Breaking News

Trending right now:
Description
 
Aug 11, 2018

ഇടുക്കി: അഞ്ച്‌ ഷട്ടറുകളും തുറന്നു; 3000 കോടിയുടെ നാശം

image ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും തുറന്നു. ഇന്നലെ വൈകിട്ട്‌ ആറിനു 2401.70 അടി വരെയെത്തിയ ജലനിരപ്പ്‌ രാത്രി പതിനൊന്നിന്‌ 2401.56 അടിയായി കുറഞ്ഞു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ചെറിയതോതില്‍ കുറഞ്ഞതും നീരൊഴുക്കിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ട്‌ എന്നതുമാണ്‌ ആശ്വാസം. 2400 അടിയിലെത്താതെ ഷട്ടറുകള്‍ താഴ്‌ത്തുകയില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌. അതേസമയം, എറണാകുളം ജില്ലയില്‍ പെരിയാറിലെ ജലനിരപ്പ്‌ രാത്രിയോടെ ഉയര്‍ന്നു. ജില്ലയില്‍ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. 2809 കുടുംബങ്ങളില്‍നിന്നായി 9597 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധസ്ഥലങ്ങളിലായി 112 ക്യാംപുകള്‍ തുറന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും 3000 കോടിയുടെ നഷ്ടമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇടുക്കി ജില്ലയിലെ 263 കിലോമീറ്റര്‍ ഉള്‍പ്പെടെ 500 കിലോമീറ്റര്‍ റോഡ്‌ തകര്‍ന്നു. 15 പാലങ്ങളും അപകടാവസ്ഥയിലായി. സംസ്ഥാനത്ത്‌ 72 വീടുകള്‍ക്കാണ്‌ മഴയില്‍ കേടുപാടുകള്‍ പറ്റിയത്‌. 29 വീടുകള്‍ പൂര്‍ണമായും നശിച്ചു. 53501 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്‌. സൈന്യവും ദുരന്ത പ്രതികരണസേനയും രക്ഷാപ്രവര്‍ത്തിനുണ്ട്‌. ആനത്തോടിനു പിന്നാലെ ശബരിഗിരി പമ്പ, മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നു. കൊല്ലം തെന്മല പരപ്പാര്‍ അണക്കെട്ടില്‍ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. കനത്തമഴ 15വരെയെങ്കിലും തുടരുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്‌.