Breaking News

Trending right now:
Description
 
Feb 11, 2013

മാര്‍പാപ്പ ബെനഡിക്ട്‌ പതിനാറാമന്‍ സ്ഥാനമൊഴിയുന്നു, ആറു നൂറ്റാണ്ടിനിടയിലെ ആദ്യ സ്ഥാനത്യാഗം

image പ്രായത്തിന്റെ അവശതകള്‍ മൂലം മാര്‍പാപ്പായുടെ ചുമതലകള്‍ മുഴുവനായി നിര്‍വഹിക്കാന്‍ പ്രയാസമായതിനാല്‍ സ്ഥാനമൊഴിയുകയാണെന്ന്‌ പോപ്‌ ബെനഡിക്ട്‌ പതിനാറാമന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ആറുനൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ്‌ ഒരു മാര്‍പാപ്പ സ്ഥാനമൊഴിയുന്നത്‌. 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമനാണ്‌ ഇതിനു മുമ്പ്‌ സ്ഥാനത്യാഗം ചെയ്‌തത്‌.

2005 ഏപ്രിലില്‍ എഴുപത്തെട്ടാം വയസില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട്‌ പതിനാറാന്‍ ഫെബ്രുവരി 28-ന്‌ എട്ടുവര്‍ഷത്തിനുശേഷമാണ്‌ സ്ഥാനമൊഴിയുന്നത്‌. മാര്‍ച്ചിനു മുമ്പായി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കും.

പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായാണ്‌ കര്‍ദ്ദിനാള്‍ ജോസഫ്‌ റാറ്റ്‌സിംഗര്‍ പത്രോസിന്റെ സിംഹാസനത്തിലേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ടത്‌. റോമന്‍ കത്തോലിക്കാ സഭയുടെ ആഗോള തലവനായ മാര്‍പാപ്പയുടെ പ്രഖ്യാപനം ലോകത്തിനുതന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ലോകനേതാക്കള്‍ അടക്കമുള്ളവര്‍ അവിശ്വസനീയമായാണ്‌ സ്ഥാനത്യാഗത്തോട്‌ പ്രതികരിച്ചത്‌.

ഞെട്ടലോടെയാണ്‌ ഈ വാര്‍ത്ത ശ്രവിച്ചതെന്ന്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പറഞ്ഞു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ മതനേതാവാണ്‌ പോപ്‌ ബെനഡിക്ടെന്ന്‌ ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. വത്തിക്കാനുമായുള്ള ബ്രിട്ടന്റെ ബന്ധം അതീവ ഊഷ്‌മളമായിരുന്നുവെന്ന്‌ യുകെ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ പ്രതികരിച്ചു. 

ലോകയാത്രകള്‍ ചെയ്യാനുള്ള ആരോഗ്യം മാര്‍പാപ്പയ്‌ക്കില്ലെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും വിശ്രമം ആവശ്യമായതിനാലാണ്‌ സ്ഥാനമൊഴിയുന്നതെന്നും മാര്‍പാപ്പയുടെ സഹോദരന്‍ പ്രതികരിച്ചു. കുറെ മാസങ്ങളായി ഇതേക്കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നു.

വത്തിക്കാന്‍ മൊണാസ്‌ട്രിയിലായിരിക്കും മാര്‍പാപ്പ വിശ്രമജീവിതം നയിക്കുകയെന്നാണ്‌ സൂചനകള്‍. മിക്കവാറും പേപ്പല്‍ വസതിയായ കാസില്‍ ഗണ്ടോള്‍ഫോയിലായിരിക്കും മാര്‍പാപ്പ തുടര്‍ന്ന്‌ താമസിക്കുക. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ ബെനഡിക്ട്‌ പതിനാറാമന്‍ പങ്കെടുക്കില്ല.