Breaking News

Trending right now:
Description
 
Feb 11, 2013

ഇനിയില്ല ഈ വിനയചന്ദ്രിക

മേരി ലില്ലി
image വിനയചന്ദ്രന്‍ മാഷ്‌ എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു കവി മാത്രമായിരുന്നില്ല. എന്റെ കവിതാ സമാഹരമായ 'ഏഴാമത്തെ ഋതു'വിന്റെ അവതാരിക എഴുതിയത്‌ വിനയചന്ദ്രന്‍ മാഷായിരുന്നു.

ഏഴാമത്തെ ഋതു എന്ന കവിതാ സമാഹാരത്തില്‍ മാത്രമല്ല ആ പേരിലുള്ള കവിതയിലൂടെയും അറിഞ്ഞോ അറിയാതെയോ മാഷിനോട്‌ എനിക്ക്‌ ചെറിയൊരു കടപ്പാട്‌ ഉണ്ട്‌. കവിതാ സമാഹാരം ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സുഹൃത്ത്‌ ജോര്‍ഡി ജോര്‍ജാണ്‌ മാഷിന്റെ പേരു നിര്‍ദ്ദേശിച്ചത്‌. അവതാരിക എഴുതാനായി മാഷിന്റെ പക്കല്‍ കവിതകള്‍ എത്തിക്കുന്ന കാര്യവും ജോര്‍ഡി ഏറ്റെടുത്തു. അങ്ങനെ ഞാന്‍ ജോര്‍ഡിക്ക്‌ കവിതകള്‍ അയച്ചു കൊടുത്തു. ആ സമയത്ത്‌ കവിതാ സമാഹാരത്തിന്‌ പേരിട്ടിരുന്നില്ല. പ്രസിദ്ധീകരിച്ച കുറെ കവിതകള്‍ അയച്ചുകൊടുത്തുവെന്ന്‌ മാത്രം. ഏഴാമത്തെ ഋതു എന്ന കവിത ഞാന്‍ അക്കാലത്ത്‌ എഴുതിയിരുന്നുവെങ്കിലും പ്രസിദ്ധീകരിക്കാന്‍ വേണ്ടി എവിടെയും അയച്ചിരുന്നില്ല. ജോര്‍ഡിക്ക്‌ കവിതകള്‍ അയച്ചുകൊടുത്തതിനുശേഷം ഞാന്‍ ആദ്യം ചെയ്‌തത്‌ ആ കവിത മാധ്യമം ആഴ്‌ചപ്പതിപ്പിലേയ്‌ക്ക്‌ അയയ്‌ക്കുകയായിരുന്നു. അക്കാലത്ത്‌ മൊയ്‌തു വാണിന്മേല്‍ ആണ്‌ മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ എഡിറ്റര്‍. ഏറെ വൈകാതെ ഏഴാമത്തെ ഋതു മാധ്യമത്തില്‍ അച്ചടിച്ചുവന്നു.
അത്‌ ആ വര്‍ഷത്തിന്റെ അവസാന മാസങ്ങള്‍ ഏതോ ആയിരുന്നു, നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍.

ജനുവരിയില്‍ മാതൃഭൂമി ബുക്‌സ്‌ തലേവര്‍ഷത്തെ മികച്ച 40 കവിതകള്‍ തെരഞ്ഞെടുത്ത്‌ കവിതാ സമാഹാരം ഇറക്കാന്‍ തീരുമാനിച്ചു. ആ സമയത്ത്‌ ജോലിത്തിരക്കു കാരണം ജോര്‍ഡിക്ക്‌ കവിതകള്‍ മാഷിനു കൈമാറാന്‍ കഴിഞ്ഞില്ല. അവതാരിക എഴുതി തരുമോ എന്നും ചോദിക്കാന്‍ കഴിഞ്ഞില്ല.

മാഷ്‌ മാതൃഭൂമി ബുക്‌സിനു വേണ്ടി തെരഞ്ഞെടുത്ത മികച്ച കവിതകളില്‍ ഒന്ന്‌ എന്റെ ഏഴാമത്തെ ഋതു എന്ന കവിതയായിരുന്നു. അധികം വൈകാതെ മാഷ്‌ എനിക്ക്‌ അവതാരിക എഴുതിത്തന്നു. വളരെ മനോഹരമായ ഒരു അവതാരിക ആയിരുന്നത്‌. മലയാളവും ആംഗലേയവും ഇടകലര്‍ത്തി എഴുതിയ ഒന്ന്‌.

അത്‌ കിട്ടിയ ശേഷം ഞാന്‍ മാഷിനെ വിളിച്ചു നന്ദി പറഞ്ഞു. പുസ്‌തകപ്രകാശനം ചെയ്യുമ്പോള്‍ ചടങ്ങില്‍ പേരു വയ്‌ക്കട്ടെ എന്നു ചോദിച്ചു. തിരക്കില്ലെങ്കില്‍ തീര്‍ച്ചയായും വരാമെന്ന്‌ പറഞ്ഞു. പക്ഷേ പ്രകാശനം നടക്കുന്ന വേളയില്‍ പരീക്ഷാക്കാലം ആയിരുന്നു. ഞാന്‍ ക്ഷണിച്ചപ്പോള്‍ മാഷ്‌ പറഞ്ഞു, "എല്ലാ അനുഗ്രഹവും ഉണ്ടാകും. പ്രകാശനം കഴിയുമ്പോള്‍ എനിക്കൊരു പുസ്‌തകം അയച്ചു തന്നാല്‍ മതി."

മാഷിന്റെ പേര്‌ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയായിരുന്നു പെരുമാറ്റവും. സ്‌നേഹവും വിനയവും തുളുമ്പുന്ന പ്രകൃതം.