്ലാവിഭാഗങ്ങളിലുംപെട്ട, ശമ്പളം വാങ്ങുന്ന ഓരോ മലയാളിയും ഒരുമാസത്തെ ശമ്പളം നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ശമ്പളം ഒന്നിച്ചു നല്‍കുന്നത്‌ പലര്‍ക്കും ബുദ്ധിമുട്ടാണെന്ന്‌ അറിയാം. അതുകൊണ്ടുതന്നെ ഓരോ മാസവും മൂന്നുദിവസത്തെ ശമ്പളം എന്ന കണക്കിന്‌ പത്തുമാസം നല്‍കണം. ഈവിധം ഒരുമാസത്തെ ശമ്പളം നല്‍കാനാവും. അങ്ങനെ പുനര്‍നിര്‍മാണം പ്രയാസമില്ലാതെ ചെയ്യാം. മലയാളി സമൂഹമാകെ പങ്കാളികളായാല്‍ അതിജീവനം എളുപ്പമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടുദിവസത്തില്‍ അധികം വെള്ളം കെട്ടിനിന്നതോ മണ്ണിടിച്ചില്‍ അടക്കമുള്ള കാരണങ്ങളാല്‍ വീട്‌ വാസയോഗ്യമല്ലാതാകുകയോ ചെയ്‌ത ഓരോ കുടുംബത്തിനും ഒറ്റത്തവണ ആശ്വാസധനസഹായമായി 10,000 രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാതാവുകയോ ചെയ്‌ത വീടിന്‌ നാലുലക്ഷം രൂപ വീതവും വീടും സ്ഥലവും നഷ്ടമായവര്‍ക്ക്‌ സ്ഥലം വാങ്ങാന്‍ പരമാവധി ആറുലക്ഷം രൂപ അടക്കം 10 ലക്ഷം രൂപയും ലഭ്യമാക്കും. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു തുക നല്‍കും. നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അദാലത്തു സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി യാതൊരു ഫീസും നല്‍കേണ്ടതില്ല. കാലവര്‍ഷക്കെടുതിയിലും ഉരുള്‍പൊട്ടലിലും പരുക്കേറ്റവര്‍ക്കു സൗജന്യ ചികിത്സ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്‌. പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ കഷ്ടപ്പെടുന്ന ആദിവാസി പട്ടികജാതി കുടുംബങ്ങള്‍ക്കു പ്രത്യേക സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.