Breaking News

Trending right now:
Description
 
Aug 15, 2018

ചെമ്മനം ചാക്കോ അന്തരിച്ചു

image പ്രമുഖ കവിയും എഴുത്തുകാരനുമായ ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസായിരുന്നു പ്രായം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാത്രി 11.25ന്‌ കാക്കനാട്‌ പടമുഗള്‍ പാലച്ചോട്‌ റോഡിലെ ചെമ്മനം വീട്ടിലായിരുന്നു. 53 വര്‍ഷം തിരുവനന്തപുരത്താണ്‌ താമസിച്ചിരുന്നത്‌. കേരളസാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങിയ വിവിധ സാഹിത്യസരണികളിലായി അമ്പതിലേറെ കൃതികള്‍ രചിച്ചു. കുഞ്ചന്‍നമ്പ്യാര്‍ക്കും സഞ്‌ജയനും ശേഷം അക്ഷരഹാസ്യരംഗത്ത്‌ ചെമ്മനംചാക്കോയെപ്പോലെ ശോഭിച്ച മറ്റൊരു കവി മലയാളത്തില്‍ ഇല്ല. സമൂഹത്തിനുനേരെ തിരിച്ചുപിടിച്ച കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ രചനാപ്രപഞ്ചം. ആളില്ലാക്കസേരകള്‍ പോലുള്ള ചെമ്മനത്തിന്റെ കവിതകള്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേര്‍ക്കാഴ്‌ചകളായിരുന്നു. ചെമ്മനത്തിന്റെ ആദ്യകവിതയാണ്‌ പ്രവചനം. 1947ല്‍ വിളംബരം എന്ന കവിതാസമാഹാരം സ്വന്തമായി പിണംചിലവഴിച്ച്‌ അച്ചടിച്ച്‌ പുറത്തിറക്കി. ഈ കവിത ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. വിവിധ കോളജുകളിലും സ്‌കൂളിലും അധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ചെമ്മനത്തിന്റെ സംസ്‌കാരം ശനിയാഴ്‌ച വൈകുന്നേരം നാലിന്‌ മുളക്കുളം മണ്ണുക്കുന്നേല്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍. കോലഞ്ചേരി എളൂര്‍ കുടുംബാംഗം ബേബിയാണ്‌ ഭാര്യ. മക്കള്‍: ഡോ.ജയ, ഡോ.ശോഭ. മരുമക്കള്‍: ഡോ.ചെറിയാന്‍ വര്‍ഗീസ്‌ (യുകെ), ഡോ.ജോര്‍ജ്‌ പോള്‍ (കൊച്ചി).