Breaking News

Trending right now:
Description
 
Aug 13, 2018

പ്രളയദുരന്തം: കേന്ദ്രം 100കോടി അനുവദിച്ചു

image അപ്രതീക്ഷിത പ്രളയം കേരളത്തെ ബാധിച്ചത്‌ നേരില്‍കാണുകയും ബോധ്യപ്പെടുകയും ചെയ്‌ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ അടിയന്തരസഹായമായി 100 കോടി രൂപ അനുവദിച്ചു. നേരത്തെ അനുവദിച്ച 160.5 കോടി രൂപയ്‌ക്ക്‌ പുറമേയാണിത്‌. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിനുണ്ടായ നഷ്ടം വളരെ വലുതാണെന്നു വിലയിരുത്തുകയും ചെയ്‌തു. 1924നുശേഷം സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ട്‌ കേന്ദ്രത്തിനു നിവേദനം നല്‍കുകയും ചെയ്‌തു. 8316 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നു കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി അടിയന്തരസഹായമായി 1220 കോടി രൂപ ദുരന്തനിവാരണ ഫണ്ടില്‍നിന്ന്‌ അനുവദിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍, കേന്ദ്രസംഘത്തെ വീണ്ടും അയയ്‌ക്കുമെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്നും രാജ്‌നാഥ്‌ സിങ്‌ ഉറപ്പുനല്‍കി. കേരളത്തിനുണ്ടായ നഷ്ടം വളരെ വലുതാണെന്നു ബോധ്യപ്പെട്ടു. റോഡ്‌, വൈദ്യുതിവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു. വിനോദസഞ്ചാര മേഖലയ്‌ക്ക്‌ വലിയ നഷ്ടം സംഭവിച്ചു. ഒരുലക്ഷത്തോളം പേര്‍ മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നു. നെല്‍വയലുകളും വാഴത്തോട്ടങ്ങളുമടക്കം വിവിധകൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതായി കാണാന്‍ കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.