Breaking News

Trending right now:
Description
 
Aug 25, 2018

കൊലക്കേസ്‌ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

image കണ്ണൂരിലെ പിണറായില്‍ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതി വണ്ണത്താം വീട്ടില്‍ സൗമ്യ (30) ജയിലിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കണ്ണൂര്‍ വനിതാ ജയിലിലെ ജീവനക്കാര്‍ക്കെതിരെയാണ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ജയില്‍ ഡിജിപി സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കമ്മീഷന്റെ ഉത്തരവുണ്ട്‌. സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക്‌ വീഴ്‌ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയ കേസ്‌ എടുക്കുകയായിരുന്നു. ജയിലില്‍വച്ച്‌ സൗമ്യ പീഡനത്തിന്‌ ഇരയായോ എന്നും പരിശോധിക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. വെള്ളിയാഴ്‌ച രാവിലെ ജയിലിലെ ഡെയറിഫാമിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ്‌ സൗമ്യയെ കണ്ടെത്തിയത്‌. ഇവിടെ പശുക്കളെ നോക്കുന്ന ജോലിയാണ്‌ സൗമ്യ ചെയ്‌തിരുന്നത്‌. മാതാപിതാക്കളെയും മക്കളെയും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ ഏപ്രില്‍ 28നാണു കണ്ണൂര്‍ വനിതായ ജയിലില്‍ അടച്ചത്‌. സംഭവത്തെക്കുറിച്ചു ജയില്‍ ഡിജിപി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.