Breaking News

Trending right now:
Description
 
Aug 23, 2018

കേരളത്തെ നശിപ്പിച്ച പ്രളയം: വിദേശസഹായം വേണ്ട കേന്ദ്രം

image നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ മുങ്ങിത്താഴ്‌ന്ന കേരളത്തിനു വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായം വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച്‌ കേന്ദ്രം. ഇതോടെ കേരളത്തിന്‌ യുഎഇ വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപയും ഖത്തര്‍ വാഗ്‌ദാനം ചെയ്‌ത 35 കോടി രൂപയും ഇഷ്ടമാകും. വിദേശരാജ്യങ്ങള്‍ സഹായം വാഗ്‌ദാനം ചെയ്‌താല്‍, സന്മനസിന്‌ നന്ദി പറഞ്ഞ്‌ അവ നിരസിക്കണമെന്നു യുഎഇയുടെ പ്രഖ്യാപനത്തിനു മുമ്പേ വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരോട്‌ നിര്‍ദേശിച്ചിരുന്നു. 2004ല്‍ സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നുവച്ച നയമാണ്‌ ഇപ്പോള്‍ പിന്തുടരുന്നതെന്നാണ്‌ സര്‍ക്കാര്‍ വാദം. യുഎഇ, ഖത്തര്‍ എന്നിരാജ്യങ്ങള്‍ക്കു പുറമേ റഷ്യ, ജപ്പാന്‍, മാലി എന്നിവിടങ്ങളില്‍നിന്നുള്ള സഹായ വാഗ്‌ദാനവും ഇതോടെ കേരളത്തിനു നഷ്ടമാകും. രാജ്യത്തിന്റെ പുറത്തുനിന്നുള്ള എല്ലാ സഹായഹസ്‌തങ്ങളും കീഴ്‌ വഴക്കങ്ങളുടെയും നയങ്ങളുടെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ തട്ടിമാറ്റിയതോടെ പുനര്‍നിര്‍മിതിക്കു തയാറെടുക്കുന്ന കേരളത്തിന്‌ ഇതു തിരിച്ചടിയായി. കഴിഞ്ഞ 15 വര്‍ഷമായി രാജ്യം പിന്തുടരുന്ന നിലപാടില്‍നിന്നു ഒരിഞ്ചുപോലും മാറ്റം വരുത്തില്ലെന്ന ശക്തമായ നിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്‌. വിദേശത്തുനിന്നുള്ള ഭരണാധികാരികള്‍ക്കും പൗരന്മാര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വ്യവസ്ഥകള്‍ പാലിച്ച്‌ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്കു പണം സ്വീകരിക്കുന്നതിനു തടസമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്‌. റജിസ്‌ട്രേര്‍ഡ്‌ അല്ലാത്ത സംഘടനകള്‍ നല്‍കുന്ന സഹായത്തിന്‌ നികുതി നല്‍കേണ്ടിവരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.