Breaking News

Trending right now:
Description
 
Aug 22, 2018

ശക്തമായ കാറ്റുണ്ടാകുമെന്ന്‌ തെറ്റായ സന്ദേശം; ജനങ്ങള്‍ പരിഭ്രാന്തിയിലായി

image കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളില്‍ രാത്രി മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയില്‍നിന്നുള്ള തെറ്റായ സന്ദേശം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. സന്ദേശം പഴയതാണെന്ന്‌ അറിയാതെ ആറു ജില്ലകളിലെയും എസ്‌പിമാര്‍ കാറ്റിനെ നേരിടാന്‍ മുന്നൊരുക്ക നടപടികള്‍ ആരംഭിച്ചു. രാത്രി കാറ്റടിക്കുമെന്നു അറിയിപ്പു ലഭിച്ചിട്ടുണ്ടെന്നും എല്ലാ എസ്‌എച്ച്‌ഒമാരും ജാഗ്രത പുലര്‍ത്തണമെന്നും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നു ജില്ലാ പൊലീസ്‌ മേധാവിയുടെ നിര്‍ദേശവും വന്നു. ഇതോടെ പൊലീസ്‌ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തി. ബോട്ടുകളും ക്രെയിനുകളും സജ്ജീകരിച്ചു. നൗ കാസ്‌റ്റ്‌ എന്ന പേരിലാണ്‌ ഇന്നലെ രാവിലെ 11ന്‌ സന്ദേശം പുറത്തുവന്നത്‌. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട്‌ പെട്ടെന്നു നല്‍കുന്ന മുന്നറിയിപ്പാണ്‌ നൗ കാസ്റ്റ്‌. പഴയ ഏതോസന്ദേശം ദുരന്തനിവാരണ അതോറിറ്റിയില്‍നിന്നു അബദ്ധത്തില്‍ പുറത്തുപോയതാണ്‌ പരിഭ്രാന്തി ഉണ്ടാക്കിയത്‌. അബദ്ധം മനസിലായതോടെ നിലവില്‍ ഒരുതരത്തിലുമുള്ള മഴ മുന്നറിയിപ്പ്‌ സംസ്ഥാനത്ത്‌ ഇല്ലെന്നു കാട്ടി രാത്രി പത്തോടെ ദുരന്തനിവാരണ അതോറിറ്റി പത്രക്കുറിപ്പ്‌ ഇറക്കുകയും ചെയ്‌തു.