Breaking News

Trending right now:
Description
 
Aug 24, 2018

കേരളത്തിന്‌ കൂടുതല്‍ സഹായം നല്‍കുമെന്ന്‌ കേന്ദ്രം

image കേരളത്തിനു പ്രളയ ദുരിതാശ്വാസമായി നല്‍കിയ 600 കോടി രൂപ അടിയന്തര സഹായമാണെന്നും നാശനഷ്ടങ്ങളുടെ വിലയിരുത്തലിനും സംസ്ഥാന സര്‍ക്കാരിന്റെ നിവേദനത്തിനും ശേഷം കൂടുതല്‍ സഹായം നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍. സ്റ്റേറ്റ്‌ ഡിസാസ്റ്റര്‍ റിലീഫ്‌ ഫണ്ടിലേക്ക്‌ (എസ്‌ഡിആര്‍എഫ്‌) നേരത്തെ നല്‍കിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിനായി വിനിയോഗിക്കാം. ആദ്യമുണ്ടായ പ്രളയക്കെടുതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിവേദനം ലഭിച്ച ഉടന്‍തന്നെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയച്ചിരുന്നു. എന്നാല്‍ ഇവര്‍ റിപ്പോര്‍ട്ട്‌ നല്‍കിയശേഷമാണ്‌ രണ്ടാംഘട്ട വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടായതെന്നു കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രളയം ദുരിതംവിതച്ച കര്‍ണാടകത്തിനും കേരളത്തിനും അടിയന്തര സഹായം മാത്രമാണ്‌ നല്‍കിയിട്ടുള്ളത്‌. ഇതിനുപുറമേ ദിവസവും പ്രധാനമന്ത്രി കാര്യവിവരങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്‌.
കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണയായാണ്‌ എസ്‌ഡിആര്‍എഫ്‌ അടിയന്തര സഹായങ്ങള്‍ നല്‍കുന്നത്‌. ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴും സംസ്ഥാനം ഈ തുകയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്നാണ്‌ മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നത്‌. അതിന്‌ സാധിച്ചില്ലെങ്കില്‍ വിശദമായ ഏതൊക്കെ വകുപ്പുകളിലാണ്‌ ആവശ്യമെന്ന്‌ വിശദമായി ചൂണ്ടികാണിച്ചുള്ള നിവേദനം നല്‍കണം. അടിയന്തരസഹായമായി ഭക്ഷ്യധാന്യങ്ങള്‍, ശുദ്ധജലം, ഔഷധങ്ങള്‍, മറ്റ്‌ ആവശ്യസാധനങ്ങള്‍ എന്നിവ നടപടിക്രമങ്ങള്‍ നോക്കാതെ നല്‍കി. പ്രളയരക്ഷയ്‌ക്കായി 40 ഹെലികോപ്‌റ്ററുകള്‍, 31 എയര്‍ക്രാഫ്‌റ്റുകള്‍, പ്രതിരോധവകുപ്പില്‍നിന്ന്‌ 182 രക്ഷാ സംഘം, എന്‍ഡിആര്‍എഫില്‍നിന്ന്‌ 58 സംഘം, 18 മെഡിക്കല്‍സംഘം, 500 ബോട്ടുകള്‍ എന്നിവ സംസ്ഥാനത്തിന്‌ നല്‍കി. രക്ഷാപ്രവര്‍ത്തനത്തില്‍ 60,000 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.