Breaking News

Trending right now:
Description
 
Aug 20, 2018

പ്രളയ മരണം 207; രക്ഷാദൗത്യം അവസാനഘട്ടം: മുഖ്യമന്ത്രി

image കേരളം ഇതുവരെ കാണാത്ത പ്രളയത്തില്‍ സംസ്ഥാനത്തിന്റെ വിവിധസ്ഥലങ്ങളില്‍ ഇതുവരെ 207 പേര്‍ മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്‌. ഇന്നലെ 13 പേര്‍ മരിച്ചിരുന്നു. 5645 ദുരിതാശ്വാസ ക്യാംപുകളിലായി 7,24, 649 പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്‌. രക്ഷാപ്രവര്‍ത്തനം ഏതാണ്ട്‌ പൂര്‍ത്തിയായെന്നും ഇനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണത്തിനും ചികിത്സയ്‌ക്കും സൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. എല്ലാ ക്യാംപുകളിലും വനിതാ പൊലീസിന്റെ സേവനവും ഉണ്ടാകും. പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാന്‍ ശുചീകരണം കാര്യക്ഷമമാക്കും. പ്രളയത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന്‌ അദാലത്തുകള്‍ നടത്തും. കേരള സിലബസിലെ കുട്ടികള്‍ക്ക്‌ സൗജന്യമായി പാഠപുസ്‌തകങ്ങളും നോട്ടുപുസ്‌തകങ്ങളും യൂണിഫോമും നല്‍കും. ഭക്ഷ്യവസ്‌തുക്കള്‍ക്കു വില കൂട്ടാനുള്ള ശ്രമങ്ങള്‍ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചുവെന്നു പറഞ്ഞ മുഖ്യമന്ത്രി, റോഡുകള്‍ തകര്‍ന്നതുമൂലം 4441 കോടിയുടെ നഷ്ടമുണ്ടായതായി അറിയിച്ചു. 221 പാലങ്ങള്‍ക്ക്‌ കേടുപാടുണ്ടായി. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്‌. രക്ഷാപ്രവര്‍ത്തനം മാതൃകാപരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. രക്ഷാദൗത്യത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ചവരോട്‌ സര്‍ക്കാരിന്‌ ആദരവുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും ചെയ്‌തുവെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടെത്തി സഹായങ്ങള്‍ നല്‍കാമെന്നു ഉറപ്പുനല്‍കിയെന്നും ഗവര്‍ണര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.