Breaking News

Trending right now:
Description
 
Aug 10, 2018

ഇടുക്കിയില്‍ റെഡ്‌ അലര്‍ട്ട്‌; ചെറുതോണി ഡാമിലെ രണ്ടുഷട്ടറുകള്‍കൂടി തുറന്നു

image അതിശക്തമായ മഴയില്‍ നീരൊഴുക്ക്‌ വര്‍ധിച്ചതോടെ ഇടുക്കി അണക്കെട്ടില്‍നിന്നു കൂടുതല്‍ ജലം പുറത്തേക്ക്‌ ഒഴുകുന്നു. ചെറുതോണി ഡാമിലെ രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകള്‍കൂടി ഇന്നുരാവിലെ തുറന്നു. ഇന്നലെ തുറന്നതുള്‍പ്പെടെ (നടുവിലെ മൂന്നാമത്തെ ഷട്ടര്‍) മൂന്നു ഷട്ടറുകള്‍ തുറന്നതോടെ ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ അളവുകൂടി. മൂന്ന്‌ ഷട്ടറുകളും 40 സെന്റിമീറ്റര്‍ വീതമാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. സെക്കന്‍ഡില്‍ ഒരുലക്ഷത്തി മുപ്പതിനായിരം ലീറ്റര്‍ വെള്ളമാണ്‌ പുറത്തേക്ക്‌ ഒഴുകിയെത്തുന്നത്‌. ഇന്നലെയിത്‌ 50,000 ലീറ്റര്‍മാത്രമായിരുന്നു. നീണ്ട 26 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നത്‌. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിഡാമിലെ ജലനിരപ്പ്‌ ഉയരുകയാണ്‌. ജലനിരപ്പ്‌ 2,400.9 അടിയായി ഉയര്‍ന്നു. പരമാവധി വെള്ളം ഒഴുകിപ്പോകുന്നതുവരെ ഷട്ടറുകള്‍ തുറന്നുവയ്‌ക്കേണ്ടിവരുമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്കു വര്‍ധിച്ചതും കണക്കിലെടുത്ത്‌ ഇടുക്കിയില്‍ കെഎസിഇബി അതീവ ജാഗ്രത (റെഡ്‌ അലര്‍ട്ട്‌) പുറപ്പെടുവിച്ചു. ജലനിരപ്പ്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ അടുത്ത രണ്ടു ഷട്ടറുകള്‍കൂടി തുറക്കേണ്ടിവന്നേക്കാം. കൂടുതല്‍ ജലം പുറത്തേക്ക്‌ വിട്ടതോടെ പെരിയാര്‍ കരകവിഞ്ഞൊഴുകിത്തുടങ്ങി. ചെറുതോണിയെ വിവിധഭാഗങ്ങള്‍ വെള്ളത്തിലായി. ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്‌. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചു.