
കനത്തമഴയില്‍
സംസ്ഥാനത്തുടനീളം വന്‍നാശം. 23 പേരുടെ ജീവനാണ് പ്രളയദുരന്തത്തില്‍ പൊലിഞ്ഞത്.
അടിമാലിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെ 11 മരണം റിപ്പോര്‍ട്ടു ചെയ്തു.
മലപ്പുറം (അഞ്ചുപേര്‍), വയനാട് (മൂന്ന്), എറണാകുളം (രണ്ട്), പാലക്കാട്,
കോഴിക്കോട് (ഒരാള്‍വീതം) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ മരണനിരക്ക്. നിരവധിപേരെ
കാണാതായതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്,
ഇടുക്കി ജില്ലകളിലെ പലയിടത്തും ഉരുള്‍പൊട്ടി. മലമ്പുഴ അണക്കെട്ടിന്റെ
വൃഷ്ടിപ്രദേശങ്ങളില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. പലയിടങ്ങളിലും
മണ്ണിടിച്ചിലുണ്ടായി. ഇടുക്കിയിലെ ചെറുതോണി ഉള്‍പ്പെടെ സംസ്ഥാനത്തെ 24
അണക്കെട്ടുകള്‍ തുറന്നു. പാലക്കാട് നഗരത്തിലുണ്ടായ പ്രളയത്തില്‍
നിരവധികെട്ടിടങ്ങള്‍ വെള്ളത്തിലായി. വീടുകള്‍തകര്‍ന്നു, റോഡുകള്തകര്ന്നു.
കൃഷികള്‍ പൂര്‍ണമായി നശിച്ചു. പലര്‍ക്കും ജീവന്‍മാത്രമാണ് മിച്ചംകിട്ടിയത്.
അടിമാലി എട്ടുമുറിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രാജശേഖരന്റെ വീടും മുരിക്കാശേരി
രാജപുരത്തെ ഉരുള്‍പൊട്ടലില്‍ കരികുളത്തില്‍ മീനാക്ഷിയുടെ വീടും ഒലിച്ചുപോയി.
ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി
വിജയനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി
കേരളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ധനസഹായം നല്‍കും. തമിഴ്നാട്
മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയാണ് സഹായം നല്‍കുമെന്നകാര്യം സംസ്ഥാനത്തെ
അറിയിച്ചത്. കേരളം ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ സഹായം നല്കുമെന്നു പറഞ്ഞ
അദ്ദേഹം മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.