Breaking News

Trending right now:
Description
 
Aug 17, 2018

ഫൊക്കാന പ്രവര്‍ത്തന രൂപരേഖ പ്രഖ്യാപിച്ചു

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ധനസമാഹാരം, കായികമേഖലയെ പരിപോഷിപ്പിക്കല്‍, കേരളത്തിലെയും അമേരിക്കയിലെയും നഴ്‌സുമാരെ ആദരിക്കല്‍, സാങ്കേതിക വികസനപദ്ധതികള്‍ തുടങ്ങിയ ന്യൂതനപദ്ധതികള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ പുറത്തിറക്കി. പ്രവര്‍ത്തകരില്‍ ആരോഗ്യപരമായ അച്ചടക്കം കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ട്‌ 'സൗഹാര്‍ദ്ദവും ഒത്തൊരുമയും' എന്ന മുദ്രാവാക്യത്തോടെയാണ്‌ മാധവന്‍ ബി.നായര്‍ പ്രസിഡന്റും ടോമി കോക്കാട്‌ സെക്രട്ടറിയുമായുള്ള 2018-2020 ഭരണസമിതി തമ്പി ചാക്കോ-ഫിലിപ്പോസ്‌ ഫിലിപ്പ്‌ കമ്മിറ്റിയില്‍ നിന്നു അധികാരം ഏറ്റുവാങ്ങിയത്‌. ഓഗസ്‌റ്റ്‌ 20നു ന്യുജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍വച്ചായിരുന്നു പഴയകമ്മിറ്റി പുതിയ കമ്മിറ്റിക്ക്‌ അധികാരം കൈമാറിയത്‌. ഫൊക്കാനയുടെ ഔദ്യോഗിക യോഗങ്ങളിലും മറ്റും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ട്‌ ആദ്യപടിയായി മാന്യമായ പെരുമാറ്റചട്ടം കൊണ്ടുവരാനും പ്രഥമ കമ്മിറ്റിയോഗം തീരുമാനിച്ചതായി കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ മാധവന്‍ ബി.നായര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ റീജനല്‍ കമ്മിറ്റികള്‍ക്ക്‌ കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട്‌ അതുവഴി സംഘടനകളുടെ വളര്‍ച്ചയ്‌ക്ക്‌ ചടുലമായ വേഗത കൈവരിക്കാനുള്ള വലിയ പദ്ധതികള്‍ക്കാണ്‌ നാഷനല്‍ കമ്മിറ്റി രൂപം നല്‍കിയിട്ടുള്ളത്‌. ഫൊക്കാനയെ ശക്തിപ്പൊടുത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്തിട്ടുള്ള പദ്ധതികള്‍ സംഘടനയുടെ വളര്‍ച്ചകളെ ഒരു ചരിത്ര സംഭവമായി മാറ്റാന്‍ കഴിയുമെന്ന വിശ്വാസമാണുള്ളതെന്നു മാധവന്‍ നായര്‍ പറഞ്ഞു.

ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേജ്‌ ഷോകളിലൂടെ ധനസമാഹാരം നടത്താനും കമ്മിറ്റി തീരുമാനിച്ചു. പ്രമുഖ നടന്‍ ബാലചന്ദ്രമേനോന്‍ നയിക്കുന്ന സ്‌റ്റേജ്‌ ഷോ ആയിരിക്കും ആദ്യഘട്ടമായി നടത്താന്‍ പോകുന്ന പരിപാടി. ഫൊക്കാനയുടെ എട്ടു റീജിയണുകളുടെ സഹകരണത്തോടെയായിരിക്കും ഷോ നടത്തുക. ബാലചന്ദ്രമേനോന്റെ നേതൃത്വത്തിലുള്ള 15ലേറെ താരങ്ങളാണ്‌ പരിപാടികള്‍ക്ക്‌ എത്തുന്നത്‌. ഷോയില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരുശതമാനം അതാതു റീജിയനുകള്‍ക്കു തന്നെ ലഭ്യമാകുന്ന വിധമാണ്‌ ധനസമാഹാര പരിപാടികള്‍ വിഭാവനം ചെയ്യുന്നത്‌. യുവജനങ്ങളെ സംഘടനയിലേക്ക്‌ അടുപ്പിക്കാന്‍ ഫൊക്കാന സ്‌പോര്‍ട്‌ അതോറിറ്റി (എഫ്‌എസ്‌എ) ആരംഭിക്കും. ക്രിക്കറ്റ്‌, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ഒരു പ്രഫഷണല്‍ ക്ലബ്‌ ടൂര്‍ണമെന്റ്‌ മാതൃകയില്‍ നടത്താന്‍ ഉദ്ദേശിച്ചാണ്‌ ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്‌. കേരളത്തിലെയും അമേരിക്കയിലെയും ആതുര സേവനരംഗത്ത്‌ മികച്ച സേവനം കാഴ്‌ചവച്ചിട്ടുള്ള നഴ്‌സുമാരെ ആദരിക്കാനും തീരുമാനിച്ചു. 2019 ജനുവരി 30നു തിരുവനന്തപുരത്ത്‌ നടക്കുന്ന ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനില്‍ കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെയും 2020ല്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഫൊക്കാനയുടെ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ നഴ്‌സുമാരെയും ആദരിക്കും. ഫോക്കാനയുടെ സ്വപ്‌ന പദ്ധതിയായി ആവഷ്‌കരിക്കുന്ന മറ്റൊരു പദ്ധതിയാണ്‌ ഫൊക്കാന എയ്‌ഞ്ചല്‍ കണക്ട്‌ (എഫ്‌എസി). കേരള കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. കേരളത്തിലെ പുതിയ സംരംഭങ്ങള്‍ ശാസ്‌ത്ര-സാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവയില്‍ നേരിട്ട്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഭാഗഭാക്കാക്കാന്‍ കഴിയും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ആരംഭിച്ചതായി പ്രസിഡന്റ്‌ മാധവന്‍ ബി.നായരും, ട്രഷറര്‍ സജിമോന്‍ ആന്റണിയും, എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താനും അറിയിച്ചു.