Breaking News

Trending right now:
Description
 
Aug 15, 2018

സംസ്ഥാനത്ത്‌ 14 ജില്ലകളിലും റെഡ്‌ അലര്‍ട്ട്‌; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വ്യാഴാഴ്‌ച അവധി

image അതിശക്തമായ മഴ തകര്‍ത്തുപെയ്യുന്നതിനാല്‍ സംസ്ഥാനത്ത്‌ മുഴുവന്‍ ജില്ലകളിലും അതീവ ജാഗ്രത (റെഡ്‌ അലര്‍ട്ട്‌) പ്രഖ്യാപിച്ചു. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ, നാവിക, കരസേനകളുടെ സഹായം തേടാനും കലക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷല്‍ ഓഫിസര്‍മാരെ നിയോഗിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷി കവിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നു ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ബുധനാഴ്‌ച സംസ്ഥാനത്ത്‌ പലയിടങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 33 ഡാമുകളാണ്‌ സംസ്ഥാനത്ത്‌ ഉടനീളം തുറന്നിരിക്കുന്നത്‌. പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ്‌ കവിഞ്ഞൊഴുകുന്നത്‌. ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പരമാവധി സംഭരണശേഷിയിലെത്തി. 142 അടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌.
കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ പ്രഫഷനല്‍കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയ്‌ക്ക്‌ വെള്ളിയാഴ്‌ചയും അവധിയായിരിക്കും. കണ്ണൂര്‍, കൊച്ചി, കേരള സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു. കൊച്ചി ശാസ്‌ത്ര-സാങ്കേതിക സര്‍വകലാശാല ശനിയാഴ്‌ചവരെയുള്ള സപ്ലിമെന്റി പരീക്ഷകള്‍ മാറ്റിവച്ചു.