Breaking News

Trending right now:
Description
 
Aug 26, 2018

മല്യ രാജ്യംവിട്ടത്‌ ബിജെപി നേതാക്കളുടെ അറിവോടെ: രാഹുല്‍ഗാന്ധി

image കോടികളുടെ ബാങ്ക്‌ വായ്‌പാ തട്ടിപ്പു നടത്തിയ വിവാദ വ്യവസായി വിജയ്‌ മല്യ രാജ്യം വിടുന്നതിനു മുമ്പ്‌ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്‌. ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ്‌ ഇത്തരത്തിലൊരു ആരോപണം രാഹുല്‍ ഉന്നയിച്ചത്‌. ഇതിന്‌ തെളിവുണ്ട്‌. എന്നാല്‍, മല്യ ഏതൊക്കെ ബിജെപി നേതാക്കളെ കണ്ടുവെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച മല്യ അടക്കമുള്ള വ്യവസായികളോട്‌ ഉദാരസമീപനമാണ്‌ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഇത്തരക്കാര്‍ക്ക്‌ രാജ്യം വിടാന്‍ സര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മല്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ജയിലുകളിലെ അവസ്ഥ വളരെ മാന്യമായിരിക്കും. മല്യയ്‌ക്കായി മുംബൈയിലെ ജയിലുകളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു സിബിഐ കഴിഞ്ഞദിവസം ലണ്ടന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ വളരെ മോശമാണെന്നു മല്യ ഒരിക്കല്‍ പരാമര്‍ശിച്ചിരുന്നു. നീതി എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരുപോലെയാണെന്നും രാഹുല്‍ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.