Breaking News

Trending right now:
Description
 
Aug 12, 2018

മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 4 ലക്ഷം; വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക്‌ 10 ലക്ഷം

image മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക്‌ 10 ലക്ഷം രൂപവീതവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ നാലു ലക്ഷം രൂപവീതവും നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക്‌ ആറുലക്ഷം രൂപയും വീട്‌ പൂര്‍ണമായും തകര്‍ന്നവര്‍ക്ക്‌ നാലു ലക്ഷം രൂപയുമാണ്‌ നല്‍കുക. പ്രളയമേഖലകള്‍ സന്ദര്‍ശിച്ചശേഷം കല്‍പറ്റ കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക്‌ 3800 രൂപ വീതം നല്‍കും. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കും. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക്‌ എല്ലാ സഹായവും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. വയനാട്ടിലെ പ്രധാന റോഡുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. മണ്ണിടിച്ചിലില്‍ തകര്‍ന്ന വൈത്തിരി പൊലീസ്‌ സ്റ്റേഷന്‍ ഉടന്‍ പൂര്‍വസ്ഥിതിയിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതേസമയം, മഴക്കെടുതിയില്‍ ഇതുവരെ 33 പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 60,622 പേര്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്‌. സംസ്ഥാനത്തെ എട്ടുജില്ലകളില്‍ ജാഗ്രതാനിര്‍ദേശം തുടരുന്നു.