Breaking News

Trending right now:
Description
 
Aug 15, 2018

വീണ്ടും കേരളം പ്രളയഭീതിയില്‍

image ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ കേരളം വീണ്ടും പ്രളയഭീതിയിലായി. കിഴക്കന്‍മലനിരകളില്‍ തകര്‍ത്തുപെയ്യുന്ന മഴയും മലയോര ജില്ലകളില്‍ വ്യാപകമായി ഉണ്ടായ ഉരുള്‍പൊട്ടലും വലിയ നാശനഷ്ടമാണ്‌ ഉണാക്കിയിരിക്കുന്നത്‌. സംസ്ഥാനത്തെ 27 മേജര്‍ ഡാമുകള്‍ തുറന്നു.മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കാമെന്ന സാഹചര്യം വന്നതോടെ ഇടുക്കി പദ്ധതിയുടെ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളും വീണ്ടും തുറന്നു. ഇടമലയാര്‍ ഡാം നിറഞ്ഞതോടെ അവിടെനിന്നുള്ള വെള്ളമൊഴുക്കും വര്‍ധിച്ചു. ശബരിഗിരി പദ്ധതിയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പമ്പാനദിയില്‍ വെള്ളം ഉയര്‍ന്നുതുടങ്ങി. ഇത്‌ കുട്ടനാടിനു ഭീഷണിയായിട്ടുണ്ട്‌. മാട്ടുപ്പെട്ടി ഡാമിലെ രണ്ടുഷട്ടറുകള്‍ തുറന്നതോടെ മൂന്നാറില്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പഴയമൂന്നാര്‍, മൂലക്കട എന്നിവിടങ്ങളിലെ 20 വീടുകള്‍ വെള്ളത്തിലായി. മുപ്പതോളം വ്യാപാരസ്ഥാപനങ്ങളിലും വെള്ളംനിറഞ്ഞു. പഴയമൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തെ തൂക്കുപാലം ഒലിച്ചുപോയി. പാലക്കാടും വെള്ളത്തിലാണ്‌. മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു. വാളയാര്‍ ഡാമിന്റെ ഷട്ടറും തുറന്നു. കല്‌പാത്തി പുഴയോരത്തെ വീടുകളും പാലക്കാട്‌ നഗരത്തിലെ ചില പ്രദേശങ്ങളും വീണ്ടും വെള്ളത്തിലായി. പല വീടുകളുടെയും ഒരുനില വെള്ളത്തിലാണ്‌. ഇടുക്കി ജില്ലയില്‍ പത്തിടത്ത്‌ ഉരുള്‍പൊട്ടി. കോഴിക്കോട്‌ കണ്ണപ്പന്‍കുണ്ടിലും ആനക്കാംപൊയിലും കക്കയും ഡാം സൈറ്റ്‌ റോഡിലും വിലങ്ങാട്‌ മലയിലും ഉരുള്‍പൊട്ടി. മലപ്പുറം ആഢ്യന്‍പാറ, വെറ്റിലക്കൊല്ലി ഭാഗങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടി. തൃശൂര്‍ പെരിങ്ങല്‍കുത്ത്‌ ഡാം ചരിത്രത്തിലാദ്യമായി ആറു ഷട്ടറുകളും മുഴുവനായി തുറന്നു.