Breaking News

Trending right now:
Description
 
Aug 13, 2018

മൂന്നുദിവസംകൂടി ശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പ്‌

image ഒഡീഷ തീരത്ത്‌ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത്‌ മൂന്നുദിവസംകൂടി കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്‌. ഇതോടെ കേരളം വീണ്ടും അതീവ ജാഗ്രതയില്‍. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം വര്‍ധിക്കുന്നതോടെ ഇന്നും നാളെയും 15നും മഴ തകര്‍ത്തുപെയ്യുമെന്നാണ്‌ കരുതുന്നത്‌. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റു വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്‌. ഉരുള്‍പൊട്ടാനും ജലാശയങ്ങളില്‍ വെള്ളം ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടുക്കി, വയനാട്‌, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. പമ്പാനദിയിലെ നീരൊഴുക്കിന്റെ തീവ്രത കുറഞ്ഞെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണ്‌. താഴ്‌ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ്‌ ഉയരുകയാണ്‌. നീരൊഴുക്ക്‌ വര്‍ധിച്ചതോടെ ഇടമലയാറ്റില്‍ നാലു ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തി. ഇടുക്കിയില്‍ ജലനിരപ്പ്‌ താഴ്‌ന്നുതുടങ്ങിയിട്ടുണ്ട്‌. പമ്പാ ഡാമിന്റെ ആറ്‌ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. കക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരടി തുറന്നിരുന്നത്‌ അരയടിയായി കുറച്ചു. മൂഴിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നനിലയിലാണ്‌. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത്‌ രാത്രികളില്‍ മലയോര മേഖലയിലേക്കുള്ള യാത്ര വിലക്കിയിട്ടുണ്ട്‌.