Breaking News

Trending right now:
Description
 
Aug 15, 2018

നെടുമ്പാശേരി വിമാനത്താവളം അടച്ചു; ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

image മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറി. ഇതോടെ വിമാനത്താവളം നാലുദിവസത്തേക്ക്‌ അടച്ചു. ഇതാദ്യമായിട്ടാണ്‌ ഇത്രയും ദിവസം അടച്ചിടുന്നത്‌. കൊച്ചിയിലേക്കു പോകേണ്ട വിവിധ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോഴിക്കോട്‌, തിരുവനന്തപുരം, ബംഗളൂര്‌, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്‌ വിമാനങ്ങളുടെ മാറ്റം. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ ഗള്‍ഫിലേക്കുള്ള രണ്ട്‌ വിമാനങ്ങള്‍ റദ്ദ്‌ ചെയ്‌തു. കൊച്ചിയില്‍നിന്നു പുറപ്പെടേണ്ട ഹജ്ജ്‌ തീര്‍ഥാടകരുടെ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക്‌ മാറ്റിയെന്നും ഇവിടെനിന്നാകും യാത്ര ആരംഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യത്തിനായി കെഎസ്‌ആര്‍ടിസി തിരുവനന്തപുരം, നെടുമ്പാശേരി എയര്‍പോര്‍ട്ടുകള്‍ ബന്ധപ്പെടുത്തി സ്‌പെഷല്‍ സര്‍വീസുകളും ആരംഭിച്ചു.
സംസ്ഥാനത്ത്‌ 31നു തുടങ്ങാനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റി. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷകളാണ്‌ മാറ്റിയത്‌. നിര്‍ത്താതെ പെയ്യുന്ന പേമാരിയും സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ്‌ പരീക്ഷകള്‍ മാറ്റിയത്‌.