Breaking News

Trending right now:
Description
 
Aug 12, 2018

നാസായുടെ പാര്‍ക്കര്‍ ഇന്നു പുറപ്പെടും

image സൂര്യനെക്കുറിച്ച്‌ പഠിക്കാനായി നാസ ഇന്നലെ അയയ്‌ക്കാനിരുന്ന പാര്‍ക്കര്‍ സോളര്‍ പ്രോബിന്റെ വിക്ഷേപണം സാങ്കേതിക കാരണങ്ങള്‍ 24 മണിക്കൂര്‍ വൈകിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ കേപ്‌കാനവറല്‍ എയര്‍ഫോഴ്‌സ്‌ സ്‌റ്റേഷനില്‍നിന്ന്‌ പാര്‍ക്കറിന്റെ വിക്ഷേപണം നടക്കും. ഇന്നലെ പുലര്‍ച്ചെ (അമേരിക്കന്‍സമയം) വിക്ഷേപിക്കുന്ന രീതിയില്‍ ദൗത്യം സജ്ജമാക്കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം ഇന്നത്തേക്ക്‌ മാറ്റി. സൂര്യനോട്‌ ഏറ്റവും അടുത്തെത്തി പഠനം നടത്തുന്ന പേടകമായിരിക്കുമിത്‌. പാര്‍ക്കര്‍ സോളര്‍ പ്രോബ്‌ ഏഴുവര്‍ഷമെടുത്താണ്‌ ദൗത്യം പൂര്‍ത്തികരിക്കുക. സൂര്യനോട്‌ 61 ലക്ഷം കിലോമീറ്റര്‍ അടുത്തുനിന്നാവും പാര്‍ക്കറിന്റെ നിരീക്ഷണം. ആയിരത്തിനുമുകളില്‍ ഡിഗ്രി സെല്‍ഷ്യസ്‌ ചൂട്‌ പ്രതിരോധിക്കാന്‍ തക്കവിധമാണ്‌ തയാറാക്കിയിരിക്കുന്നത്‌. സൗരവാതകങ്ങളെക്കുറിച്ചും സൗരോര്‍ജ കണികകളെക്കുറിച്ചുമുള്ള പഠനങ്ങളാണ്‌ പ്രധാനമായും ലക്ഷ്യമിടുക. കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ പ്രഭാവലയവും കടന്ന്‌ പഠനം നടത്തുന്നതിനുള്ള ശേഷി പാര്‍ക്കറിനുണ്ട്‌. പാര്‍ക്കര്‍ വികസിപ്പിച്ചെടുക്കാന്‍ 20 വര്‍ഷത്തോളം ഗവേഷണം വേണ്ടിവന്നു. നാസയുടെ ഏറ്റവും പ്രാധാന്യമേറിയ ദൗത്യങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന പാര്‍ക്കറിന്റെ കാര്യത്തില്‍ അതീവ ജാഗ്രതയാണ്‌ ഏജന്‍സി പുലര്‍ത്തുന്നത്‌.