Breaking News

Trending right now:
Description
 
Aug 10, 2018

തമിഴ്‌നാട്ടില്‍ വാഹനാപകടം: നാലുമലയാളികള്‍ മരിച്ചു

image തമിഴ്‌നാട്ടിലെ ഈറോഡിലുണ്ടായ വാഹനാപകടത്തില്‍ സുവിശേഷപ്രസംഗകയും മകനുമടക്കം നാലു മലയാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക്‌ പരുക്കേറ്റു. അപ്പോസ്‌തോലിക്‌ അസംബ്ലി സഭയിലെ സുവിശേഷ പ്രസംഗകയും സഭാ സീനിയര്‍ പാസ്റ്റര്‍ പന്തളം പകലോമറ്റം ഇടത്തറ മാവേലിത്തുണ്ടില്‍ ജിജോ ഏബ്രഹാമിന്റെ ഭാര്യയുമായ അഞ്‌ജലി പോള്‍ (37), മകന്‍ ആഷേര്‍ (10), അരുവിത്തുറ സെന്റ്‌ ജോര്‍ജ്‌ കോളജ്‌ ഇക്കണോമിക്‌സ്‌ വിഭാഗം മുന്‍ മേധാവി ഭരണങ്ങാനം വലിയപറമ്പില്‍ വി.ജെ.ജോര്‍ജ്‌ (61), ബസ്‌ ക്ലീനര്‍ പത്തനംതിട്ട തേക്കുതോട്‌ പൂച്ചക്കുളം പാലനില്‍ക്കുന്നതില്‍ സിദ്ധാര്‍ഥ്‌ (28) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ്‌ അപകടം. ബെംഗളൂരുവില്‍നിന്നു അടൂരിലേക്കു വരികയായിരുന്ന സ്വകാര്യ വോള്‍വോ ബസ്‌ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജിജോയ്‌ക്കും പരുക്കുണ്ട്‌. പരുക്കേറ്റവര്‍ സേലത്തെ ആശുപത്രിയില്‍ ചികിത്സതേടി. ജിജോയും കുടുംബവും ബെംഗളൂരില്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്‌ചയാണ്‌ പന്തളത്തുനിന്നു പോയത്‌. തിരികെ മടങ്ങുംമ്പോഴാണ്‌ ദുരന്തം ഉണ്ടായത്‌. ബെംഗളൂരിലുള്ള മകളെ സന്ദര്‍ശിച്ചു നാട്ടിലേക്കുവരുകയായിരുന്നു വി.ജെ.ജോര്‍ജ്‌. കാറ്റാടിക്കഴ കയറ്റിയ ലോറിക്കു പിന്നിലാണ്‌ ബസ്‌ നിയന്ത്രണംവിട്ട്‌ ഇടിച്ചത്‌. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.