Breaking News

Trending right now:
Description
 
Aug 13, 2018

ലോക്‌സഭാ മുന്‍ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി അന്തരിച്ചു

image ലോക്‌സഭാ മുന്‍ സ്‌പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ്‌ ചാറ്റര്‍ജി അന്തരിച്ചു. കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞദിവസമാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇന്നലെ ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില മോശമായി. നേരത്തെ മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെതുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സ തേടുകയും 40 ദിവസം നിരീക്ഷണത്തിലുമായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ സോമനാഥ്‌ ചാറ്റര്‍ജിയെ വീട്ടിലേക്ക്‌ മാറ്റുകയും ചെയ്‌തു. ചൊവ്വാഴ്‌ച സ്ഥിതി വീണ്ടും വഷളായി. ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. 2004 മുതല്‍ 2009വരെ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ലോക്‌സഭാ സ്‌പീക്കറായിരുന്നു. 1968ലായിരുന്നു രാഷ്ട്രീയ പ്രവേശനം. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. പത്ത്‌ തവണ ലോക്‌സഭാ എംപിയായി. 1968 മുതല്‍ സിപിഎം അംഗമായിരുന്ന സോമനാഥ്‌ ചാറ്റര്‍ജിയെ 2008-ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഇന്ത്യ-യുഎസ്‌ ആണവ കരാറിനെ ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ സ്‌പീക്കര്‍ സ്ഥാനം ഒഴിയാന്‍ സോമനാഥ്‌ ചാറ്റര്‍ജി വിസമ്മതിച്ചതോടെ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. രേണുക ചാറ്റര്‍ജിയാണ്‌ ഭാര്യ. പ്രതാപ്‌ ചാറ്റര്‍ജി, അനുരാധ, അനുഷില എന്നിവരാണ്‌ മക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ്‌ കോവിന്ദും അനുശോചിച്ചു.