Breaking News

Trending right now:
Description
 
Aug 17, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫൊക്കാന ഒരുലക്ഷം ഡോളര്‍ സമാഹരിക്കുന്നു

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുലക്ഷം ഡോളര്‍ (70 ലക്ഷം രൂപ) സമാഹരിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഓഗസ്‌റ്റ്‌ 12നു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഫൊക്കാനയുടെ അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട്‌ സ്വരൂപിക്കാന്‍ തീരുമാനിച്ച വിവരം പ്രസിഡന്റ്‌ മാധവന്‍ ബി.നായര്‍ അറിയിച്ചത്‌. ഗോ ഫണ്ട്‌ ഓണ്‍ലൈന്‍ ഫണ്ട്‌ റൈസിങ്‌ വഴിയായിരിക്കും ധനസമാഹാരം നടത്തുകയെന്ന്‌ സെക്രട്ടറി ടോമി കോക്കാട്‌ അറിയിച്ചു. പ്രളയ ദുരിതം അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഏതു സമയവും വന്‍ ദുരന്തം പ്രതീക്ഷിച്ചുകൊണ്ടാണ്‌ കേരളത്തിലെ നമ്മുടെ സഹോദരന്മാര്‍ ദുരന്തസ്വപ്‌നങ്ങളുമായി കഴിയുന്നതെന്നു മനസിലാക്കി എല്ലാവരും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നു ട്രഷറര്‍ സജിമോന്‍ ആന്റണി അഭ്യര്‍ഥിച്ചു. പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി രൂപീകരിച്ച ഗോ ഫണ്ട്‌ അക്കൗണ്ടില്‍ കയറുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.
https://www.gofundme.com/fokana-kerala-flood-relief-fund?member=600886

നോര്‍ത്ത്‌ അമേരിക്കയിലെ ഇതര സംഘടനകളുമായി സഹകരിച്ചുകൊണ്ട്‌ സമഗ്രമായ ഒരു ധനസമാഹാര പരിപാടിയാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. കേരളസര്‍ക്കാര്‍തലത്തില്‍ വകുപ്പുതല മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഫൊക്കാന നേതൃത്വം നിരന്തരം സമ്പര്‍ക്കംപുലര്‍ത്തിവരുകയാണ്‌. നിലവില്‍ കേരളത്തിലുള്ള ഫൊക്കാന നേതാക്കന്മരോട്‌ സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചുമതലപ്പെടുത്തിയതായി ഫൊക്കാന എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അറിയിച്ചു. ഐആര്‍എസിന്റെ 501 സി ലഭിച്ചിട്ടുള്ള ഫൊക്കാനയുടെ ധനസമാഹാര പദ്ധതി വഴി സംഭാവന നല്‍കുന്നവര്‍ക്ക്‌ ടാക്‌സ്‌ ഇളവ്‌ ലഭിക്കുന്നതാണെന്നു ട്രഷറര്‍ സജിമോന്‍ ആന്റണി അറിയിച്ചു. എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ലൈസി അലക്‌സ്‌, ഫൊക്കാന സീനിയര്‍ നേതാവ്‌ പോള്‍ കറുകപ്പള്ളില്‍, മുന്‍ജനറല്‍ സെക്രട്ടറിയും ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാനുമായ ഫിലിപ്പോസ്‌ ഫിലിപ്പ്‌, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.എസ്‌.ചാക്കോ, വൈസ്‌ പ്രസിഡന്റ്‌ എബ്രഹാം കളത്തില്‍, അസോഷ്യേറ്റ്‌ സെക്രട്ടറി സുജ ജോസ്‌, അഡീഷനല്‍ അസോഷ്യേറ്റ്‌ ട്രഷറര്‍ ഷീല ജോസഫ്‌, നാഷനല്‍ കമ്മിറ്റി അംഗങ്ങളായ അലക്‌സ്‌ ഏബ്രഹാം, ദേവസി പാലാട്ടി, മുന്‍പ്രസിഡന്റ്‌ തമ്പിചാക്കോ, വിമന്‍സ്‌ ഫോറം മുന്‍ പ്രസിഡന്റ്‌ ലീല മാരേട്ട്‌, സീനിയര്‍ നേതാവ്‌ അലക്‌സ്‌ തോമസ്‌, മുന്‍ ട്രഷറര്‍ ഷാജി വര്‍ഗീസ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.